'മുഖം നോക്കാതെ ഭരണകൂടങ്ങളെ വിമർശിക്കാൻ അതികായനായ ആ മാധ്യമപ്രവർത്തകൻ മടി കാണിച്ചില്ല': കെ സി വേണുഗോപാൽ

'ധീരവും വിമര്‍ശനാത്മകവുമായ നിലപാടുകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ ഒരു മായാത്ത മുദ്ര പതിപ്പിച്ചാണ് ടിജെഎസ് ജോര്‍ജ് എന്ന ആദര്‍ശ മാധ്യമപ്രവര്‍ത്തന മാതൃക വിട പറയുന്നത്': കെ സി വേണുഗോപാല്‍ പറഞ്ഞു

'മുഖം നോക്കാതെ ഭരണകൂടങ്ങളെ വിമർശിക്കാൻ അതികായനായ ആ മാധ്യമപ്രവർത്തകൻ  മടി കാണിച്ചില്ല': കെ സി വേണുഗോപാൽ
dot image

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജിനെ അനുസ്മരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മുഖം നോക്കാതെ ഭരണകൂടങ്ങളെ എന്നും വിമര്‍ശിക്കാന്‍ ടിജെഎസ് ജോര്‍ജ് എന്ന അതികായനായ മാധ്യമപ്രവര്‍ത്തകന്‍ മടി കാണിച്ചിരുന്നില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. തീഷ്ണമായ തൂലികയും വിട്ടുവീഴ്ച്ചയില്ലാത്ത ശബ്ദവും കൊണ്ട് ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കിയെന്നും വായനക്കാരെ ചിന്തിക്കാനും ഭരണകൂടത്തെ ചോദ്യം ചെയ്യാനും പൊതുവിഷയങ്ങളില്‍ ഇടപെടാനും പ്രേരിപ്പിച്ച മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്നു അദ്ദേഹമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നിശിതമായ വിമര്‍ശനങ്ങളും രാഷ്ട്രീയ സംഭവങ്ങളെ ചരിത്രപരവും സാമൂഹികപരവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഉള്‍ക്കാഴ്ച്ച നിറഞ്ഞ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ 'പോയിന്റ് ഓഫ് വ്യൂ' എന്ന കോളം കാല്‍നൂറ്റാണ്ടിലധികം കാലം രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ മുന്നോട്ടുനയിച്ചിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 'ധീരവും വിമര്‍ശനാത്മകവുമായ നിലപാടുകള്‍ ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ ഒരു മായാത്ത മുദ്ര പതിപ്പിച്ചാണ് ടിജെഎസ് ജോര്‍ജ് എന്ന ആദര്‍ശ മാധ്യമപ്രവര്‍ത്തന മാതൃക വിടപറയുന്നത്': കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് ടിജെഎസിന്‍റെ മരണം. സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. 1950ല്‍ മുംബൈയിലെ ഫ്രീപ്രസ് ജേര്‍ണലിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജ സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഇസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. സമകാലിക മലയാളം ഉള്‍പ്പെടുന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഉപദേശക പദവി വഹിച്ചിരുന്നു. 

കെ സി വേണുഗോപാലിന്റെ കുറിപ്പ്

'പോയിന്റ് ഓഫ് വ്യൂ'. നിശിതമായ വിമർശനങ്ങളും രാഷ്ട്രീയ സംഭവങ്ങളെ ചരിത്രപരവും സാമൂഹികപരവുമായ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന ഉൾക്കാഴ്ച നിറഞ്ഞ 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സി'ലെ ഈ കോളം കാൽനൂറ്റാണ്ടിലധികം കാലം രാഷ്ട്രീയ വിദ്യാർത്ഥികളെ മുന്നോട്ടുനയിച്ചിരുന്നു. മുഖം നോക്കാതെ ഭരണകൂടങ്ങളെ എന്നും വിമർശിക്കാൻ ടിജെഎസ് ജോർജ് എന്ന അതികായനായ മാധ്യമപ്രവർത്തകൻ മടി കാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് തുടക്കം മുതൽക്ക്, 'നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ' എന്ന തലക്കെട്ടിൽ അവസാനത്തെ കോളം എഴുതിക്കൊണ്ട് മൂന്ന് വർഷം മുമ്പ് അദ്ദേഹം സജീവ പത്രപ്രവർത്തനത്തിൽനിന്ന് വിടവാങ്ങും വരെയും ആ വായന തുടർന്നു.

തീക്ഷ്ണമായ തൂലികയും വിട്ടുവീഴ്ചയില്ലാത്ത ശബ്ദവും കൊണ്ട് ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ പത്രപ്രവർത്തനത്തിന് അദ്ദേഹം വലിയ സംഭാവനകൾ നൽകി. വായനക്കാരെ ചിന്തിക്കാനും ഭരണകൂടത്തെ ചോദ്യം ചെയ്യാനും പൊതുവിഷയങ്ങളിൽ ഇടപെടാനും പ്രേരിപ്പിച്ച മാധ്യമപ്രവർത്തനത്തിന്റെ മാതൃക കൂടിയായിരുന്നു ടിജെഎസ് ജോർജ്.

അങ്ങേയറ്റം വ്യക്തിബന്ധമുണ്ടായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ കർണാടകത്തിന്റെ ചുമതലയുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ വീട്ടിൽപ്പോയി സന്ദർശിച്ചിരുന്നു. ഒരു വഴികാട്ടി എന്ന നിലയിൽ ഒട്ടേറെ വിഷയങ്ങളിൽ നിലപാടുകൾ പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ കേൾക്കാനും അദ്ദേഹം ഇടം നൽകിയിരുന്നു. ആ ബന്ധം ഒരുകാലത്തും പക്ഷേ, വിമർശനങ്ങൾക്കുള്ള തടസ്സമായി അദ്ദേഹം കണ്ടിരുന്നില്ല. ധീരവും വിമർശനാത്മകവുമായ നിലപാടുകൾ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചാണ് ടിജെഎസ് ജോർജ് എന്ന ആദർശ മാധ്യമപ്രവർത്തന മാതൃക വിടപറയുന്നത്. അദ്ദേഹത്തിന്റെ വിയോഗവാർത്ത അറിഞ്ഞ ഉടൻതന്നെ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിച്ചു. ഏറെ ആദരവോടെ പ്രണാമം.

Content Highlights: KC Venugopal remembers veteran journalist tjs george

dot image
To advertise here,contact us
dot image