
ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി ദി എപിക് ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തും. സംവിധായകൻ രാജമൗലി ചിത്രത്തിന്റെ അവസാനഘട്ട മിനുക്ക് പണികളിൽ ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിനിൽക്കുന്നത്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേർത്ത് നാലര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. അതുകൊണ്ട് തന്നെ കുറച്ച് ഭാഗങ്ങൾ ട്രിം ചെയ്ത് കളയാനാണ് രാജമൗലിയുടെ തീരുമാനമെന്നാണ് സൂചന.
.@ssrajamouli giving finishing touches and final edit trims for @BaahubaliMovie “The Epic”! Editing has been one of the most challenging tasks of making this version! #BaahubaliTheEpic #BaahubaliTheEpicOnOct31st #Prabhas @RanaDaggubati @tamannaahspeaks @MsAnushkaShetty @ssk1122… pic.twitter.com/HH6C5trQSv
— Shobu Yarlagadda (@Shobu_) October 3, 2025
പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിൽ സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുന്ന ആവേശത്തിലാണ് പ്രേക്ഷകർ. ഇപ്പോൾ ഈ പുതിയ വേർഷനിൽ ചില മാറ്റങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന.
ഇതുവരെ കാണാത്ത ചില പുതിയ സീനുകളും ഈ പതിപ്പിൽ ഉണ്ടായേക്കുമെന്നാണ് സൂചന. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീറിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും.
റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്.
ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. രണ്ടാം ഭാഗമായി 2017 ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷനും ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തു. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ആദ്യഭാഗത്തിൽ അതിഥിവേഷത്തിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപുമുണ്ടായിരുന്നു.
Content Highlights: Rajamouli in edit suite for some changes in bahubali the epic movie