

കുവെെറ്റിൽ നഴ്സറിയിൽ കുട്ടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് സാമൂഹിക കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.
സാമൂഹിക, കുടുംബ, ശിശുക്ഷേമകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദേശപ്രകാരമാണ് അടിയന്തര നടപടികൾ സ്വീകരിച്ചതെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി ഫൈസൽ അൽ കന്ദരി പറഞ്ഞു. ആരോപണങ്ങൾ അന്വേഷിക്കുന്നതിനും നിയമനടപടി ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് കുട്ടിയുടെ രക്ഷിതാവിനെയും നഴ്സറി ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടു. കൂടാതെ കുട്ടികൾക്ക് ദോഷമുണ്ടാക്കുന്ന പെരുമാറ്റങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഫൈസൽ അൽ കന്ദരി വ്യക്തമാക്കി.
നിയമലംഘനം നടത്തിയതായി കണ്ടെത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് നഴ്സറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശം നൽകി. നിരീക്ഷണം ശക്തമാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Kuwait’s Ministry of Social Affairs has launched an investigation into allegations involving a child at a nursery after a video circulated on social media.