
ഡൽഹിയിൽ വായു മലിനീകരണം വർധിച്ചു വരുന്നതിന്റെ ദൃശ്യങ്ങൾ നാം സാമൂഹ്യ മാധ്യമങ്ങളിൽ കാണാറുണ്ടല്ലോ. ഇതിലൂടെ ആളുകൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എത്രത്തോളം കഷ്ടപ്പെടുന്നു എന്നതും വ്യക്തമാണ്. ഇത്തരത്തിൽ ആളുകൾ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുന്നു.
ജൂലൈ 4നും 11നുമിടയിൽ കൃത്രിമ മഴയുടെ ആദ്യ പരീക്ഷണം നടത്താനാണ് നിലവിലെ തീരുമാനം. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരിലെ ഇന്ത്യൻ കാലാവസ്ഥ വകുപ്പിന് നിലവിൽ ക്ലൗഡ് സീഡിങ്ങിനുള്ള ഫ്ളൈറ്റ് പ്ലാൻ സമർപ്പിച്ചതായി ഡൽഹിയുടെ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ വ്യക്തമാക്കി. നിലവിലെ കാലാവസ്ഥ നിരീക്ഷണം അനുസരിച്ച് ജൂലൈ മൂന്ന് വരെ പ്രതികൂല സാഹചര്യമായതിനാലാണ് ജൂലൈ നാലിനും 11നുമിടയിൽ ഒരു ദിവസം ക്ലൗഡ് സീഡിങ്ങിനായി തിരഞ്ഞെടുത്തതെന്ന് സിർസ വ്യക്തമാക്കി.
വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ക്ലൗഡ് സീഡിങിന്റെ ഭാഗമായി അഞ്ച് വിമാനങ്ങൾ പറത്താനാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. ഏകദേശം 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഉദ്യമത്തിൽ ഓരോ വിമാനവും 100 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ക്ലൗഡ് സീഡിങ് നടത്തും. ക്ലൗഡ് സീഡിങിന് ആകെ ചിലവാകുന്ന തുകയായി നിലവിൽ കണക്കാക്കിയിരിക്കുന്നത് 3.21 കോടി രൂപയാണ്.
എന്താണ് ക്ലൗഡ് സീഡിങ്
മഴ മേഖങ്ങളിൽ സ്വാഭാവികമായി നടക്കേണ്ട ഭൗതിക-രാസ പ്രവർത്തനങ്ങൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ്, കറിയുപ്പ്, ദ്രവീകൃത പ്രൊപെയ്ൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതിനെ ക്ലൗഡ് സീഡിങ് എന്ന് പറയുന്നു. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ച് കൂട്ടി മഴ പെയ്യിക്കേണ്ട പ്രദേശത്ത് എത്തിച്ച് ഈ രാസപദാർത്ഥങ്ങൾ പ്രത്യേക വിമാനങ്ങളിൽ നിന്ന് മേഘങ്ങളിലേക്ക് സ്പ്രെെ ചെയ്യും. മേഘങ്ങളിൽ എത്തുന്ന രാസവസ്തുക്കൾ നീരാവി ഘനീഭവിപ്പിച്ച് മഴത്തുള്ളികളാക്കി മാറ്റും. ഭൂമിയിൽ നിന്ന് ഏകദേശം 16000 മുതൽ 20,000 അടി ഉയരത്തിൽ വരെയാണ് ഈ പ്രക്രിയകൾ നടക്കുന്നത്.
1940 കളിലാണ് ക്ലൗഡ് സീഡിങ് എന്ന വിദ്യ ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. ക്ലൗഡ് സീഡിങ് ചൈനയും അമേരിക്കയും പോലുള്ള രാജ്യങ്ങൾ നിരന്തരം പരീക്ഷിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ അത് അത്ര സാധാരണമല്ല. എല്ലായ്പ്പോഴും ക്ലൗഡ് സീഡിങ് നടക്കുമ്പോൾ മഴ പെയ്യാത്തത് ഇതിനെക്കുറിച്ച് ആളുകൾക്കിടയിൽ സംശയം ഉയർത്താനും കാരണമായിട്ടുണ്ട്. ക്ലൗഡ് സീഡിങ് നടത്തിയ ഉടനെയല്ല മഴ പെയ്യുന്നത് എന്നതിനാൽ പെയ്തത് കൃത്രിമ മഴയോ അതോ സ്വാഭാവിക മഴയോ എന്ന സംശയവും പലപ്പോഴുമുണ്ടാകാറുണ്ട്.
കാലാവസ്ഥ നിർണായകം
ക്ലൗഡ് സീഡിങ് എല്ലായ്പ്‌പോഴും വിജയകരമായിരുന്നില്ലെന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാലാവസ്ഥ ഇതിനൊരു പ്രധാന ഘടകമാണ്. കാലാവസ്ഥ ഒരു പരിധി വെര പ്രവചിക്കാനാകുമെങ്കിലും എല്ലായ്പ്പോഴും അവ അതുപോലെ തന്നെ സംഭവിക്കണമെന്നില്ല. അതുകൊണ്ട് തന്നെ കാലാവസ്ഥയിലെ മാറ്റങ്ങളും ക്ലൗഡ് സീഡിങ് വഴി പെയ്യുന്ന മഴയെ ബാധിക്കും.
ക്ലൗഡ് സീഡിങിന്റെ ആവശ്യകത
സ്വാഭാവികമായി ലഭിക്കുന്ന മഴയുടെ 20 ശതമാനം കൂടുതൽ വരെയെ ക്ലൗഡ് സീഡിങ്ങിലൂടെ വർധിപ്പിക്കാനാകൂ. ക്ലൗഡ് സീഡിങ് എന്നത് മേഘങ്ങളെ ഉണ്ടാക്കാനുള്ള മാർഗമല്ല മറിച്ച് മേഘങ്ങളിൽ നിന്ന് മഴ സൃഷ്ടിക്കാനുള്ള മാർഗമാണ്. അതായത് മേഘങ്ങൾ ആകാശത്തുണ്ടെങ്കിൽ മാത്രമേ ക്ലൗഡ് സീഡിങ് സാധ്യമാകു എന്നതാണ് വസ്തുത. നിലവിൽ ഡൽഹിയിൽ വരൾച്ചയോ, ജലക്ഷാമമോ അല്ല മറിച്ച് വായു മലിനീകരണമാണ് ക്ലൗഡ് സീഡിങ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിൽ.
Content Highlight; Delhi to Get Artificial Rain to Fight Air Pollution: How It Works