

ആകാശത്തേക്ക് നോക്കുമ്പോള്‍ മേഘങ്ങള്‍ പഞ്ഞിക്കെട്ടുപോലെ വെളുത്തും മനോഹരമായും കാണാം. എന്നാല്‍ മഴ വരുന്നതിന് തൊട്ടുമുമ്പ് ആകാശത്തിന്റെ നിറം തന്നെ മാറുന്നതുപോലെ തോന്നും. മേഘങ്ങള്‍ പതുക്കെ കറുത്തോ ഇരുണ്ട ചാരനിറത്തിലോ മാറും.മഴ പെയ്യാന്‍ പോകുന്നതിന്റെ സൂചനയായി നമ്മള്‍ സാധാരണ കാണുന്നത് ഈ കറുത്ത മേഘങ്ങളെയാണ്. എന്നാല്‍ ശരിക്കും മേഘങ്ങള്‍ക്ക് കറുപ്പ് നിറമാണോ? അല്ലെങ്കില്‍ നമ്മുടെ കണ്ണിന് അങ്ങനെ തോന്നുന്നതാണോ? ഇതിന് പിന്നില്‍ രസകരമായ ഒരു ശാസ്ത്രീയ കാരണമുണ്ട്.
മേഘങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ കറുപ്പ് നിറമല്ല ഉള്ളത്. വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറിയ ജലത്തുള്ളികളും ഐസ് കണങ്ങളും ചേര്‍ന്നാണ് മേഘങ്ങള്‍ രൂപപ്പെടുന്നത്. സൂര്യപ്രകാശം ഇവയില്‍ തട്ടുമ്പോള്‍ പ്രകാശം പല ദിശകളിലേക്ക് ചിതറുന്നു. അതുകൊണ്ടാണ് സാധാരണ മേഘങ്ങള്‍ വെളുത്തതായി കാണുന്നത്. എന്നാല്‍ മേഘത്തിന്റെ കനം കൂടുമ്പോള്‍ കാര്യങ്ങള്‍ മാറും.മേഘം കട്ടിയാകുമ്പോള്‍ നിറവും മാറും.

സാധാരണ വെള്ള മേഘങ്ങളെ അപേക്ഷിച്ച് മഴമേഘങ്ങള്‍ വളരെ കട്ടിയുള്ളതായിരിക്കും. ഇവയില്‍ കൂടുതല്‍ ജലത്തുള്ളികളും ഐസ് കണങ്ങളും അടങ്ങിയിരിക്കും.സൂര്യപ്രകാശം ഇത്തരം കട്ടിയുള്ള മേഘത്തിലേക്ക് കടക്കുമ്പോള്‍ പ്രകാശം പലതവണ ചിതറുന്നു. അതിനാല്‍ മേഘത്തിന്റെ താഴ്ഭാഗത്തേക്ക് എത്തുന്ന പ്രകാശത്തിന്റെ അളവ് കുറയുന്നു. താഴെ നിന്ന് മേഘത്തെ നോക്കുന്ന നമ്മുടെ കണ്ണുകള്‍ക്ക് അതിന്റെ താഴ്ഭാഗം ഇരുണ്ട ചാരനിറത്തിലോ കറുപ്പായോ തോന്നുകയും ചെയ്യും. അതായത് മേഘം കറുത്തതായതുകൊണ്ടല്ല കറുപ്പ് നിറമായി തോന്നുന്നത്. മേഘത്തിനുള്ളിലൂടെ ആവശ്യത്തിന് വെളിച്ചം കടന്നുവരാത്തതിനാലാണ്.

മേഘം താരതമ്യേന കനം കുറഞ്ഞതാണെങ്കില്‍ സൂര്യപ്രകാശത്തിന് അതിലൂടെ കടന്നുപോകാനും വിവിധ ദിശകളിലേക്ക് ചിതറാനും കഴിയും. ജലത്തുള്ളികള്‍ പ്രകാശത്തിലെ വിവിധ നിറങ്ങളെ ഏകദേശം ഒരുപോലെ ചിതറിക്കുന്നതിനാല്‍ നമ്മുടെ കണ്ണുകള്‍ക്ക് ആ പ്രകാശം വെള്ളയായി തോന്നുന്നു. മേഘങ്ങളിലും സംഭവിക്കുന്നത് ഏതാണ്ട് ഇതുതന്നെയാണ്.

മേഘത്തിന്റെ നിറം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് അതിന്റെ കനം, അതിലെ ജലത്തുള്ളികളുടെയും ഐസ് കണങ്ങളുടെയും അളവ് എന്നിവ.വലിയ മഴമേഘങ്ങള്‍ അന്തരീക്ഷത്തില്‍ വളരെ ഉയരത്തിലേക്ക് വളരാം. പ്രത്യേകിച്ച് ഇടിമിന്നലോടുകൂടിയ വലിയ മേഘങ്ങളില്‍ ജലത്തുള്ളികള്‍ക്കൊപ്പം ഐസ്, മഞ്ഞ്, ആലിപ്പഴം തുടങ്ങിയ കണങ്ങളും ഉണ്ടാകാം. ഇത്രയും കട്ടിയുള്ള മേഘത്തിലൂടെ സൂര്യപ്രകാശത്തിന് താഴേക്ക് എത്താന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് മേഘത്തിന്റെ അടിഭാഗം കൂടുതല്‍ ഇരുണ്ടതായി കാണുന്നത്.
Content Highlights :Why do rain clouds appear black? Learn the difference between white clouds and rain clouds.