കടലാമ പാവമാണ് സാറേ...: ജനിച്ച അതേ കരയിലേക്ക് വർഷങ്ങള്‍ക്ക് ശേഷം മുട്ടയിടാനായി വരുന്ന 'പെണ്ണുങ്ങള്‍'

കേന്ദ്രബജറ്റിലെ കടലാമ നിരാശപ്പെടുത്തിയെങ്കിലും യഥാര്‍ഥത്തില്‍ കടലാമ അത്ര ചില്ലറക്കാരനല്ല. കടലാമയെക്കുറിച്ച് അറിയാനുണ്ട് കൗതുകകരമായ ചില കാര്യങ്ങള്‍

കടലാമ പാവമാണ് സാറേ...: ജനിച്ച അതേ കരയിലേക്ക് വർഷങ്ങള്‍ക്ക് ശേഷം മുട്ടയിടാനായി വരുന്ന 'പെണ്ണുങ്ങള്‍'
dot image

സോഷ്യല്‍ മീഡിയ കടലാമയെക്കുറിച്ചുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്രബജറ്റില്‍ കടലാമ സംരക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന വാഗ്ധാനം നല്‍കി ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചതിന്റെ പ്രതിഷേധമാണ് ട്രോളുകള്‍ക്കും പോസ്റ്റുകള്‍ക്കും പിന്നിലുളള കാരണം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശരിക്കും കടലാമകള്‍ക്ക് എന്താണ് പ്രത്യേകത? അവയെ സംരക്ഷിക്കണം എന്ന് പറയുന്നത് എന്തിനാണ്? കടലാമയെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലാത്ത ചില കാര്യങ്ങളിതാ…

sea-turtles

ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി കടലാമകള്‍ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ജീവികളാണ് ഇവ. പാമ്പും മുതലയും ഓന്തും ഒക്കെ അടങ്ങുന്ന ഉരഗവിഭാഗത്തിലാണ് കടലാമകളും ഉള്‍പ്പെടുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കടലില്‍ ചിലവഴിക്കുന്നതുകൊണ്ട് തന്നെയാണ് ഇവയ്ക്ക് കടലാമകള്‍ എന്ന് പേരുവന്നത്. ഭൂമിയില്‍ ആദ്യമായി ജീവന്‍ ഉണ്ടാകുന്നത് കടലിലെ വെള്ളത്തിലാണ്. കാലങ്ങള്‍ക്ക് മുന്‍പ് പരിണാമപ്രക്രിയയുടെ ഭാഗമായി കരയില്‍ ജീവിക്കാനുള്ള പല പ്രത്യേകതകള്‍ ആര്‍ജിച്ച ജീവികള്‍ പതുക്കെ കരയിലേക്ക് കയറിത്തുടങ്ങി. അത്തരത്തില്‍, കരയിലേക്ക് വരികയും വിജയകരമായി കരയില്‍ ജീവിക്കുകയും ചെയ്ത നട്ടെല്ലുള്ള ആദ്യജീവിവര്‍ഗമാണ് ഉരഗങ്ങള്‍.

ഏകദേശം 250 മില്യന്‍ വര്‍ഷം മുമ്പാണ് ഭൂമിയില്‍ ഉരഗവര്‍ഗങ്ങള്‍ ഉണ്ടായത്. അനേകായിരം വര്‍ഷങ്ങള്‍ കൊണ്ട് നടന്ന ഈ പരിണാമപ്രക്രിയയില്‍ കടലിനെയും കരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജീവിവര്‍ഗമാണ് കടലാമകള്‍. കടലില്‍ ജീവിക്കാന്‍ അനുയോജ്യമായ ധാരാളം പ്രത്യേകതകള്‍ അവയ്ക്ക് ലഭിച്ചിട്ടുണ്ട്. കട്ടിയുള്ള പരന്ന പുറന്തോടുകള്‍ ശത്രുക്കളില്‍നിന്ന് രക്ഷ പ്പെടുന്നതിനോടൊപ്പം വെള്ളത്തില്‍ വേഗത്തില്‍ സഞ്ചരിക്കാനും അവയെ സഹായിക്കുന്നു. കടലാമകളുടെ മുന്‍കാലുകള്‍ തുഴകള്‍പോലെ രൂപാന്തരപ്പെട്ടതിനാല്‍ അതിവേഗം വെള്ളത്തിലൂടെ സഞ്ചരിക്കാനും പിന്‍കാലുകള്‍ ഉപയോഗിച്ച് ദിശ നിയന്ത്രിക്കാനും സാധിക്കുന്നു.

sea-turtles

കൗതുകകരമായ ജീവിതചക്രമാണ് കടലാമകളുടേത്

ഏഴ് ഇനം കടലാമകളാണുള്ളത്. അതില്‍ അഞ്ചിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കടലാമകളുടെ ഘ്രാണശക്തി വളരെ മികച്ചതാണ്. വായ ചെറുതായി തുറന്ന് നിരന്തരമായി വായിലൂടെ വെള്ളം കയറ്റി പുറത്തേക്കുവിട്ടാണ് അവ മണംപിടിക്കുന്നത്. ഭക്ഷണം കണ്ടെത്തുന്നതും മണത്തിലൂടെയാണ്. വെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അന്തരീക്ഷവായു ശ്വസിക്കാനും മുട്ടയിടാനുമായി ഇവ കരയിലേക്ക് വരുന്നു. കടലാമകളുടെ ജീവിതചക്രം അങ്ങേയറ്റം കൗതുകകരമാണ്. സാധാരണയായി, രാത്രികാലങ്ങളിലാണ് പെണ്‍കടലാമകള്‍ മുട്ടയിടാനായി കരയിലേക്ക് വരുന്നത്. വേലിയേറ്റ സമയത്ത് സുരക്ഷിതവും ഇരുട്ടുള്ളതുമായ ഒരു സ്ഥലം ഇവ തിരഞ്ഞെടുക്കുന്നു. പിന്‍കാലുകള്‍കൊണ്ട് ഒരു കുഴിയുണ്ടാക്കി മുട്ട അതില്‍ നിക്ഷേപിക്കുന്നു. കുഴി അവിടെ ഉണ്ടെന്നുപോലും തോന്നാത്തത്രയും പൂര്‍ണതയോടെ കുഴി മൂടിയശേഷം തിരികെ കടലിലേക്ക് പോകുന്നു. അന്‍പത് ദിവസത്തിലേറെക്കഴിഞ്ഞാണ് മുട്ടകള്‍ വിരിയുന്നത്.

sea-turtles

മുട്ടയിടാനായി ജനിച്ച അതേ കടല്‍ത്തീരത്തേക്ക് തിരിച്ചുവരുന്ന പെണ്‍ ആമകള്‍

കടലാമ ഒരു സമയത്ത് 60 മുതല്‍ 150 മുട്ടവരെ ഇടാറുണ്ട്. മുട്ട വിരിഞ്ഞശേഷം കടലില്‍ പ്രതിഫലിക്കുന്ന നിലാവിന്റെ വെളിച്ചം കണ്ടാണ് കുഞ്ഞുങ്ങള്‍ കടലിലേക്ക് പോകുന്നത്. മുട്ടവിരിഞ്ഞു കടലിലേക്ക് പോകുന്ന കടലാമകള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കാറുണ്ട്. പ്രായപൂര്‍ത്തിയായ പെണ്ണാമകള്‍ തങ്ങള്‍ ജനിച്ച അതേ കടല്‍ത്തീരത്ത്തന്നെ മുട്ടയിടാനായി വരാറുണ്ടത്രേ. ആണാമകള്‍ ഒരിക്കലും ഇങ്ങനെ ജനിച്ച തീരത്തേക്ക് മടങ്ങിവരാറില്ല.

sea-turtles

ഇന്ന് വംശനാശ ഭീഷണിയുടെ നിഴലിലാണ് കടലാമകള്‍. കടലാമകള്‍ക്ക് ശത്രുക്കള്‍ ഏറേയാണ്. കുറുക്കന്‍,കീരി,നായ്,പന്നി ഇവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. മനുഷ്യനും കടലാമകളുടെ ശത്രുവായി മാറിയിട്ടുണ്ട്. മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി കൊന്നും മറ്റും വില്‍ക്കുന്നു. ട്രോളി ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ഇവയുടെ നിലനില്‍പ്പിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ആവാസവ്യവസ്ഥയുടെ ശോഷണം, കാലാവസ്ഥാ വ്യതിയാനം, അനിയന്ത്രിതമായ വേട്ട ഇവയൊക്കെ കടലാമകളുടെ വംശനാശ ഭീഷണിക്ക് കാരണങ്ങളാണ്.

Content Highlights : What is special about Talamas? Why do we say they should be protected?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image