
1800 കളിലാണ് തിരുനല്‍വേലി ഹല്‍വയുടെ ചരിത്രം ആരംഭിക്കുന്നത്. ചൊല്‍ക്കാംപെട്ടി എന്ന നാട്ടുരാജ്യത്തെ രാജാവിന് ഒരിക്കല്‍ കാശിയില്‍ പോയപ്പോള്‍ കഴിച്ച ഒരു ഹല്‍വയുടെ രുചി ഇഷ്ടപ്പെട്ടു. തുടര്‍ന്ന് രജപുത്രനായ പാചകക്കാരന്‍ ജഗന്‍സിംഗിനെ രാജാവ് തിരുനല്‍വേലിയിലേക്ക് കൂടെക്കൂട്ടിക്കൊണ്ടുവന്നുവത്രേ. അങ്ങനെയാണ് തിരുനല്‍വേലിയിലേക്ക് ഹല്‍വയുടെ രുചിക്കൂട്ട് എത്തുന്നത്. തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളിലൂടെ ഒഴുകുന്ന താമരഭരണി പുഴയിലെ ജലം ചേര്‍ത്ത് കുറുക്കി എടുത്താണ് പാരമ്പര്യമായി തിരുനല്‍വേലി ഹല്‍വ നിര്‍മ്മിക്കുന്നത്. അതുകൊണ്ടാണ് അവിടെ നിര്‍മ്മിക്കുന്ന ഹല്‍വയ്ക്ക് ഇത്രയും സ്വാദുളളതത്രേ. കയ്യില്‍ ഒട്ടിപിടിക്കാത്ത ജല്ലി പോലെയാണ് അതിന്റെ പരുവം. വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന പരുവം. രുചികരമായ തിരുനല്‍വേലി ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
തവിട് കളയാത്ത ഗോതമ്പ്-ഒരു കപ്പ്(ഒരു ദിവസം വെള്ളത്തില്‍ കുതിര്‍ത്തത്)
പഞ്ചസാര-രണ്ട് കപ്പ്
വെള്ളം-അര കപ്പ്
കശുവണ്ടിപ്പരിപ്പ്- കാല്‍ കപ്പ്
നെയ്യ്- മുക്കാല്‍ കപ്പ്
ഏലക്കാപ്പൊടി- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുതിര്‍ത്ത ഗോതമ്പ് അല്‍പ്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. ഇത് ഒരു അരിപ്പയില്‍ അരിച്ച് പാത്രത്തിലേക്ക് മാറ്റുക. ഇതേ ഗോതമ്പ് ഒരു പ്രാവശ്യം കൂടി മിക്സിയില്‍ അരച്ച് അരിപ്പയില്‍ അരിച്ച് പാത്രത്തിലേക്ക് ഒഴിക്കുക. പാത്രം അടച്ച് ഒരു രാത്രി മുഴുവന്‍ സൂക്ഷിക്കുക.
അടിവശം കുഴിവുള്ള കട്ടിയുളള പാത്രത്തില്‍ വെളളവും പഞ്ചസാരയും എടുത്ത് ചെറിയ തീയില്‍ പഞ്ചസാര പാനിയാകുന്നതുവരെ തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ് പാനിയായി കഴിയുമ്പോള്‍ തീ കുറച്ച ശേഷം അതിലേക്ക് ഗോതമ്പ് അരിച്ചെടുത്തത് ഒഴിക്കാം. ഗോതമ്പ് കൂട്ട് കട്ടിയാകാന്‍ തുടങ്ങുമ്പോള്‍ ഏലയ്ക്കാപൊടിച്ചതും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും ചേര്‍ത്തിളക്കുക. ഇങ്ങനെ ഓരോ മിനിറ്റ് ഇടവിട്ട് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് വീതം ചേര്‍ത്ത് കാല്‍കപ്പ് നെയ്യ് മുഴുവന്‍ ചേര്‍ക്കണം. ഹല്‍വ കട്ടിയായി കഴിയുമ്പോള്‍ കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം. ഇത് ഒരു പ്ലയിറ്റിലേക്ക് മാറ്റി മുറിച്ച് വിളമ്പാം.
Content Highlights :Once you taste the world-famous Tirunelveli Halwa, you will never forget it.