24 വർഷത്തെ ഏകാന്തവാസം; കൂട്ടിന് ആഫ്രിക്കൻ പെണ്ണാനയെ എത്തിക്കുന്നതിന് മുമ്പായി ശങ്കർ ചെരിഞ്ഞു

അവൻ സ്വയം തീ‍ർത്ത ഏകാന്തതയിലേയ്ക്ക് പിൻവലിഞ്ഞു. മറ്റ് ആനകളുമായി ചേരാൻ ശങ്കർ ശ്രമിച്ചില്ല. അങ്ങനെ കഴിഞ്ഞ രണ്ട് വ്യാഴവട്ടമായി സൗഹൃദങ്ങളില്ലാതെ ഏകാന്തവാസത്തിലായിരുന്നു ശങ്കർ

24 വർഷത്തെ ഏകാന്തവാസം; കൂട്ടിന് ആഫ്രിക്കൻ പെണ്ണാനയെ എത്തിക്കുന്നതിന് മുമ്പായി ശങ്കർ ചെരിഞ്ഞു
dot image

സിംബാവെയിൽ നിന്നും ഇന്ത്യയിൽ എത്തിച്ച, ഡൽഹിയിൽ അവശേഷിച്ച ഏക ആഫ്രിക്കൻ ആനയായ ശങ്കർ ചെരിഞ്ഞു. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമ്മയ്ക്ക് സിംബാവെ സർക്കാർ സമ്മാനമായി നൽകിയ രണ്ട് അഫ്രിക്കൻ ആനകളിൽ ഒന്നായി ശങ്കർ ഇന്ത്യയിലെത്തിയത് 1998ലായിരുന്നു. 2001ൽ കൂട്ടാളിയായ ആഫ്രിക്കൻ ആന ചെരിഞ്ഞതിന് ശേഷം കഴിഞ്ഞ 24 വർഷത്തോളമായി ഏകാന്തവാസത്തിലായിരുന്നു ശങ്കർ. മൃ​ഗശാലയിലെ മറ്റ് ഏഷ്യൻ ആനകളോട് ഒരിക്കലും കൂട്ടുകൂടാൻ ശങ്കർ തയ്യാറായിരുന്നില്ല. അതിനായി മൃ​ഗശാല അധികൃതർ പലവട്ടം ശ്രമിച്ചിരുന്നെങ്കിലും ശങ്കർ കൂട്ടാക്കിയിരുന്നില്ല. ശങ്കറിനെ ഒപ്പം കൂട്ടാൻ മറ്റുള്ള ആനകളും മടിച്ചിരുന്നു.

ശങ്കറിനൊപ്പം സിംബാവെയിൽ നിന്നെത്തിയ കൂട്ടുകാരൻ ഒപ്പമുണ്ടായിരുന്നപ്പോൾ ശങ്കർ ഏറെ കുറുമ്പനായിരുന്നു എന്നാണ് മൃഗശാലയിലെ ജീവനക്കാർ ഓർമ്മിക്കുന്നത്. ഇരുവരുടെയും കളിയും കുറുമ്പുമെല്ലാം മൃഗശാല സന്ദർശകരെ സംബന്ധിച്ചും ഹരമായിരുന്നു. പരസ്പരം കൊമ്പുകോർത്തിരുന്ന ഇരുവരും അക്കാലത്ത് ഡ‍ൽഹി മൃ​ഗശാലയിലെ ഏറ്റവും പ്രിയപ്പെട്ട ജനകീയ കൂട്ടുകെട്ടായിരുന്നു. എന്നാൽ സൃഹത്തായ ആന ചെരി‍ഞ്ഞതിന് പിന്നാലെ ശങ്കറിൻ്റെ പെരുമാറ്റം മാറി. അവൻ സ്വയം തീ‍ർത്ത ഏകാന്തതയിലേയ്ക്ക് പിൻവലിഞ്ഞു. മറ്റ് ആനകളുമായി ചേരാൻ ശങ്കർ ശ്രമിച്ചില്ല. അങ്ങനെ കഴിഞ്ഞ രണ്ട് വ്യാഴവട്ടമായി സൗഹൃദങ്ങളില്ലാതെ ഏകാന്തവാസത്തിലായിരുന്നു ശങ്കർ.

ആറ് മാസത്തിൽ കൂടുതൽ ആനകളെ ഒറ്റയ്ക്ക് വളർത്തുന്നതിന് 2009ൽ വിലക്ക് ഏർപ്പെടുത്തിയിട്ടും ചെരിയുന്നത് വരെ ശങ്കർ അവിടെ തുടർന്നു. 2012-ൽ ശങ്കറിനെ ഒരു പുതിയൊരു കൂടാരത്തിലേക്ക് മാറ്റിയെങ്കിലും അതും ഏകാന്തതയുടെ തടവറ പോലെയായിരുന്നു. ഒറ്റയ്ക്ക് വസിക്കുന്ന ശങ്കറിനെ മൃഗശാലയിൽ നിന്ന് മാറ്റി മറ്റ് ആഫ്രിക്കൻ ആനകളെ പാർപ്പിക്കുന്ന വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിക്കണമെന്ന് വർഷങ്ങളായി ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ട് വരികയായിരുന്നു. ശങ്കറിനെ മറ്റ് ആഫ്രിക്കൻ ആനകളുള്ള ഒരു സങ്കേതത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജി 2021-ൽ, ഡൽഹി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. മൃഗശാലകൾ വഴി വന്യമൃഗങ്ങളെ കൈമാറുന്നത് കൈകാര്യം ചെയ്യുന്ന കമ്മിറ്റിയെ സമീപിക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ചു കൊണ്ട് രണ്ട് വർഷത്തിന് ശേഷം കോടതി ഹർജി തള്ളിയിരുന്നു.

Shankar was among two African elephants that arrived in India in 1998 as a diplomatic gift from Zimbabwe to former India President Shankar Dayal Sharma.

ഇന്ത്യയിലെ മൃഗശാലകളിൽ രണ്ട് ആഫ്രിക്കൻ ആനകളാണ് ഉണ്ടായിരുന്നത്. ഒന്ന് ശങ്കറും മറ്റൊന്ന് മൈസൂർ മൃ​ഗശാലയിലെ മുതിർന്ന ആനയും.‌ ഈ രണ്ട് ആഫ്രിക്കൻ ആൺ ആനകൾക്കും ഇണകളെ കണ്ടെത്താൻ മൃഗശാലകൾ വളരെക്കാലമായി ശ്രമിച്ച് വരികയായിരുന്നു.

ശങ്കറിൻ്റെ ഏകാന്തവാസം സംബന്ധിച്ച് നിരവധി ചർച്ചകൾ നിലവിലുണ്ടായിരുന്നു. ഡൽഹിയിലെ മൃഗശാലയിൽ ശങ്കറിനെ പാർപ്പിച്ചിരുന്ന പശ്ചാത്തലത്തെക്കുറിച്ച് ആക്ടിവിസ്റ്റുകൾ വിമർശനം ഉന്നയിച്ചിരുന്നു. ‍ഡൽഹിയിൽ ആഫ്രിക്കൻ ആനയെ പാ‍ർപ്പിച്ചിരുന്ന ആവാസവ്യവസ്ഥ ഇരുണ്ടതും അപര്യാപ്തവുമാണെന്നായിരുന്നു ഇവരുടെ വാദം.

ശങ്കറിന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയം ഡൽഹി മൃഗശാലയുടെ അംഗത്വം ആറ് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തിരുന്നു. ശങ്കറിനെ സ്ഥലം മാറ്റുകയോ പരിചരണം മെച്ചപ്പെടുത്തുകയോ ചെയ്യുന്നതിനായി 2025 ഏപ്രിൽ വരെ ഡൽഹി മൃഗശാലയ്ക്ക് സംഘടന സമയം നൽകിയിരുന്നു. സമയപരിധി ലംഘിച്ചാൽ അംഗത്വം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. പിന്നാലെ ശങ്കറിന് ഒരു പെണ്ണാനയെ പങ്കാളിയെ കൊണ്ടുവരാനുള്ള നീക്കങ്ങളെക്കുറിച്ച് സർക്കാർ സൂചന നൽകിയിരുന്നു. സിംബാബ്‌വെയും ബോട്‌സ്വാനയും ഇതിന് താൽപ്പര്യം പ്രകടിപ്പിച്ചതായും ഔപചാരികതക ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു റിപ്പോർ‌ട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം ശങ്കർ ചെരിയുന്നത് വരെ കൂട്ടിനായി പെണ്ണാനയെ എത്തിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. എന്തായാലും ആവശ്യമായ നടപടി ക്രമങ്ങൾ മൃ​ഗശാല അധികൃതർ സ്വീകരിച്ചില്ലെന്ന വിമർശനവും ഇപ്പോൾ ഉയരുന്നുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ ശങ്കർ കുഴഞ്ഞുവീണത്. നാൽപ്പത് മിനിട്ടിനകം ശങ്കർ ചെരിഞ്ഞു. ശങ്കറിൻ്റെ മരണകാരണത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. 29 വയസ്സുണ്ടായിരുന്ന ശങ്കറിൻ്റെമരണകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നാണ് മൃഗശാല ഡയറക്ടർ സഞ്ജീത് കുമാർ അറിയിച്ചിരിക്കുന്നത്. 70 വയസ്സാണ് ആഫ്രിക്കൻ ആനകളുടെ ആയുർദൈർഘ്യം.

Content Highlights: Shankar the lone African elephant at Delhi's zoo collapsed and died

dot image
To advertise here,contact us
dot image