

മുംബൈക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് വടാ പാവ്. സോഫ്റ്റ് ബണ്ണിനുള്ളിൽ പൊരിച്ച ഉരുളക്കിഴങ്ങ് നിറച്ച പ്രിയപ്പെട്ട ചായക്കടി എന്നു വേണമെങ്കിൽ വടാ പാവിനെ വിശേഷിപ്പിക്കാം. മലയാളികൾക്ക് ഉള്ളിവട, സമൂസ എന്നുപറയുന്നപോലെ അത്രയും പ്രിയപ്പെട്ട വിഭവമാണ് ഈ രുചികരമായ വടാ പാവ്. ഈയടുത്താണ് ഒരു ജർമൻ വ്ളോഗർ വടാ പാവ് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചത്. ഇതിനായി മുംബൈയിലെത്തിയ അദ്ദേഹം വടാ പാവിന് പത്തിൽ പത്തുമാർക്കാണ് നൽകിയതും. എന്നാൽ വീഡിയോയിൽ ഇദ്ദേഹം വടാ പാവിനെ വടാ പാവെന്നല്ല വിളിച്ചിരിക്കുന്നത്. പിന്നെയോ?

ജർമൻ വ്ളോഗറായ അലക്സാണ്ടർ വെൽഡർ വടാ പാവിനെ ബർഗർ എന്ന് വിളിച്ച് ഇന്ത്യക്കാരുടെ രോഷത്തിന് ഇരയായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ബർഗർ എന്ന് വിശേഷിപ്പിച്ചാണ് വെൽഡർ വടാ പാവിനെ തന്റെ ഫോളോവേഴ്സിന് പരിചയപ്പെടുത്തിയത്. സൗത്ത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിന് എതിർവശത്തുള്ള പ്രദേശത്ത് നിന്നാണ് വെൽഡർ വടാ പാവ് വാങ്ങി കഴിച്ചത്. വെറും 25 രൂപ മാത്രമാണ് ഇതിന്റെ വിലയെന്നും വെൽഡർ ആവേശത്തോടെ വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോയില്‍ സുഹൃത്തിനൊപ്പമാണ് വെൽഡർ വടാ പാവ് ആസ്വദിച്ച് കഴിച്ചത്. വളരെ രുചികരവും, എരിവുള്ളതും ക്രിസ്പിയുമാണ് വടാ പാവെന്ന് വാതോരാതെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട് വെൽഡർ. എന്നാല്‍ വടാ പാവിന്റെ പേരുമാറ്റി വിളിച്ചത് ഇന്ത്യക്കാർക്ക് അത്ര ദഹിച്ചിട്ടില്ല.
ഇന്ത്യക്കാർ നിങ്ങളുടെ തല കൊയ്യും, വടാ പാവിനെ ബർഗർ എന്ന് വിളിക്കുന്നോ? ഇത് ബർഗറല്ല, വടാ പാവാണ്, വടാ പാവിനെ ഞങ്ങൾ ബർഗറെന്ന് വിളിക്കാറില്ല, വടാ പാവിനെ വടാ പാവെന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്...എന്നിങ്ങനെ ചിലർ കമന്റ് ചെയ്യുമ്പോള്‍ മറ്റു ചിലർ വിലയെ കുറിച്ചാണ് കമന്റ് ചെയ്തത്.

നിങ്ങൾ പ്രധാന നഗരഭാഗത്തായത് കൊണ്ടാണ് വടാ പാവിന് 25 രൂപയായത്, സാധാരണ ഇതിന് 15 രൂപയെ വില വരൂ, റെയിൽവേ സ്റ്റേഷനിൽ പത്തുരൂപയെ വടാ പാവിനുള്ളു എന്നൊക്കെ വീഡിയോയ്ക്ക് താഴെ കമന്റുകൾ നിറയുകയാണ്.
അതേസമയം ഈ വിമർശനങ്ങൾക്കൊന്നും ചെവിക്കൊള്ളാൻ സമയമില്ലെന്ന നിലപാടിലാണ് വെൽഡർ. വടാ പാവിനെ ബോംബെ ബർഗറെന്ന് വിളിച്ച വെൽഡർ ഇതിനൊപ്പം അടിപൊളി പാനീയങ്ങളും കുടിച്ചുവെന്നാണ് പറയുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങളുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നായ യോഗർട്ട് കൊണ്ടുണ്ടാക്കുന്ന പീയുഷ്, സ്പൈസ്ഡ് ബട്ടർമിൽക്കായ ചാസ് എന്നിവയ്ക്കും പത്തിൽ പത്ത് മാർക്ക് നൽകിയിരിക്കുകയാണ് വെൽഡർ.
Content Highlights: German Vlogger called Vadapav as Burger, Social media reacts