

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കലിന് പിന്നിൽ അന്നത്തെ ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റമാണെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്ത്.
'വിരാടിന് ഒട്ടേറെ ടെസ്റ്റ് മത്സരങ്ങള്‍ കൂടി കളിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ തന്നോട് പെരുമാറിയ രീതിയില്‍ കോഹ്‌ലി അല്പം അമര്‍ഷത്തിലാണെന്ന് തോന്നിപ്പിച്ചു. ഒരു താരമെന്ന നിലയില്‍ അദ്ദേഹത്തിന് ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാനുള്ള വലിയ സ്വാധീനമുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനായി അദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. എന്നാൽ സെലക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള നീതികേടില്‍ അദ്ദേഹത്തിന് വിരമിക്കേണ്ടി വന്നുവെന്നും വസീം ജാഫർ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും കഴിഞ്ഞ വര്‍ഷം ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസീസ് പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ട് പര്യടനത്തിന് ടീം തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഈ പ്രഖ്യാപനം ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
125 ടെസ്റ്റ് മത്സരങ്ങള്‍ എന്ന നാഴികക്കല്ലിലെത്താന്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോലി വിരമിച്ചത്. സുനില്‍ ഗാവസ്‌കര്‍ക്ക് ശേഷം 10,000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ അദ്ദേഹത്തിന് വേണ്ടിയിരുന്നത് വെറും 770 റണ്‍സ് മാത്രമായിരുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനമായിരുന്നു കോഹ്‌ലിയുടെ അവസാന ടെസ്റ്റ് പരമ്പര. ആ പരമ്പരയില്‍ 5 ടെസ്റ്റുകളില്‍ നിന്നായി 23.75 ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
content highlights: virat kohli test retirement selection committee wasim jaffer statement