

ബാങ്ക് അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി പണം വന്നോ? പിന്നാലെ വിളിച്ച് പണം തിരികെ നൽകാൻ ആരെങ്കിലും ആവശ്യപ്പെടുന്നുണ്ടോ? എങ്കിൽ ജാഗ്രത പാലിക്കണം. ‘ജംപ്ഡ് ഡെപ്പോസിറ്റ് സ്‌കാം’ എന്ന പേരിൽ നടക്കുന്ന യുപിഐ തട്ടിപ്പിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
2026ലെ ദേശീയ സൈബർ സുരക്ഷാ പ്രത്യേക പ്രചാരണത്തിന്റെ ഭാഗമായി പുറത്തുവിട്ട മുന്നറിയിപ്പിൽ, ചെറിയ തുക അക്കൗണ്ടിലേക്ക് അയച്ച് വിശ്വാസം നേടിയശേഷം വലിയ തുക തട്ടിയെടുക്കാൻ ശ്രമിക്കുന്ന രീതിയെക്കുറിച്ചാണ് ബാങ്ക് വ്യക്തമാക്കുന്നത്. തട്ടിപ്പിന്റെ രീതി ഇങ്ങനെയാണ്. ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയൊരു തുക അയച്ചശേഷം, അബദ്ധത്തിൽ പണം അയച്ചതാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ വിളിക്കുന്നു. അടിയന്തര സാഹചര്യമാണെന്ന് പറഞ്ഞ് പണം ഉടൻ തിരികെ നൽകാൻ സമ്മർദ്ദം ചെലുത്തും.
ഈ സമയത്ത് യഥാർഥത്തിൽ അക്കൗണ്ടിലെത്തിയ തുകയേക്കാൾ വലിയ തുകയ്ക്കുള്ള യുപിഐ പേയ്‌മെന്റ് അഭ്യർഥന അംഗീകരിപ്പിക്കാനാണ് ശ്രമം. തുക കൃത്യമായി പരിശോധിക്കാതെ യുപിഐ പിൻ നൽകി ഇടപാട് അംഗീകരിച്ചാൽ പണം നഷ്ടപ്പെടാം.
പരിചയമില്ലാത്ത യുപിഐ പേയ്‌മെന്റ് അഭ്യർഥനകൾക്ക് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് എസ്‌ബിഐ നിർദേശിക്കുന്നു.
അടിയന്തര സാഹചര്യമാണെന്ന് പറഞ്ഞാലും പണം നേരിട്ട് തിരികെ അയയ്ക്കാൻ തിടുക്കം കാണിക്കരുത്. എസ്‌ബിഐയിൽ നിന്നുള്ള ഔദ്യോഗിക കോളുകൾ തിരിച്ചറിയാൻ നമ്പർ പരിശോധിക്കണമെന്നും ബാങ്കിന്റെ പേരിൽ വരുന്ന കോളുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രം പ്രതികരിക്കണമെന്നും നിർദേശമുണ്ട്. ബാങ്കിന്റെ ഔദ്യോഗിക കോളുകൾ ‘1600’ എന്ന നമ്പറിൽ തുടങ്ങുന്നതാണെന്നും എസ്‌ബിഐ വ്യക്തമാക്കുന്നു.
ദേശീയ സൈബർ സുരക്ഷാ പ്രത്യേക പ്രചാരണമായ നാഷണൽ സൈബർ സുരക്ഷാ മന്ത്‌ലി സ്പെഷ്യൽ ക്യാമ്പയിൻ 6.0-ന്റെ ഭാഗമായി ഒക്ടോബർ 10-നാണ് എസ്‌ബിഐ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് പങ്കുവച്ചത്. വ്യാജ പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിനെതിരെയും ജാഗ്രത പാലിക്കണമെന്ന് ബാങ്ക് നിർദേശിക്കുന്നു. ഇത്തരം കോളുകളിലൂടെ വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ പങ്കുവയ്ക്കരുതെന്നും സംശയാസ്പദമായ സന്ദേശങ്ങളോടും ഫോൺകോളുകളോടും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. തട്ടിപ്പിന് ഇരയായാൽ ഉടൻ ബാങ്കിനെ അറിയിക്കുകയും ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ 1930-ൽ വിളിക്കുകയോ cybercrime.gov.in ,https://cybercrime.gov.in/ എന്നീ വിലാസം വഴി വഴി പരാതി നൽകുകയോ ചെയ്യണം എന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: SBI Warns Customers Against ‘Jumped Deposit’ UPI Scam and Digital Arrest Fraud Amid National Cyber Security Campaign