

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്ക് ഉടന്‍ തന്നെ യുപിഐ വഴി പിഎഫ് പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനാകുന്ന പുതിയ സംവിധാനം വരുന്നു. ഇതിനായുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര തൊഴില്‍മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ 7 കോടിയിലധികം ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സേവനം കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാനാണ് ഈ പുതിയ നീക്കം.
പുതിയ സംവിധാനത്തിലൂടെ അംഗങ്ങള്‍ക്ക് പിഎഫ് പണം നേരിട്ട് യുപിഐ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പിന്‍ നമ്പര്‍ നല്‍കി തന്നെ പിന്‍വലിക്കാനാകും. നിലവില്‍ പിഎഫ് പിന്‍വലിക്കല്‍ നടപടികള്‍ക്ക് ബാങ്ക് വെരിഫിക്കേഷനും ക്ലെയിം പ്രോസസിങ്ങിനും ദിവസങ്ങള്‍ വേണ്ടിവരാറുണ്ട്. എന്നാല്‍ യുപിഐ സംവിധാനം വന്നാല്‍ പണം വളരെ വേഗത്തില്‍ അക്കൗണ്ടില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
EPFO 3.0 ഡിജിറ്റല്‍ അപ്ഗ്രേഡിന്റെ ഭാഗമായാണ് ഈ മാറ്റം. ഈ പുതിയ സംവിധാനത്തില്‍ അംഗങ്ങള്‍ക്ക് യുപിഐ വഴി പിഎഫ് പിന്‍വലിക്കല്‍, പിഎഫ് കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം എടുക്കല്‍, ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ്. ഒടിപി അടിസ്ഥാനത്തിലുള്ള അക്കൗണ്ട് തിരുത്തലുകള്‍ എന്നിവ ലഭ്യമാകും.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ക്ലെയിം പ്രോസസിങ് സമയം ഗണ്യമായി കുറയുമെന്നാണ് ഇപിഎഫ്ഒയുടെ വിലയിരുത്തല്‍. ഇപ്പോള്‍ 7 മുതല്‍ 20 ദിവസം വരെ എടുക്കുന്ന പിഎഫ് പിന്‍വലിക്കല്‍ നടപടികള്‍, പുതിയ സംവിധാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളിലോ മിനിറ്റുകള്‍ക്കുള്ളിലോ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. 95 ശതമാനം ക്ലെയിമുകളും ഓട്ടോമാറ്റിക്കായി തീര്‍പ്പാക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ, ഇപിഎഫ് സേവനങ്ങള്‍ വാട്സ്ആപ്പിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ പെന്‍ഡിങ് കേസുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാട്സ്ആപ്പ് വഴി നല്‍കും. അംഗങ്ങള്‍ക്ക് പരാതികളും ക്ലെയിം നിലയും എളുപ്പത്തില്‍ പരിശോധിക്കാനാകും.

UPI വഴി പിഎഫ് പിന്‍വലിക്കാന്‍ ചില മാനദണ്ഡങ്ങളും ഉണ്ടാകും. അംഗങ്ങളുടെ യുഎഎന്‍ ആക്ടീവ് ആയിരിക്കണം, ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് എന്നിവ യുഎഎന്നിനൊപ്പം ലിങ്ക് ചെയ്തിരിക്കണം. ഒടിപി ലഭിക്കാന്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റായിരിക്കുകയും വേണം. മുഴുവന്‍ പിഎഫ് തുകയും ഒരുമിച്ച് പിന്‍വലിക്കാന്‍ സാധിക്കില്ല. വിരമിക്കല്‍ സുരക്ഷ ഉറപ്പാക്കാന്‍ കുറഞ്ഞത് 25 ശതമാനം തുക അക്കൗണ്ടില്‍ നിലനിര്‍ത്തണം. ജോലി നഷ്ടപ്പെട്ടാല്‍ ഒരു മാസത്തിന് ശേഷം 75 ശതമാനം വരെ പിന്‍വലിക്കാനും, രണ്ട് മാസം കഴിഞ്ഞാല്‍ മുഴുവന്‍ തുകയും പിന്‍വലിക്കാനുമാകും.
ഇതിനുപുറമെ, ഓട്ടോ സെറ്റില്‍മെന്റ് പരിധി നിലവിലെ 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ വലിയ തുകയുള്ള ക്ലെയിമുകളും വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും തൊഴിലാളികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇപിഎഫ്ഒ വ്യക്തമാക്കുന്നു.
Content Highlights: Employees' Provident Fund Organisation (EPFO) subscribers will soon be able to withdraw provident fund money directly through the Unified Payments Interface (UPI), with testing of the facility already completed, Labour Minister Mansukh Mandaviya said.