കാണാൻ വൻ ലുക്ക്, പക്ഷെ കയ്യിലിരിപ്പ് മഹാമോശം; ഒടുവിൽ അരയന്നത്തെ കെട്ടിപ്പൂട്ടി പറഞ്ഞയച്ചു

മിസ്റ്റര്‍ ടെര്‍മിനേറ്റര്‍ എന്നായിരുന്നു അതിഥി അരയന്നത്തിന് നാട്ടുകാര്‍ നല്‍കിയ പേര്

കാണാൻ വൻ ലുക്ക്, പക്ഷെ കയ്യിലിരിപ്പ് മഹാമോശം; ഒടുവിൽ അരയന്നത്തെ കെട്ടിപ്പൂട്ടി പറഞ്ഞയച്ചു
dot image

മൃഗങ്ങളുടെയും പക്ഷികളുടെയും ലോകത്ത് കൗതുകകരമായ പല കാര്യങ്ങളും നടക്കാറുണ്ട്. ചിലപ്പോള്‍ ജീവികളുടെ ലോകത്തെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മനുഷ്യര്‍ക്കും ഇടപെടേണ്ടി വരാറുണ്ട്. ഇങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് ബ്രിട്ടണില്‍. സ്ട്രാറ്റ്‌ഫോര്‍ഡ്-അപ്പോണ്‍-അവണിലെത്തിയ ഒരു കറുപ്പന്‍ അരയന്നമാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം.

ഓസ്‌ട്രേലിയയിലാണ് ഈ ഇനം അരയന്നത്തെ സാധാരണയായി കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടണിലെ ഗ്രാമത്തിലേക്ക് ഈ ബ്ലാക്ക് സ്വാന്‍ എത്തുന്നത്. വന്നതും പ്രദേശത്തെ സ്റ്റാറായി പക്ഷി മാറി. നിരവധി പേര്‍ അയല്‍പ്രദേശങ്ങളില്‍ നിന്നും പക്ഷിയെ കാണാനായി എത്തി. റെജി എന്നാണ് നാട്ടുകാര്‍ പക്ഷിയ്ക്ക് ഇട്ട പേര്. പക്ഷെ വൈകാതെ 'മിസ്റ്റര്‍ ടെര്‍മിനേറ്റര്‍' എന്ന വിളിപ്പേര് റെജിയ്ക്ക് വീണു.

അതിന് രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ശരീരഘടനയും കറുത്ത നിറത്തിലുള്ള തൂവലുകളും തന്നെയായിരുന്നു. മറ്റൊന്ന് റെജിയുടെ സ്വഭാവം ആയിരുന്നു. പ്രദേശത്തെ മുഴുവന്‍ തന്റെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ റെജിയുടെ ഭാഗത്ത് നിന്നുമുണ്ടായി.

black swan and whit swan

സ്ട്രാറ്റ്‌ഫോര്‍ഡില്‍ 60 വെളുത്ത മ്യൂട്ട് അരയന്നങ്ങള്‍ ഉണ്ടായിരുന്നു. അരയന്നങ്ങളുടെ സ്പീഷീസിലെ മറ്റുള്ളവയോ പോലെ ശബ്ദങ്ങളുണ്ടാക്കാത്തതിനാലാണ് ഈ വിഭാഗം മ്യൂട്ട് സ്വാന്‍സ് എന്ന് അറിയപ്പെടുന്നത്. ഇവയെ ബാധിക്കുന്ന തരത്തിലേക്ക് മിസ്റ്റര്‍ ടെര്‍മിനേറ്ററുടെ പ്രവര്‍ത്തികള്‍ മാറുകയായിരുന്നു.

ചില അരയന്നങ്ങളെ വെള്ളത്തില്‍ മുക്കാനും അടയിരിക്കുന്ന പക്ഷികളെ ശല്യപ്പെടുത്താനും തുടങ്ങിയതായിരുന്നു ആദ്യം. ചില അരയന്നങ്ങളെയും കുഞ്ഞുങ്ങളെയും ആക്രമിക്കാനും അവയുടെ പ്രദേശം കീഴ്‌പ്പെടുത്താനും കൂടി റെജി പണി തുടങ്ങിയതോടെ പരിസ്ഥിത വകുപ്പും പ്രവര്‍ത്തകരും ഇടപെടുകയായിരുന്നു.

അരയന്നങ്ങളുടെ വാര്‍ഡനായ സിറില്‍ ബെന്നിസിന്റെ നേതൃത്വത്തില്‍ ഏറെ ശ്രമപ്പെട്ട് ബ്ലാക്ക് സ്വാനെ പിടികൂടി. നിലവില്‍ പ്രദേശത്തെ ഒരു പാര്‍ക്കിലാണ് 'മിസ്റ്റര്‍ ടെര്‍മിനേറ്റര്‍'. വൈകാതെ തന്നെ ഡേവണിലെ ഡ്വാളിഷ് വാട്ടര്‍ഫൗള്‍ സെന്ററിലേക്ക് റെജിയെ മാറ്റും.

ആദ്യം റെജി ഏറെ അസ്വസ്ഥനായിരുന്നു എന്നും എന്നാല്‍ പിന്നീട് ശാന്തനായെന്നും സിറില്‍ പറയുന്നു. എന്തായാലും പ്രദേശത്തെ വെള്ള അരയന്നങ്ങള്‍ക്ക് ഇതോടെ അല്‍പം ആശ്വാസമായല്ലോ എന്നാണ് നാട്ടുകാരുടെ പ്രതികരണം.

Content Highlights: A black swan becomes restless in UK people had to send ot away

dot image
To advertise here,contact us
dot image