ക്യൂവിൽ നിന്ന് ക്ലിക്കിലേക്ക്; ഇന്ത്യയുടെ ഭക്ഷണശീലം മാറ്റിയെഴുതിയ സൊമാറ്റോയുടെ പിറവിക്ക് പിന്നിൽ

സഹപ്രവർത്തകർ ക്യൂ നിൽക്കുന്നത് കണ്ട് ഫുഡ് മെനു ഡിജിറ്റൈസ് ചെയ്തു; പിന്നീട് സംഭവിച്ചത് വിപ്ലവം

ക്യൂവിൽ നിന്ന് ക്ലിക്കിലേക്ക്; ഇന്ത്യയുടെ ഭക്ഷണശീലം മാറ്റിയെഴുതിയ സൊമാറ്റോയുടെ പിറവിക്ക് പിന്നിൽ
dot image

ഇത് ദീപീന്ദർ ഗോയലിന്റെ കഥയാണ്. ഇന്ത്യക്കാരുടെ ഭക്ഷണരീതിയെ തന്നെ അടിമുടി മാറ്റിയ ഒരു വിപ്ലവകരമായ ഉദ്യമത്തിന്റെ കഥ. സ്ഥലം 2000ലെ ബെയിൻ ആൻഡ് കമ്പനി. സമയം ഉച്ചനേരം. ഡൽഹി ഐഐടിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ദീപീന്ദർ ഗോയൽ ബെയിൻ ആൻഡ് കമ്പനിയിൽ കൺസൾട്ടൻ്റ് ആണ്.

ഗോയലിന്റെ ദൃഷ്ടി പതിഞ്ഞത് കമ്പനിയിലെ കഫറ്റീരിയയിൽ. ഡൽഹിയിലെ പൊള്ളുന്ന ചൂടിനെ അവഗണിച്ച്‌ തന്റെ സഹപ്രവർത്തകർ മെനുവുമായി ഭക്ഷണം കഴിക്കാൻ ക്യൂ നിൽക്കുന്നു. എന്നും ഇതൊരു പതിവ് കാഴ്ചയാണ്. പക്ഷെ അന്ന് ഗോയലിന്റെ മനസ്സിൽ ഒരു ചിന്ത കടന്നുവന്നു. എന്തുകൊണ്ട് ഈ മെനു ഡിജിറ്റൈസ് ചെയ്തുകൂടാ?

സഹപ്രവർത്തകരുടെ സൗകര്യാർത്ഥം കഫറ്റീരിയയിലെ മെനു ദീപീന്ദർ ഗോയൽ ഡിജിറ്റെെസ് ചെയ്തു. ഇത് വലിയൊരു സാധ്യത തന്നെ ഗോയലിന്റെ മുന്നിൽ തുറന്നു. അങ്ങനെ 2008 ജൂലൈയിൽ സുഹൃത്ത് പങ്കജ് ഛദ്ദയുമായി ചേർന്ന് ഗുഡ്ഗാവിൽ 'ഫുഡിബേ' എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. വളരെ ലളിതമായ ഒരാശയം. റസ്റ്റോറന്റ് മെനുകളുടെ ഒരു ഓൺലൈൻ ഡയറക്ടറി; അതായിരുന്നു 'ഫുഡിബേ'.

മാസങ്ങൾക്കുള്ളിൽ 'ഫുഡിബേ' 1400ഓളം മെനുകൾ ഡിജിറ്റൈസ് ചെയ്തു. ഡൽഹി എൻആർസിയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ റസ്റ്റോറൻ്റ് ഡയറക്ടറിയായി ഫുഡിബേ മാറി. പിന്നെ ഒന്നും നോക്കിയില്ല; ദീപീന്ദർ ഗോയലും പങ്കജ് ഛദ്ദയും 2009ൽ ജോലി രാജി വെച്ച് മുഴുവൻ സമയവും ഫുഡിബേ വിപുലീകരിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ഭക്ഷണപ്രേമികളുടെ വികാരമായ സൊമാറ്റോ 2010ൽ പിറവിയെടുക്കുന്നത്. ശേഷം കാണുന്നത് സൊമാറ്റോയുടെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയായിരുന്നു.

Deepinder Goyal and Pankaj Chaddah

ഒറ്റ ക്ലിക്കിൽ, വിഭവങ്ങളുടെ വില, മെനുകൾ തമ്മിൽ താരതമ്യം ചെയ്യാനുള്ള സൗകര്യം, ഭക്ഷണം അനായാസം ഇഷ്ടയിടത്തിൽ ലഭ്യമാകുന്ന സാഹചര്യം, ഓഫറുകൾ തുടങ്ങി വ്യത്യസ്തമായൊരു ഭക്ഷ്യ സംസ്കാരം തന്നെ മുന്നോട്ട് വെച്ച സൊമാറ്റോയെ ഇന്ത്യയുടെ മിക്ക നഗരങ്ങളും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. പതിയെ സൊമാറ്റോയുടെ സ്വീകാര്യത യുഎഇ, യുകെ, ഖത്തർ, ശ്രീലങ്ക, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പുറംരാജ്യങ്ങളിലേക്കും പടർന്നു.

സ്വീകാര്യത വർദ്ധിച്ചപ്പോഴും കൃത്യതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും സൊമാറ്റോ തയ്യാറായിരുന്നില്ല. വിഭവങ്ങളുടെ വില മാറുന്നതിന് അനുസരിച്ച്‌ മെനു അപ്ഡേറ്റ് ചെയ്യുകയും, വിഭവങ്ങളുടെ ചിത്രം, പാചകരീതികൾ അനുസരിച്ച്‌ തരംതിരിക്കൽ, ഉപഭോക്താക്കളുടെ അവലോകനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ട് സൊമാറ്റോ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കി.

2012ൽ സൊമാറ്റോ മൊബൈൽ ആപ്പ് കൂടി അവതരിപ്പിച്ചതോടെ കൂടുതൽ സ്വീകാര്യത നേടി. അപ്പോഴേക്കും ഇന്ത്യക്കാരുടെ ഇടയിൽ സൊമാറ്റോ വെറുമൊരു മെനു സൈറ്റ് എന്നതിനപ്പുറം ഒഴിച്ചുകൂടാനാവാത്ത ഒരു ശീലമായി മാറാൻ തുടങ്ങിയിരുന്നു. 2015ൽ സൊമാറ്റോ പുതിയ ഒരു രീതിക്ക് തുടക്കം കുറിച്ചു. ഫുഡ് ഡെലിവറി. ഇഷ്ടഭക്ഷണം ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഇഷ്ട ഇടത്ത് എത്തിച്ചുകൊടുക്കുക. ഇത്‌ സൊമാറ്റോയുടെ വളർച്ചക്ക് മാത്രമല്ല സമൂഹത്തിൽ തൊഴിൽ അവസരം കൂടി സൃഷ്ടിക്കാൻ സഹായിച്ചു.

Zomato

സൊമാറ്റോ ഇന്ത്യക്കാരുടെ ഭക്ഷണ ശൈലി തന്നെ മാറ്റി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതറിയണമെങ്കിൽ കുറച്ച് കാലങ്ങൾക്ക് മുൻപ് വരെ നമ്മൾ പുലർത്തിയിരുന്ന ഭക്ഷണ ശൈലികൾ ഒന്ന് പരിശോധിച്ചു നോക്കാം. അന്ന് പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനുമെല്ലാം ഉണ്ടായിരുന്ന വിഭവങ്ങൾ തന്നെയാണോ ഇന്ന് നമ്മൾ അതാത് സമയങ്ങളിൽ കഴിക്കുന്നത്? പ്രത്യേകിച്ച്‌ പുതിയ തലമുറ? ഉദാഹരണത്തിന് ഒരു ശരാശരി ഇന്ത്യക്കാരൻ ഉച്ചഊണിന് ചോറോ ചപ്പാത്തിയോ ആണെങ്കിൽ ഹോട്ടൽ സംസ്‍കാരം വന്നതോട് കൂടി ഇതിന് നേരിയ ഒരു മാറ്റം വന്നെങ്കിലും സൊമാറ്റോ പോലുള്ള സൗകര്യങ്ങൾ ലഭ്യമായതോടെ ചെറുതല്ല വൻ മാറ്റത്തിനാണ് വഴിയൊരുങ്ങിയത്.

സൊമാറ്റോ വഴി എത്ര വിഭവങ്ങൾ വേണമെങ്കിലും ഓർഡർ ചെയ്യാം. എല്ലാം ഇരിക്കുന്ന സ്ഥലത്ത് എത്തും. മാത്രമല്ല സൊമാറ്റോയും മറ്റും നൽകുന്ന ഓഫറുകൾ കൂടി കണക്കിലെടുത്ത് ആഗ്രഹത്തിനനുസരിച്ചും വിശപ്പിനനുസരിച്ചും കയ്യിലെ പണത്തിനനുസരിച്ചും ഇന്ത്യക്കാർ എന്ത് കഴിക്കണം എന്ന് തീരുമാനിക്കാൻ തുടങ്ങി. ചുരുക്കി പറഞ്ഞാൽ, ഇന്ത്യക്കാരുടെ ഭക്ഷണ ശൈലിയെ ചെറുതായൊന്നുമല്ല സൊമാറ്റോ സ്വാധിച്ചത് എന്ന് സാരം.

സൊമാറ്റോക്ക് പിറവി നൽകിയ ദീപീന്ദർ ഗോയൽ ഡയറക്ടര്‍, മാനേജിങ് ഡയറക്ടർ, സിഈഒ പദവികൾ രാജിവെച്ച്‌ സൊമാറ്റോയുടെയും ബ്ലിങ്കിറ്റിന്റെയും പാരന്റ് കമ്പനിയായ എറ്റേണൽ ലിമിറ്റഡിന്റെ വൈസ് ചെയർമാൻ പദവി ഏറ്റെടുക്കുകയാണ്. കമ്പനി കൂടുതൽ വിപുലപ്പെടുത്തുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത് എന്നാണ് ഗോയൽ അറിയിച്ചിരിക്കുന്നത്. നിലവിൽ ബ്ലിങ്കിറ്റിന്റെ സിഇഒ അൽബിന്ദർ സിംഗ് ദിൻഡ്സ ഡയറക്ടര്‍, മാനേജിങ് ഡയറക്ടർ, സിഈഒ പദവികൾ ഏറ്റെടുക്കും.

Content Highlights: The Zomato story does not begin in a kitchen or a restaurant. It begins in an office cafeteria at Bain & Company in the mid-2000s. Here is the success story of Zomato.

dot image
To advertise here,contact us
dot image