'അവന്‍ വരുന്നുണ്ട് ചത്ത പോലെ കിടക്കാം'; ഇണയെ പറ്റിക്കാന്‍ മരണം അഭിനയിക്കുന്ന പെണ്‍തവളകള്‍

എന്താണ് ടോണിക് ഇമ്മൊബിലിറ്റി?

dot image

'ഓഹ്.. അവൻ വരുന്നുണ്ട് ചത്ത പോലെ കിടക്കാം' ഒരു പെൺ തവളയുടെ ആത്മഗതം! അനാവശ്യമായ 'പുരുഷ' ശ്രദ്ധ ഒഴിവാക്കുന്നതിന് ചില പെൺ തവളകൾ ചത്ത പോലെ അഭിനയിച്ച് കിടക്കാറുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്തൊരു കഷ്ടമാണല്ലേ.. ഈ 'പുരുഷന്മാരുടെ' അവസ്ഥ. ഇണചേരാൻ താൽപര്യമില്ലാത്തതിനാലാണ് പെൺ തവളകൾ ഇത്തരത്തിൽ ആൺ തവളകളെ പറ്റിക്കുന്നത്. ബെർലിനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടത്തിയ പഠനത്തിലാണ് തവളകളുടെ ഈ രസകരമായ സ്വഭാവത്തെക്കുറിച്ച് തെളിവുകൾ ലഭിച്ചത്.

തവളകളെക്കുറിച്ചുള്ള പഠനങ്ങളിൽ പുതിയ നാഴികക്കല്ലായിരുന്നു ഈ കണ്ടുപിടിത്തം. സ്ത്രീകളെ ആകർഷിക്കാൻ ആണ്‍വര്‍ഗം എത്ര പാടുപെടണം, മയിൽ ആണെങ്കിൽ പീലി വിടർത്തണം, കുയിൽ ആണെങ്കിൽ പാട്ട് പാടണം. ഇത്തരത്തിൽ ആൺ തവളകൾ ഇണചേരാൻ വരുമ്പോഴാണ് താൽപര്യമില്ലെങ്കിൽ പെണ്‍തവളകള്‍ മരണം അഭിനയിക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ മിക്ക ആൺ തവളകളും അതേ പെൺതവളയുമായി ഇണചേരാന്‍ ശ്രമിക്കുകയും, പല സാഹചര്യത്തിലും അങ്ങനെ തന്നെ മരണപ്പെടുകയും ചെയ്യുമത്രേ…

ആൺതവളകളുടെ നിർബന്ധത്തിന് വഴങ്ങാതിരിക്കാൻ പെൺതവളകൾ ഇത്രയും വലിയ പ്രതിരോധ രീതി ഉപയോഗിക്കുന്നു എന്ന കാര്യം ശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. പ്രജനന പ്രക്രിയയിൽ സ്ത്രീകൾ ദുർബലരല്ല, അവർക്ക് തിരഞ്ഞെടുപ്പുകളുണ്ട് എന്ന് തെളിയിക്കുന്നതിനുള്ള മറ്റൊരു ഉദാഹരണമാണ് ഇതെന്ന് ഗവേഷണത്തിൽ ഉൾപ്പെട്ട മുഖ്യ ശാസ്ത്രജ്ഞൻ ഡോ. കരോലിൻ ഡിട്രിച്ച് വ്യക്തമാക്കി. പഠനത്തിന്റെ ഭാഗമായി 54 തവളകളെ ആണ് പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. ഇതിൽ 83% പെൺതവളകളും പുരുഷന്മാരെ പറ്റിച്ച് മരണം അഭിനയിച്ചതായി കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

1758ൽ റോസൽ വോൺ റോസൻഹോഫ് എഴുതിയ ഒരു പുസ്തകത്തിൽ തവളകളുടെ ഈ സ്വഭാവത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും പിന്നീട് കാര്യമായ പഠനങ്ങളോ, പരീക്ഷണങ്ങളോ ഈ വിഷയത്തിൽ ഉണ്ടായിട്ടില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വലിപ്പം കുറഞ്ഞതും, പ്രായം കുറഞ്ഞതുമായ പെൺതവളകളാണ് സാധാരണയായി ഇത്തരത്തിൽ പ്രതിരോധം നടത്തുന്നത്. ഇതിനെ ടോണിക് ഇമ്മൊബിലിറ്റി എന്നാണ് പറയുക. ഇണചേരലിൽ പരിചയക്കുറവുള്ള പ്രായം കുറഞ്ഞ തവളകൾ പേടി കൊണ്ടോ, സമ്മർദം കൊണ്ടോ കൂടി ഇങ്ങനെ ചെയ്യാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.

പെൺതവളകളുടെ ഈ രീതിക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല. ആണ്‍തവളകളെ പൂർണമായും ഒഴിവാക്കുക എന്നല്ലാതെ, അവരുടെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കാനുമാകാം പെൺതവളകൾ ഇത്തരത്തിൽ പെരുമാറുന്നതെന്നും കരുതാം എന്ന് വിദഗ്ധർ വ്യക്തമാക്കി. ഇത് അതിജീവനത്തിന്റെ ഭാഗം കൂടിയാണെന്ന് അവർ കൂട്ടിച്ചേർത്തു.

Content Highlight; Female Frogs Play Dead to escape from Unwanted Mates

dot image
To advertise here,contact us
dot image