രാവിലെ വെയിൽ, ഉച്ചയ്ക്ക് മഴ, രാത്രിയിൽ മഞ്ഞ്! മിനിറ്റുകൾക്കുള്ളിൽ കാലാവസ്ഥ മാറിമറിയുന്ന 5 അത്ഭുത സ്ഥലങ്ങള്‍

ഒരു പകൽ, നാല് ഋതുക്കൾ! പ്രകൃതിയുടെ 'Four-season show'; ഒരൊറ്റ ദിവസത്തില്‍ കാണാം പല ഋതുക്കള്‍

രാവിലെ വെയിൽ, ഉച്ചയ്ക്ക് മഴ, രാത്രിയിൽ മഞ്ഞ്! മിനിറ്റുകൾക്കുള്ളിൽ കാലാവസ്ഥ മാറിമറിയുന്ന 5 അത്ഭുത സ്ഥലങ്ങള്‍
dot image

വസന്തം, ഗ്രീഷ്മം, ഹേമന്തം, ശിശിരം ഇവ പ്രകൃതിയുടെ നാല് ഭാവങ്ങൾ. ഒരു വർഷമെടുത്താണ് പ്രകൃതി ഈ നാല് ഭാവങ്ങളും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. എന്നാൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ നാല് ഋതുക്കളും ഒന്നിനുപിറകെ ഒന്നായി മാറിമറിയുന്ന ഒരു പകലിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

രാവിലെ നല്ല വെയിൽ, ഉച്ചയ്ക്ക് കനത്ത മഴ, വൈകുന്നേരമാകുമ്പോഴേക്കും തണുത്ത കാറ്റ്, രാത്രിയിൽ മഞ്ഞുപൊഴിച്ചിൽ! പ്രകൃതിയുടെ ഈ അപ്രതീക്ഷിത ഭാവമാറ്റങ്ങൾ കൊണ്ട് സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ചില സ്ഥലങ്ങൾ ലോകത്തിലുണ്ട്. അത്ഭുതത്തോടും കൗതുകത്തോടും കൂടി മാത്രമേ ഈ കാഴ്ച കാണാൻ സാധിക്കൂ. ആ സ്ഥലങ്ങൾ ഒന്ന് പരിചയപ്പെട്ടാലോ!

ക്വീൻസ്‌ടൗൺ, ന്യൂസിലാൻഡ് (Queenstown, New Zealand)

Queenstown, New Zealand
Queenstown

ന്യൂസിലാൻഡിലെ അതിമനോഹരമായ സതേൺ ആൽപ്സ് മലനിരകൾക്കിടയിലാണ് ക്വീൻസ്‌ടൗൺ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാലാവസ്ഥ മിനിറ്റുകൾക്കുള്ളിലാണ് മാറിമറിയുന്നത്. തെളിഞ്ഞുകാണുന്ന ഒരു സുപ്രഭാതം പെട്ടെന്ന് തന്നെ മൂടൽമഞ്ഞിലേക്കും ശക്തമായ മഴയിലേക്കും വഴിമാറാം. ചിലപ്പോൾ മണിക്കൂറുകൾക്കകം അവിടെ മഞ്ഞുവീഴ്ചയും ഉണ്ടായേക്കാം. ചുറ്റുമുള്ള വലിയ തടാകങ്ങളും ആൽപൈൻ ഭൂപ്രകൃതിയുമാണ് ഇവിടെ ഇത്തരമൊരു മൈക്രോക്ലൈമറ്റ് (microclimate) സൃഷ്ടിക്കുന്നത്. ഒരു ദിവസം കൊണ്ട് തന്നെ പ്രകൃതിയുടെ പലവിധ ഭാവങ്ങൾ ആസ്വദിക്കാൻ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് സാധിക്കുന്നു.

റെയ്ക്യവിക്, ഐസ്‌ലാൻഡ് (Reykjavik, Iceland)

Reykjavik, Iceland
Reykjavik

ഐസ്‌ലാൻഡിന്റെ തലസ്ഥാനമാണ് റെയ്ക്യവിക്. സ്വന്തം ഇഷ്ടപ്രകാരം മാറുന്ന കാലാവസ്ഥയാണ് റെയ്ക്യവികിലേത്. ഇവിടുത്തെ നാട്ടുകാർ സ്ഥിരമായി പറയുന്ന ഒരു തമാശയുണ്ട്. "നിങ്ങൾക്ക് ഇവിടുത്തെ കാലാവസ്ഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഏതാനും മിനിറ്റുകൾ മാത്രം കാത്തിരിക്കുക!". കുറച്ചു സമയത്തിന് ശേഷം നിന്ന നിൽപ്പിൽ ഇവിടുത്തെ കാലാവസ്ഥ മാറുന്നത് കാണാം. റെയ്ക്യവിലെ കാലാവസ്ഥ തീർത്തും പ്രവചനാതീതമാണ്. കാറ്റും മഴയും വെയിലും മഞ്ഞുവീഴ്ചയും ഒന്നിനുപിറകെ ഒന്നായി വളരെ പെട്ടെന്നാണ് ഇവിടെ മാറിമറിയുന്നത്. ഈ അപ്രതീക്ഷിത മാറ്റങ്ങൾ തന്നെയാണ് റെയ്ക്യവികിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട മാന്ത്രിക ഭൂമിയാക്കി മാറ്റുന്നത്.

ലഡാക്, ഇന്ത്യ (Ladakh, India)

Ladakh, India
Ladakh

ഹിമാലയൻ മലനിരകളുടെ നെറുകയിൽ സ്ഥിതി ചെയ്യുന്ന ലഡാക് അതിന്റെ പ്രകൃതിഭംഗി കൊണ്ട് മാത്രമല്ല, അതിവേഗം മാറുന്ന കാലാവസ്ഥ കൊണ്ടും പ്രശസ്തമാണ്. അതിരാവിലെ കാണുന്ന ശാന്തവും നീലനിറത്തിലുള്ളതുമായ ആകാശം ഉച്ചയാകുമ്പോഴേക്കും കറുത്ത മേഘങ്ങൾ കൊണ്ട് മൂടപ്പെടാം. തൊട്ടുപിന്നാലെ അസ്ഥി തുളയ്ക്കുന്ന തണുത്ത കാറ്റും പെട്ടെന്നുള്ള മഞ്ഞുവീഴ്ചയും ഇവിടെ സാധാരണമാണ്. അങ്ങനെ ഒരു പകലിനുള്ളിൽ പല ഋതുക്കളുടെ അനുഭവം ലഡാക്ക് യാത്രക്കാർക്ക് സമ്മാനിക്കുന്നു.

ഇന്റർലേക്കൻ, സ്വിറ്റ്‌സർലാൻഡ് (Interlaken, Switzerland)

Interlaken, Switzerland
Interlaken

സ്വിസ് ആൽപ്സ് മലനിരകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ഇന്റർലേക്കൻ. യൂറോപ്പിലെ തന്നെ ഏറ്റവും പ്രവചനാതീതമായ കാലാവസ്ഥയുള്ള ഒരിടമാണിത്. പ്രകൃതിയുടെ ഒരു 'ഫോർ-സീസൺ ഷോ' ആണ് ഇവിടെ കാണാൻ സാധിക്കുക. തിളങ്ങുന്ന സൂര്യപ്രകാശത്തിൽ ദിവസം ആരംഭിക്കുന്ന സഞ്ചാരികൾക്ക്, ഉച്ചതിരിയുന്നതോടെ കനത്ത മൂടൽമഞ്ഞോ മഴയോ അനുഭവപ്പെടാം. മലനിരകളിൽ നിന്നുള്ള തണുത്ത കാറ്റ് അന്തരീക്ഷം പെട്ടെന്ന് ശൈത്യകാലത്തിന് സമാനമാകും. കാലാവസ്ഥയിലുണ്ടാകുന്ന ഈ നാടകീയമായ മാറ്റങ്ങൾ ഇന്റർലേക്കന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു.

ഡെൻവർ, യുഎസ്എ (Denver, USA)

Denver, USA
Denver

വെയിലും കൊടുങ്കാറ്റും ഒന്നിക്കുന്ന നഗരം എന്ന് ഡെൻവറിനെ വിശേഷിപ്പിക്കാവുന്നതാണ്. റോക്കി മലനിരകൾക്ക് സമീപമാണ് അമേരിക്കയിലെ ഡെൻവർ നഗരം സ്ഥാനം പിടിച്ചിരിക്കുന്നത്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പേര് കേട്ടതാണ് ഡെൻവർ. വിയർക്കുന്ന ചൂടുള്ള ഒരു പകൽ പെട്ടെന്ന് കനത്ത ഇടിമിന്നലിലേക്കോ, തണുത്ത കാറ്റിലേക്കോ, എന്തിന് പെട്ടെന്നുള്ള മഞ്ഞുവീഴ്ചയിലേക്കോ വഴിമാറാം. പർവതങ്ങളോട് ചേർന്നുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഇവിടെ വലിയ തോതിലുള്ള താപനില വ്യതിയാനങ്ങളാണ് ഉണ്ടാകുന്നത്. ഒറ്റ ദിവസം കൊണ്ട് ഒന്നിലധികം ഋതുക്കളെ അനുഭവിക്കാൻ പറ്റിയ മികച്ച നഗരങ്ങളിലൊന്നാണിത്.

പ്രകൃതിയുടെ ലീലാവിലാസങ്ങൾ എന്നല്ലാതെ എന്ത് പറയാൻ അല്ലേ? ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാറ്റിന്റെ ഗതിയുമാണ് ഈ പ്രദേശങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ മൈക്രോക്ലൈമറ്റ് (microclimate) മാറ്റങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുമ്പോൾ എല്ലാത്തരം കാലാവസ്ഥയ്ക്കും അനുയോജ്യമായ വസ്ത്രങ്ങൾ കരുതാനും, പ്രകൃതിയുടെ ഈ അപ്രതീക്ഷിത അത്ഭുതങ്ങളെ മനസ്സ് തുറന്ന് ആസ്വദിക്കാനും സഞ്ചാരികൾക്ക് സാധിക്കണം.

Content Highlight: Discover five global destinations where unique microclimates trigger dramatic, rapid weather shifts, showcasing all four seasons within a single day.

dot image
To advertise here,contact us
dot image