

താമസിച്ച് ജോലിക്ക് എത്തിയതിന് ജീവനക്കാരെ ജോലിയിലില്‍നിന്ന് പിരിച്ചുവിടപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നേരത്തെ ജോലിസ്ഥലത്ത് എത്തിയതിന് ആരെയെങ്കിലും ജോലിയില്‍നിന്ന് പിരിച്ചുവിടുമോ? അതെന്തിനാണ് അങ്ങനെ പിരിച്ചുവിടുന്നത് എന്നാവും ചിന്തിക്കുന്നത് അല്ലേ? എന്നാല്‍ അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഏകദേശം രണ്ട് വര്‍ഷക്കാലമായി പതിവായി നേരത്തെ ജോലിക്ക് എത്തിയതിന് ഒരു ജീവനക്കാരിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. പിരിച്ചുവിട്ട തൊഴിലുടമയുടെ ഭാഗമാണ് ശരിയെന്ന് കോടതി വിധിക്കുകയും ചെയ്തു.

സ്‌പെയിനിലാണ് സംഭവം നടന്നത്. 22 വയസ്സുളള ജീവനക്കാരി രണ്ട് വര്‍ഷമായി അവര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ 40 മിനിറ്റ് നേരത്തെ വന്നുകൊണ്ടിരിക്കുകയായിരുന്നു. രാവിലെ 6.45നും 7നും ഇടയിലാണ് സ്ഥിരമായി യുവതി വന്നുകൊണ്ടിരുന്നത്. എന്നാല്‍ ജോലിസമയം ആരംഭിക്കുന്നത് 7.30തിനാണ്. അതിന് മുന്‍പ് ഓഫീസില്‍ എത്തേണ്ടതില്ല, അപ്പോള്‍ ചെയ്യാന്‍ ജോലിയൊന്നും ഇല്ല എന്ന് തൊഴിലുടമ യുവതിയെ അറിയിച്ചിരുന്നു. ഉടമയുടെ ഈ വാക്കുകള്‍ യുവതി ചെവിക്കൊണ്ടില്ല. ഒടുവില്‍ യുവതി നേരത്തെ എത്തുന്നതുകൊണ്ട് പ്രത്യേകിച്ച് സംഭാവനകളൊന്നും ലഭിക്കുന്നില്ല എന്നും മറിച്ച് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകമാത്രമാണ് ചെയ്തതെന്നും കാണിച്ച് തൊഴിലുടമ അവളെ പിരിച്ചുവിടുകയായിരുന്നു.

തന്നെ പുറത്താക്കിയത് അന്യായമാണെന്ന് ആരോപിച്ച് യുവതി സ്‌പെയിനിലെ 'അലികാന്റെ' സോഷ്യല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ നിരവധി തവണ വാക്കാലും രേഖാമൂലവുമുളള മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ ആ പ്രവര്‍ത്തി പിന്നെയും ആവര്‍ത്തിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
യുവതി ഓഫീസില്‍ എത്തിയ പല അവസരങ്ങളില്‍ കമ്പനി ആപ്പ് ലോഗിന്‍ ചെയ്തുവെന്നും അതുവഴി അവര്‍ വിശ്വാസവനഞ്ചന കാണിച്ചുവെന്നും തൊഴിലുടമ കോടതിയെ ബോധ്യപ്പെടുത്തി. അവരുടെ അമിത സമയനിഷ്ഠ പ്രശ്‌നമല്ലെന്നും ജോലിസ്ഥലത്തെ നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതാണ് പിരിച്ചവിടാനുള്ള കാരണമെന്നും കോടതി നിരീകഷിച്ചു. അതുകൊണ്ട് സ്പാനിഷ് തൊഴിലാളി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 54 അവര്‍ ലംഘിച്ചു എന്നാണ് കോടതി വിധിച്ചത്.
Content Highlights :Employee fired for arriving at office 40 minutes early