

വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ ആര്‍എംപി. ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം ആവശ്യപ്പെടുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി വടകര എംഎല്‍എ കെ കെ രമ കൂടിക്കാഴ്ച്ച നടത്തി. ഉന്നത ഗൂഢാലോചന കണ്ടെത്തണമെന്നാണ് ആര്‍എംപിയുടെ ആവശ്യം. ശിക്ഷിക്കപ്പെട്ടവര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകള്‍ മാത്രമാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആർഎംപി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2012 മെയ് നാലിന് രാത്രി പത്തുമണിയോടെയാണ് വളളിക്കാട് അങ്ങാടിയില്‍വെച്ച് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 51 വെട്ടുകളാണ് ടി പിയുടെ ശരീരത്തിലുണ്ടായിരുന്നത്. കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങലുണ്ടാക്കിയ കേസില്‍ 11 പേരാണ് ശിക്ഷിക്കപ്പെട്ടത്. സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കളുള്‍പ്പെടെ പ്രതികളായിരുന്നു. അന്ന് സിപിഐഎമ്മിന്റെ ജില്ലാ നേതാവായിരുന്ന പി മോഹനനെ തെളിവുകളുടെ അഭാവത്തില്‍ അന്ന് കോടതി വെറുതെവിട്ടു.
എന്നാല്‍ ഗൂഢാലോചന കേസില്‍ അന്വേഷണം ഉന്നത തലത്തിലേക്ക് പോയിട്ടില്ല എന്നാണ് ആര്‍എംപിയുടെ പരാതി. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ടി പി കൊല്ലപ്പെടുന്നതിന് മുന്‍പുണ്ടായ വധശ്രമം സംബന്ധിച്ച് ചോമ്പാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഈ കേസ് ഇടച്ചേരിയിലേക്ക് മാറ്റി. ഇതിലുള്‍പ്പെടെ അന്വേഷണം വേണം എന്നാണ് ആവശ്യം.
Content Highlights: TP Chandrasekharan murder case; KK Rama meet Home Minister to demand investigation in conspiracy