

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോന്‍ത ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. കൊടുങ്കാറ്റ് കരതൊട്ടതിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിലും മുന്നറിയിപ്പുണ്ട്.അസ്‌ന, ശക്തി, ഫെംഗല്‍ തുടങ്ങി പലപേരുകളും ചുഴലിക്കാറ്റുകള്‍ക്ക് കേട്ടുശീലിച്ചവര്‍ ഇത്തവണ മൊന്‍ത എന്ന പേരുകേട്ട് ഇതെന്താണ് ഇങ്ങനെയൊരു പേര് എന്ന അര്‍ഥത്തില്‍ നെറ്റിചുളിച്ചിരുന്നു. കേരളത്തില്‍ മൊന്ത എന്ന വാക്കുള്ളതിനാല്‍ കൂടിയായിരുന്നു ആശ്ചര്യം. ഇത്തവണ തായ്‌ലന്‍ഡാണ് മൊന്‍ത എന്ന പേര് ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്നത്. സുഗന്ധമുള്ള പുഷ്പം എന്നാണ് ഈ വാക്കിന്റെ അര്‍ഥം.
ചുഴലിക്കാറ്റിന് ആരാണ് ഈ പേരുകള്‍ ഇടുന്നത്?
ലോക കാലാവസ്ഥാ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് ഇടുന്നത്. സംഘടനയ്ക്ക് കീഴില്‍ ആറ് കേന്ദ്രങ്ങളുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കീഴിലുള്ള കേന്ദ്രം. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ഈ കേന്ദ്രമാണ്. ഈ കേന്ദ്രത്തിന് കീഴില്‍ ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 13 രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങള്‍ക്ക് ഊഴമനുസരിച്ച് പേരിടാനാകും.
അക്ഷരമാലാക്രമത്തിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതുപ്രകാരം പട്ടികയില്‍ അടുത്തത് യുഎഇയാണ്. അടുത്ത ചുഴലിക്കാറ്റിന് ഇവര്‍ ഇതിനകം പേര് നിര്‍ദേശിച്ചുകഴിഞ്ഞിട്ടുണ്ട്. സെന്യാര്‍ എന്നാണ് ആ പേര്. അതിനുശേഷം യെമന്‍ നിര്‍ദേശിച്ചിരിക്കുന്ന ദിത്വാ, ബംഗ്ലാദേശ് നിര്‍ദേശിച്ചിരിക്കുന്ന അര്‍ണബ്, ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്ന മുരസു എന്ന പേരുകളും.
പേരുകള്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
ജെന്‍ഡര്‍ ന്യൂട്രലായിട്ടുള്ള, രാഷ്ട്രീയ-മത- സംസ്‌കാര സൂചനകള്‍ നല്‍കാത്ത പേരുകളായിരിക്കണം നിര്‍ദേശിക്കേണ്ടത്. ഒരിക്കല്‍ നല്‍കിയ പേരുകള്‍ വീണ്ടും നല്‍കാന്‍ സാധിക്കില്ല. പേരില്‍ എട്ട് അക്ഷരമുണ്ടായിരിക്കണം. 1900ത്തിന്റെ മധ്യം മുതല്‍ കൊടുങ്കാറ്റുകള്‍ക്ക് സ്ത്രീനാമങ്ങളാണ് പൊതുവായി നല്‍കാറുള്ളത്. എന്നാല്‍ പിന്നീട് ദക്ഷിണാര്‍ധഗോളത്തിലുള്ളവയ്ക്ക് പുരുഷനാമങ്ങളും നല്‍കിയിരുന്നു. നിലവില്‍ ജെന്‍ഡര്‍ ന്യൂട്രലായ പേരുകളാണ് തിരഞ്ഞെടുക്കാറുള്ളത്.
Content Highlights: How Cyclone got its name