
ഭക്ഷണത്തിലെ ഓസ്കര് എന്നറിയപ്പെടുന്ന ജെയിംസ് ബിയേര്‍ഡ് അവാര്‍ഡ് നേടിയെടുത്ത് തമിഴ്നാട്ടില്‍നിന്നുള്ള ഷെഫ് വിജയകുമാര്‍. ആഗോളതലത്തില്‍ ദക്ഷിണേന്ത്യന്‍ രുചികളുടെ സ്ഥാനമുറപ്പിക്കാന്‍ അവാര്‍ഡ് നേട്ടത്തിലൂടെ വിജയ് കുമാറിന് സാധിച്ചു. തമിഴ് പാചകരീതിയ്ക്കൊപ്പം ശ്രീലങ്കന്‍ തമിഴ്, ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ രുചിക്കൂട്ടുകളുമാണ് വിജയകുമാറിനെ മികച്ച ഷെഫിനുള്ള 2025 ലെ പുരസ്കാര ജേതാവാക്കിയത്.
തമിഴ്നാട്ടിലെ മധുരയിലുള്ള ഒരു ഉള്‍ഗ്രാമമായ അരസാംപെട്ടിയിലാണ് 44കാരനായ വിജയ്കുമാറിന്റെ ജനനം. തന്റെ അമ്മയും അമ്മൂമ്മയും ഉണ്ടാക്കിതന്ന ഭക്ഷണത്തിന്റെ രുചിക്കൂട്ടുകളാണ് തന്നെയും ഒരു പാചകകാരനാക്കിയതെന്ന് വിജയ്കുമാര്‍ പറയുന്നു. 'ഞാന്‍ വളര്‍ന്നുവന്ന, എന്റെ ആത്മാവുതൊട്ട ഭക്ഷണം ഇപ്പോള്‍ ലോക വേദിയിലെത്തിയിരിക്കുന്നു. ദരിദ്രന്റെ ഭക്ഷണം, ധനികന്റെ ഭക്ഷണം, അങ്ങനെ ഒന്നില്ല. എല്ലാം ഭക്ഷണമാണ്. അത് ശക്തമാണ്. അത്താഴ മേശയ്ക്ക് ചുറ്റും പരസ്പരം ഒത്തുചേരാന്‍ കഴിയുന്നതാണ് യഥാര്‍ഥ ആഡംബരം' എന്നാണ് ജെബി പുരസ്കാരദാന ചടങ്ങില്‍ വിജയകുമാര്‍ പറഞ്ഞത്.
വിജയ്കുമാറിനെ പോലൊരാള്‍ ഇത്തരത്തിലൊരു നേട്ടം കൈവരിച്ചതിന് പിന്നില്‍ വലിയൊരു ത്യാഗത്തിന്റെയും കഠിനധ്വാനത്തിന്റെയും കഥയുണ്ട്. എന്‍ജീനിയറിങ് പഠിക്കാന്‍ പണമില്ലാത്തതിനാലാണ് പാചകം തെരഞ്ഞെടുത്തത്. ചെന്നൈയിലെ 'താജ് കണ്ണമാര' ഹോട്ടലിലാണ് വിജയ്കുമാര്‍ ആദ്യമായി ജോലി ചെയ്യുന്നത്. തുടര്‍ന്ന് ക്രൂസ് ഷിപ്പുകളിലും ജോലി ചെയ്തു. ഒടുവില്‍ അമേരിക്കയില്‍ എത്തിപ്പെട്ടതിനു ശേഷം സാന്‍ ഫ്രാന്‍സിസ്കോയിലെ 'ദോശ'യില്‍ ജോലി ചെയ്തു.
2021-ലാണ് വിജയ്കുമാറിന്റെ ജീവിതത്തില്‍ മറ്റൊരു ട്വിസ്റ്റ് സംഭവിക്കുന്നത്. ന്യൂയോര്‍ക്കിലെ റെസ്റ്റോറന്റ് ഗ്രൂപ്പായ അണ്അപ്പൊളോജെറ്റിക് ഫുഡ്സിലെ റോണി മജുംദാര്‍, ചിന്തന്‍ പാണ്ഡ്യ എന്നിവരുമായി സഹകരിച്ച് 'സെമ്മ' - എന്ന റെസ്റ്റോറന്റ് തുറന്നു. ഹോട്ടല്‍ തുറന്നതിലൂടെ ഒരു ലക്ഷ്യം മാത്രം 'പാചകത്തിലൂടെ ഇന്ത്യന്‍ പാരമ്പര്യവും സംസ്കാരവും വിളമ്പുക' എന്നത്. മൈക്കലിന് സ്റ്റാര്‍ നേടുന്ന, ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ മാത്രം വിളമ്പുന്ന ന്യൂയോര്‍ക്കിലെ ആദ്യ റസ്റ്റോറന്റായി സെമ്മ മാറി. ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 100 റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ഒന്നാമതായും സെമ്മ ഇടം പിടിച്ചിട്ടുണ്ട്. കുരുമുളക് രസം, പുളിയൊതര, വാഴപ്പൂ വട, ദോശ തുടങ്ങി തികച്ചും ദക്ഷിണേന്ത്യന്‍ വിഭവങ്ങളാണ് 'സെമ്മ'യുടെ മെനു കാര്‍ഡിലെ പ്രധാനികള്‍.
Content Highlights: chef vijay kumar semma restaurant won james beard award