ഇറാൻ റവല്യൂഷണറി ഗാര്‍ഡുമായി ബന്ധം; കുവൈറ്റിൽ പിടിയിലായ പ്രതികളെ വിചാരണയ്ക്ക് കൈമാറാൻ ഉത്തരവ്

പ്രതികളെ വിട്ടു നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം

ഇറാൻ റവല്യൂഷണറി ഗാര്‍ഡുമായി ബന്ധം; കുവൈറ്റിൽ പിടിയിലായ പ്രതികളെ വിചാരണയ്ക്ക് കൈമാറാൻ ഉത്തരവ്
dot image

കുവൈറ്റില്‍ കഴിഞ്ഞ ആഴ്ച പിടിയിലായ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള പ്രതികളെ വിചാരണയ്ക്കായി കോടതിക്ക് കൈമാറാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. പ്രതികള്‍ക്ക് എതിരെ വധശ്രമം, അതിര്‍ത്തി ലംഘനം, അനധികൃതമായി ആയുധം കൈവശം വെക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ വിട്ടു നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം.

കുവൈറ്റിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഇറാന്‍ റവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള നാല് പ്രതികളെയാണ് വിചാരണക്കായി കോടതിയിലേക്ക് കൈമാറുന്നത്. അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കവേയാണ് ആറ് അംഗ സംഘത്തിലെ നാല് പേര്‍ കുവൈറ്റ് സുരക്ഷാ സേനയുടെ പിടിയിലായത്. തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഘത്തിലെ രണ്ട് പേര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കത്തിന്റെ ഭാഗമായാണ് അതിവേഗ ബോട്ടുകളും ആധുനിക നാവിഗേഷന്‍, ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ച് സംഘം കുവൈറ്റിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

പ്രതികളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നിരീക്ഷണ ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും മറ്റ് ബന്ധങ്ങളും കണ്ടെത്തുന്നതിനായി പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികളുടെ അറസ്റ്റിനു പിന്നാലെ ഇവര്‍ നിരപരാധികളാണെന്നും ഇവരെ ഉടന്‍ തന്നെ വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അറാഗ്ചി കുവൈത്തിനു എതിരെ ഭീഷണി സ്വരത്തില്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

Content Highlights: Authorities in Kuwait have ordered that suspects arrested over alleged links with Iran’s Revolutionary Guard be transferred for trial. The case has drawn attention due to its security and regional implications.

dot image
To advertise here,contact us
dot image