
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ടീം ബോംണ്ടിംഗ് ഇവന്റിന്റെ ഭാഗമായി അടുത്തിടെ ഒരു പരിപാടി നടത്തിയിരിന്നു. പരിപാടിക്കിടയില്‍ വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും ഒരു 'പിക്കിള്‍ ബോള്‍' കോര്‍ട്ടില്‍ ഏറ്റുമുട്ടിയിരുന്നു. അടുത്ത റൗണ്ടിലേക്കുളള മത്സരത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി എല്ലാ കളിക്കാരും അവരുടെ കുടുംബാംഗങ്ങളും അല്‍പ്പസമയം വിനോദത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു വിരാടും അനുഷ്കയും അവരുടെ പ്രിയപ്പെട്ട ഗെയിമായ പിക്കിള്‍ ബോള്‍ തിരഞ്ഞെടുത്തത്. വെറുമൊരു ഗെയിം എന്നതിലപ്പുറം ഫിറ്റ്നെസ് നിലനിര്‍ത്താനും ആരോഗ്യസംബന്ധമായി ഒട്ടേറെ പ്രയോജനം നല്‍കാനും കഴിയുന്ന ഒരു ഗെയിം കൂടിയാണിത്.
എന്താണ് പിക്കിള്‍ ബോള്‍, അതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണ്
ഒരുകാലത്ത് വിരമിച്ചവരുടെ കായിക വിനോദമായിരുന്നു പിക്കിള്‍ ബോള്‍. ടെന്നീസ് , ബാഡ്മിന്റന്‍, പിംഗ്-പോങ് എന്നിവയുടെ സംയോജനമാണ് പിക്കിള്‍ ബോള്‍.
ഒരു ചെറിയ കോര്‍ട്ടില്‍ വല കെട്ടി വലിപ്പംകുറഞ്ഞ പ്ലാസ്റ്റിക് ബോള്‍ ഉപയോഗിച്ച് വലയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് കളിക്കാം. ടെന്നീസോ ബാഡ്മിന്റനോ പോലെയാണെങ്കിലും ഇത് മികച്ച വ്യായാമമാണ്. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെ സ്പോര്‍ട്ട്സ് സയന്‍സ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ മേധാവി വൈഭവ് ദാഗ ഈ ഗെയിമിനെക്കുറിച്ചും അത് നല്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചും പറയുന്നത് ഇങ്ങനെയാണ്.
ഇതൊരു എയറോബിക് വ്യായാമമാണ്. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്ത സമ്മര്‍ദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാനും സാധിക്കുന്നു. പേശികളെ ശക്തമാക്കുന്നു. മണിക്കൂറില്‍ 300-400 കലോറിവരെ കത്തിച്ച് കളയാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു ഗെയിം ആണിത്. ഇത് ശരീര ഭാരം കുറയ്ക്കാന്‍ സാഹായിക്കുകയും ഫിറ്റ്നെസ് നിലനിര്‍ത്തുകയും ചെയ്യുന്നു. പതിവായി ഈ ഗെയിമില്‍ ഏര്പ്പെടുന്നതുകൊണ്ടുളള ഗുണം പ്രായവുമായി ബന്ധപ്പെട്ട അസ്ഥികളുടെ തേയ്മാനം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു എന്നതാണ്. മാത്രമല്ല പതിവായി ശരീരത്തിന് വ്യായാമം ലഭിക്കുന്നതുകൊണ്ട് മാനസിക ഉണര്‍വ്വും ലഭിക്കും.
ആയാസവും പരിക്കും ഒഴിവാക്കാന്‍ തുടക്കക്കാര്‍ ചില മുന്‍കരുതല്‍ എടുക്കേണ്ടതാണ്. സന്ധികള്‍ക്കും പേശികള്‍ക്കും അയവ് വരുത്താന്‍ എപ്പോഴും ചെറിയ രീതിയിലുള്ള വാം അപ്പും സ്ട്രെച്ചിംഗും ചെയ്യാം. സപ്പോര്‍ട്ടീവ് കോര്‍ട്ട് ഷൂസ് ധരിക്കുന്നത് കണങ്കാലിന് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കും. സാവധാനം കളിച്ചു തുടങ്ങുക. ക്രമേണ സ്റ്റാമിനയും ടെക്നിക്കുകളും വളര്‍ത്തുക. തുടക്കത്തില്‍ത്തന്നെ അമിതമായി കളിക്കരുത്.അത് ക്ഷീണത്തിന് കാരണമാകും. ശരീരത്തില്‍ നന്നായി ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ക്ഷീണവും പേശി വേദനയും ഒഴിവാക്കാന്‍ കളിയില്‍നിന്ന് പതിവായി ഇടവേളകള്‍ എടുക്കുക.
സന്ധിപ്രശ്നങ്ങളോ ഹൃദയ സംബന്ധമോ ആയ പ്രശ്നങ്ങള്‍ ഉളളവര്‍ക്കും പിക്കിള്‍ ബോള്‍ കളിക്കാന്‍ സാധിക്കും എന്നാണ് വൈഭവ് ദാഹ പറയുന്നത്. അതിന് മുന്നോടിയായി ഒരു കാര്‍ഡിയോളജിസ്റ്റിന്റെ സ്ട്രെസ് ടെസ്റ്റ് അല്ലെങ്കില്‍ ക്ലിയറന്‍സ് ടെസ്റ്റ് നല്ലതാണ്.
(ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ എപ്പോഴും ഒരു ആരോഗ്യവിദഗ്ധന്റെയോ ഫിറ്റ്നെസ് ട്രെയിനറുടെയോ നിര്‍ദ്ദേശ പ്രകാരം മാത്രം വ്യായമവും ഭക്ഷണക്രമീകരണവും ചെയ്യേണ്ടതാണ്)
Content Highlights :Learn about the health benefits of playing pickle ball regularly