
ആഗോളവ്യാപകമായി പ്രതിസന്ധി സൃഷ്ടിക്കുന്ന കാലാവസ്ഥ വ്യതിയാനം സ്പോർട്സിനെയും ബാധിക്കുന്നു. ഒളിമ്പിക് സ്പോർട്സിൻ്റെ ആഗോള കലണ്ടർ പുനഃക്രമീകരിക്കേണ്ടി വരുമെന്നാണ് ലോക അറ്റ്ലറ്റിക് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കോ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ടോക്കിയോയിൽ സമാപിച്ച ലോക അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ താരങ്ങൾക്ക് കൊടും ചൂടിനെ അഭിമുഖീകരിക്കേണ്ടി വന്ന പശ്ചാത്തലത്തിലായിരുന്നു കോ നിലപാട് വ്യക്തമാക്കിയത്. 30 ഡിഗ്രി സെൽഷ്യസിൽ കൂടുതലുണ്ടായിരുന്ന താപനിലയും 90 ശതമാനത്തിലധികം വരുന്ന ഹ്യുമിഡിറ്റിയും ലോക ചാമ്പ്യൻഷിപ്പിനെത്തിയ അത്‌ലറ്റുകളെ വലച്ചിരുന്നു. ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടന ദിവസം മുതൽ ചൂടായിരുന്നു ചൂടൻ ചർച്ചയും.
അത്‌ലറ്റുകൾക്ക് സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് മാരത്തൺ പോലുള്ള മത്സരങ്ങൾ ഭാവിയിൽ വർഷത്തിലെ വ്യത്യസ്ത സമയങ്ങളിൽ വെവ്വേറെ നടത്തേണ്ടിവരുമെന്നും കോ അഭിപ്രായപ്പെട്ടിരുന്നു. ഇത് ഏതെങ്കിലും ഘട്ടത്തിൽ വളരെ വേഗം സംഭവിക്കുമെന്നാണ് താൻ കരുതുന്നതെന്നും കോ വ്യക്തമാക്കിയിരുന്നു.
വേൾഡ് അത്‌ലറ്റിക്സ് നടത്തിയ പഠനത്തിൽ 70 ശതമാനം അത്‌ലറ്റുകളുടെയും പരിശീലനത്തെയും മത്സര പരിപാടികളെയും കാലാവസ്ഥാ വ്യതിയാനവും ചൂടും ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് കോ ഈ വിഷയത്തിൽ പ്രതികരിച്ചത്. സർക്കാരുകൾ ഈ വിഷയത്തിൽ ഏതെങ്കിലും നിലയിലുള്ള മുൻകൈ എടുത്തിട്ടില്ലെന്നും സെബാസ്റ്റ്യൻ കോ കുറ്റപ്പെടുത്തി. ഇതെല്ലാം ഉൾക്കൊണ്ട് ഒളിമ്പിക് സ്‌പോർട്‌സും ഒരുപക്ഷേ ഒളിമ്പിക് പ്രസ്ഥാനവും കൂട്ടായി അന്താരാഷ്ട്ര കലണ്ടർ പുനഃക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് കോ വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരം സമയമാറ്റം അന്താരാഷ്ട്ര മത്സരങ്ങളുടെ ബ്രാൻഡിംഗിൽ ചില പ്രശ്നങ്ങളുണ്ടാക്കിയേക്കാം എന്നും കോ ചൂണ്ടിക്കാണിച്ചു. എന്നാൽ ഇത്തരം താൽപ്പര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി അത്‌ലറ്റുകളോട് വർഷത്തിലെ ചില സമയങ്ങളിൽ മത്സരിക്കാൻ ആവശ്യപ്പെടാൻ നമുക്ക് കഴിയുമോ എന്ന ചോദ്യവും കോ മുന്നോട്ടുവെച്ചു. ഇത്തരത്തിൽ ആവശ്യപ്പെടുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുകയും അവരെ അപകടത്തിലാക്കുകയും ചെയ്യുമെന്നും കോ ചൂണ്ടിക്കാണിച്ചു.
നേരത്തെ കോവിഡ് കാലഘട്ടത്തിൽ കാണികളെ പ്രവേശിപ്പിക്കാതെ നടത്തിയ ഒളിമ്പിക്സ് നടത്തിയ ജപ്പാനിലെ നാഷണൽ സ്റ്റേഡിയത്തിൽ തന്നെയായിരുന്നു ഇത്തവണത്തെ ലോക അറ്റ്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടന്നത്. ഒമ്പത് ദിവസം നീണ്ടുനിന്ന ചാമ്പ്യൻഷിപ്പ് ഞായറാഴ്ച രാത്രിയാണ് സമാപിച്ചത്.
The global calendar of Olympic sports may need to be re-engineered regarding climate change