നടക്കാൻ പോകാം, പക്ഷെ രാവിലെ വേണോ വൈകുന്നേരം വേണോ; വ്യത്യാസം ഇങ്ങനെ

ഏത് സമയത്തുള്ള നടത്തമാണ് ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുക? നമുക്ക് പരിശോധിക്കാം

dot image

ശരീരാരോഗ്യം മെച്ചപ്പെടുന്നതിന് ദിവസേന നടക്കുകയോ, ഓടുകയോ ചെയ്യുന്നവരാണ് നമ്മള്‍. അതിരാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്നവരും, വൈകീട്ട് നടക്കാന്‍ പോകുന്നവരുമുണ്ട്. ഇതില്‍ ഏത് സമയത്തുള്ള നടത്തമാണ് ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുക? നമുക്ക് പരിശോധിക്കാം. രാവിലെ നടക്കാനിറങ്ങുന്നത് ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കാന്‍ സഹായിക്കുന്നു. രാവിലത്തെ നടത്തത്തിന് ശേഷം നിങ്ങള്‍ ഇരുന്നാണ് ജോലി ചെയ്യുന്നതെങ്കില്‍ പോലും കൂടുതല്‍ കലോറി ഇല്ലാതാക്കാന്‍ ശരീരത്തെ രാവിലത്തെ നടത്തം സഹായിക്കും. ഇത് വ്യായാമം കൂടുതല്‍ ഫലപ്രദമാക്കുന്നു.


ശരീരത്തിന്റെ ആരോഗ്യം കൂടാതെ ദിനചര്യയുണ്ടാക്കാന്‍ കൂടി രാവിലത്തെ നടത്തം സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ് കൃത്യമായി കാര്യങ്ങളെല്ലാം ചെയ്യുന്നത് അച്ചടക്കമുള്ള ജീവിതത്തിലേക്ക് നയിക്കും. ക്രമേണ ചിട്ടയുള്ള ജീവിതകാലം ആസ്വദിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.


പ്രഭാതഭക്ഷണത്തിന് മുന്‍പുള്ള നടത്തം ശരീരത്തിലെ കാലറി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാവിലെ വെറും വയറ്റില്‍ നടക്കുമ്പോള്‍ ഊര്‍ജത്തിനായി ശരീരം കൊഴപ്പുകളെ ആശ്രയിക്കുകയും, ഇത് അമിതവണ്ണം കുറയാന്‍ കാരണമാവുകയും ചെയ്യുന്നു. ഇതോടൊപ്പം സമീകൃതമായ ഭക്ഷണവും, കൃത്യമായ ദിനചര്യയും പാലിച്ചാല്‍ ആരോഗ്യകരമായ ജീവിതം ലഭിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രാവിലത്തെ നടത്തം ശരീരത്തിന് കൂടുതല്‍ ഗുണം ചെയ്യുമെങ്കിലും, മാനസികമായി നമുക്ക് ഉണര്‍വ് നല്‍കുന്നത് വൈകുന്നേരത്തെ നടത്തമാണ്. പകല്‍ മുഴുവന്‍ പലവിധ കാര്യങ്ങളില്‍ ടെന്‍ഷനും, സമ്മര്‍ദവും അനുഭവിച്ച് വീട്ടിലെത്തുന്ന നമ്മള്‍ക്ക് മാനസികമായി ഉന്മേഷം നല്‍കാന്‍ വൈകുന്നേരത്തെ നടത്തം സഹായിക്കുന്നു. സമ്മര്‍ദവും ഉത്കണ്ഠയും കുറയുന്നത് സ്‌ട്രെസ് ഈറ്റിങ് ഒഴിവാക്കാന്‍ സഹായിക്കുന്നു.


വൈകുന്നേരത്തെ നടത്തം സംതൃപ്തമായ ഉറക്കം ലഭിക്കാന്‍ കാരണമാകുന്നു. എന്ന് കരുതി രാത്രി നടക്കുന്നതോ, അമിത വ്യായാമങ്ങള്‍ ചെയ്യുന്നതോ ശരീരത്തെ ഉത്തേജിപ്പിക്കുകയും ഉറക്കം കുറയ്ക്കുകയും ചെയ്യും. സന്ധ്യയോടെ ശരീരത്തിന്റെ വ്യായാമങ്ങള്‍ അവസാനിപ്പിച്ച് വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്.


രാവിലെയുള്ള നടത്തില്‍ കാലറി ഇല്ലാതാകുന്നതിന്റെ അതേ അളവില്‍ വൈകുന്നേരം കാലറി കുറയണമെന്നില്ല. എന്നിരുന്നാലും നടക്കുന്നതിലൂടെ നിശ്ചിത അളവില്‍ കാലറി കുറയ്ക്കാൻ കഴിയും.

Content Highlight; Morning Walk vs Evening Walk: Which Burns More Fat?

dot image
To advertise here,contact us
dot image