

കുട്ടികളിലും സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വലുതാണ്. പണത്തിന്റെ മൂല്യത്തെക്കുറിച്ചും അത് ലഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും കുട്ടികളും അറിഞ്ഞിരിക്കണം. ചെറിയ പ്രായത്തില്‍ ചില്ലറ പൈസകള്‍ ശേഖരിക്കാന്‍ പഠിപ്പിക്കുന്നതുപോലെ മുതിരുമ്പോഴും സമ്പാദ്യ ശീലം വീണ്ടും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതിനായി അവര്‍ക്ക് ബാങ് അക്കൗണ്ട് തുടങ്ങി കൊടുക്കാം. ഒരു കുട്ടിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള പ്രായം പത്ത് വയസാണ്.
റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം അനുസരിച്ച് പത്ത് വയസുവരെയുള്ള കുട്ടികളുടെ അക്കൗണ്ടുകള്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ക്ക് കൈകാര്യം ചെയ്യാം. ഇത്തരം എല്ലാ അക്കൗണ്ടുകളിലും കുട്ടിയുടെ അമ്മയ്ക്ക് രക്ഷാകര്‍ത്താവാകാം. അമ്മയുടെ ഉത്തരവാദിത്തം കുട്ടിക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിക്കൊടുക്കാനും അതില്‍ ഇടപാടുകള്‍ നടത്താനുമാണ്. കുട്ടിയുടെ പിതാവിനും മറ്റ് നിയമാനുസൃതമായ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങാനും ഇടപാടുകള്‍ നടത്താനും സാധിക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, കാലാവധി നിക്ഷേപങ്ങള്‍ എന്നിവയൊക്കെ കുട്ടികളുടെ പേരില്‍ ആരംഭിക്കാവുന്നതാണ്.

പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം നിലയ്ക്ക് അക്കൗണ്ട് തുടങ്ങാനും ഇടപാടുകള്‍ നടത്താനും കഴിയും. പക്ഷേ കുട്ടിയുടെ പ്രായത്തിനും ബാങ്കിന്റെ നയങ്ങള്‍ക്കും അനുസരിച്ച് ഇങ്ങനെ തുടങ്ങുന്ന അക്കൗണ്ടുകളില്‍ എന്തെല്ലാം ഇടപാടുകള്‍ നടത്താമെന്നും എത്ര തുകവരെ നിക്ഷേപിക്കാമെന്നും ഒക്കെ ബാങ്കിന് തീരുമാനമെടുക്കാം. എടിഎം കാര്‍ഡ്, നെറ്റ് ബാങ്കിംങ്, ഡിജിറ്റല്‍ ബാങ്കിംങ് തുടങ്ങിയവയും കുട്ടികള്‍ക്ക് ഉപയോഗിക്കാം. ചെക്ക് ബുക്ക് വേണമെങ്കില്‍ അതും ലഭിക്കും. കുട്ടികളുടെ അക്കൗണ്ടുകളുടെ കാര്യത്തിലും KYC നിബന്ധനകള്‍ ബാധകമാണ്.

കുട്ടിക്ക് പ്രായപൂര്‍ത്തി ആയാല്‍ ബാങ്കിന്റെ രേഖകളില്‍ അവരുടെ തിരിച്ചറിയല്‍ രേഖകളും ഒപ്പും പുതുക്കി നല്‍കേണ്ടതുണ്ട്. രക്ഷകര്‍ത്താക്കള്‍ ഇടപാട് നടത്തിയിരുന്ന അക്കൗണ്ട് ആണെങ്കില്‍ പ്രായപൂര്‍ത്തി ആയ ദിവസത്തെ അക്കൗണ്ടിലുണ്ടായിരുന്ന തുക ഇത്രയാണെന്ന് സമ്മതിച്ച് കുട്ടി ഒപ്പിട്ട് നല്‍കണം. മറ്റൊരു പ്രധാന കാര്യം കുട്ടികളുടെ അക്കൗണ്ടില്‍ വായ്പ നല്‍കാന്‍ പാടില്ല എന്നതാണ്. അക്കൗണ്ടിലെ ഇടപാടുകളൊക്കെ അതില്‍ നിക്ഷേപിച്ച തുകയില്‍ ഒതുങ്ങി നില്‍ക്കുന്നതായിരിക്കണം. ഇത്തരം അക്കൗണ്ടുകളില്‍ തുടങ്ങുന്ന കാലാവധി നിക്ഷേപങ്ങള്‍ കാലാവധിക്ക് മുന്‍പ് തിരിച്ചെടുക്കാന്‍ കഴിയില്ല. മാത്രമല്ല ഇതില്‍നിന്ന് വായ്പയും ലഭിക്കില്ല.
Content Highlights :Children can also open a bank account, what you need to know