

വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ഇടയ്ക്കിടെ ആത്മീയ കേന്ദ്രങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നതിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജിനെ സന്ദര്‍ശിക്കുന്നതടക്കം കോഹ്ലിയുടെ ആത്മീയ യാത്രകളെയും അതില്‍ അനുഷ്‌കയുടെ പങ്കിനെയും കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് ഷമി വ്യക്തത വരുത്തിയത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് കോഹ്ലിയും അനുഷ്‌കയും അടുത്തിടെ വൃന്ദാവന്‍ സന്ദര്‍ശിച്ച് പ്രേമാനന്ദ് മഹാരാജിന്റെ അനുഗ്രഹം തേടിയത്. ഇതേക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമി പ്രതികരിച്ചത് ഇങ്ങനെയാണ്: 'ഇതൊരു നല്ല കാര്യമാണ്. പെട്ടെന്നുണ്ടായ മാറ്റമല്ല. കോഹ്ലി തന്റെ വിശ്വാസങ്ങളില്‍ വളരെ ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണ്. വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായി അദ്ദേഹം കൃത്യമായി സമയം കണ്ടെത്തുകയും അത് ഒരു ചിട്ടയോടെ കൊണ്ടുപോകുകയും ചെയ്യുന്നു.' -ഷമി പറഞ്ഞു.
ഒരാളുടെ വ്യക്തിപരമായ വിശ്വാസങ്ങളെയും ആത്മീയതയെയും വിമര്‍ശിക്കുന്നവരെ ഷമി രൂക്ഷമായി എതിര്‍ത്തു. 'മഹാരാജിനെ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ ആരും വിരല്‍ ചൂണ്ടേണ്ടതില്ല. ഒരാള്‍ എന്തെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അതിന് മുന്‍ഗണന നല്‍കുന്നതില്‍ എന്താണ് തെറ്റ്?' -ഷമി ചോദിച്ചു. ആത്മീയതയിലേക്ക് കോഹ്ലിയെ നയിച്ചത് അനുഷ്‌കയാണെന്ന പ്രചാരണങ്ങളോടും ഷമി പ്രതികരിച്ചു. 'അവര്‍ ദമ്പതികളാണ്, ഇനി അനുഷ്‌ക അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം? എനിക്കത് മനസ്സിലാകുന്നില്ല,' -ഷമി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ 2-1ന്റെ ഏകദിന പരമ്പര തോല്‍വിക്ക് ശേഷം ഇടവേളയെടുത്ത കോഹ്ലി, സെപ്റ്റംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെയാകും ഇനി മത്സരരംഗത്തേക്ക് തിരിച്ചെത്തുക.
content highlights: Mohammed Shami Reacts to Anushka Sharma's Influence on Virat Kohli's Spiritual Journey