

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. പല തരം രോഗങ്ങള്‍ക്ക് മദ്യപാനം കാരണവുമാകുന്നുണ്ട്. എങ്കിലും ആഘോഷ അവസരങ്ങളില്‍ പലപ്പോഴും വിരുന്ന് മേശയില്‍ ഇടം പിടിക്കുന്ന മദ്യത്തെ പാടേ തള്ളിക്കളയാന്‍ പലര്‍ക്കും കഴിയാറുമില്ല. മദ്യത്തിന് പലയിടങ്ങളിലും വിലവ്യത്യാസമുണ്ട്. ഏറ്റവുമധികം വിലക്കുറവുള്ള രാജ്യം ഏതാണെന്ന് അറിയാമോ?.

മദ്യത്തിന്റെ വിലക്കുറവിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം വിയറ്റ്‌നാമിനെക്കുറിച്ച് പറയേണ്ടിവരും. വിയറ്റ്‌നാമാണ് മദ്യത്തിന് ഏറ്റവും വിലക്കുറവുളള രാജ്യം. ഒരു കുപ്പി മദ്യത്തിന് 35 രൂപ മാത്രമേ വിലയുള്ളൂ. അവിടെ ജനങ്ങള്‍ക്ക് ഏകദേശം ഒരു ലക്ഷം രൂപ ശരാശരി ആളോഹരി വരുമാനമുള്ളതിനാല്‍ പ്രദേശവാസികള്‍ക്ക് മദ്യം എളുപ്പത്തില്‍ ലഭ്യമാണ്. താങ്ങാവുന്ന വിലയില്‍ മദ്യം ലഭിക്കുന്ന മറ്റൊരു ജനപ്രിയ രാജ്യം ഉക്രെയ്ന്‍ ആണ്. അവിടെ ചില ബ്രാന്‍ഡുകള്‍ക്ക് ഒരു കുപ്പിക്ക് ഏകദേശം 45 രൂപ വിലവരും. അതുപോലെ, ആഫ്രിക്കയിലെ സാംബിയ വിലകുറഞ്ഞ മദ്യത്തിന് പേരുകേട്ട രാജ്യമാണ്. കുപ്പിക്ക് ഏകദേശം 75 രൂപ വിലവരും.

കുറഞ്ഞ എക്‌സൈസ് തീരുവ, കുറഞ്ഞ ഉല്‍പാദനച്ചെലവ്, പ്രാദേശിക ഉല്‍പ്പാദന ചെലവുകളുടെ കുറവ്, ഉയര്‍ന്ന പ്രാദേശിക ഉപഭോഗം, വലിയ ആഭ്യന്തര വിപണി എന്നിവയൊക്കെ ഇവിടങ്ങളില്‍ മദ്യത്തിന്റെ വന്‍തോതിലുള്ള ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊക്കെ വില കുറയുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ഉക്രെയ്ന്‍, വെനിസ്വേല, സാംബിയ തുടങ്ങിയ രാജ്യങ്ങളിലും മദ്യത്തിന് താരതമ്യേനെ വിലകുറവാണ്.

വിയറ്റ്‌നാമില്‍ നിന്നോ മറ്റേതെങ്കിലും രാജ്യത്ത് നിന്നോ ഇന്ത്യയിലേക്ക് മദ്യം കൊണ്ടുവരണമെങ്കില്‍ ഇന്ത്യന്‍ കസ്റ്റംസ് നിയമങ്ങള്‍ ബാധകമാണ്. ഇന്ത്യന്‍ നിയമപ്രകാരം, മുതിര്‍ന്ന യാത്രക്കാര്‍ക്ക് 2 ലിറ്റര്‍ വരെ വൈന്‍ അല്ലെങ്കില്‍ സ്പിരിറ്റ്, ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാം. ഈ പരിധിയില്‍ കൂടുതലാണെങ്കില്‍ കനത്ത കസ്റ്റംസ് തീരുവ ഈടാക്കും. വൈനിന് 206% വരെയും സ്പിരിറ്റിന് 218% വരെയും തീരുവ ഈടാക്കാം. അതിനാല്‍, വിദേശത്ത് നിന്ന് വിലകുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയാലും, കസ്റ്റംസ് തീരുവ ചേര്‍ത്താല്‍ അത് വളരെ ചെലവേറിയതായിത്തീരും.
Content Highlights : Which countries are cheapest to buy alcohol? What is the amount of alcohol that can be brought into India duty-free?