മമ്മൂട്ടി കമ്പനി നിർമിക്കാമെന്ന് അദ്ദേഹം പറഞ്ഞു, 'ആരോ' റിലീസ് ഉടനെ ഉണ്ടാകും; രഞ്ജിത്ത്

'20 മിനിറ്റിൽ ഒരു സിനിമ, രണ്ടര ദിവസത്തിന്റെ ഷൂട്ട് ആയിരുന്നു. ഇനി മമ്മൂക്കയുടെ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും'

മമ്മൂട്ടി കമ്പനി നിർമിക്കാമെന്ന് അദ്ദേഹം പറഞ്ഞു, 'ആരോ' റിലീസ് ഉടനെ ഉണ്ടാകും; രഞ്ജിത്ത്
dot image

പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ഷോർട്ട് ഫിലിം 'ആരോ'യുടെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു കയ്യിൽ സിഗരറ്റും കട്ടൻ ചായയുമായി മഞ്ജു വാര്യയറിനെ നോക്കി നിൽക്കുന്ന ശ്യാമപ്രസാദാണ് പോസ്റ്ററിൽ. പഴയ രഞ്ജിത്തിന്റെ സിനിമകളുടെ ഒരു ഫീൽ ഈ പോസ്റ്ററിൽ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറെ നാളുകൾക്ക് ശേഷമാണ് രഞ്ജിത്ത് ഒരു ചിത്രവുമായി എത്തുന്നത്. ഇപ്പോഴിതാ ഷോർട്ട് ഫിലിമിന്റെ ആലോചന ഉണ്ടായിരുന്നപ്പോൾ തന്നെ മമ്മൂട്ടിയോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹമാണ് ഫിലിം മമ്മൂട്ടി കമ്പനി നിർമിക്കുമെന്ന് അറിയിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. ഷോർട്ട് ഫിലിമിന്റെ റിലീസ് ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു.

'ഇത് വി ആർ സുധീഷ് എഴുതിയ കഥയെ ആസ്പദമാക്കിയുള്ള ഷോർട്ട് ഫിലിം ആണ്. ഞാൻ ഇതിനെക്കുറിച്ചുള്ള ആലോചന നടന്നുകൊണ്ടിരിക്കെ തന്നെ മമ്മൂക്കയുമായുള്ള യാദൃഷിക സംഭാഷണത്തിൽ എന്താണ് ഈ ഷോർട്ട് ഫിലിമിന്റെ ബേസിക് ഐഡിയ എന്നു പറഞ്ഞപ്പോൾ മമ്മൂട്ടി കമ്പനി നിർമിക്കാം എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹമാണ് ഇതിന്റെ പ്രൊഡ്യൂസർ. മഞ്ജു, ശ്യാമ പ്രസാദ് , അസീസ് എന്നീ മൂന്ന് പേരെ വെച്ചുള്ള 20 മിനിറ്റിൽ ഒരു സിനിമ. രണ്ടര ദിവസത്തിന്റെ ഷൂട്ട് ആയിരുന്നു. ഇനി മമ്മൂക്കയുടെ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. തിയേറ്റർ റിലീസ് ഉദ്ദേശിച്ചിട്ടുള്ളതല്ല. എനിക്ക് കഥ വായിക്കുമ്പോൾ തെളിഞ്ഞു വന്ന രണ്ട് മുഖങ്ങളാണ് ശ്യാമ പ്രസാദും മഞ്ജുവും. റിലീസ് തീയതി തീരുമാനമായിട്ടില്ല. ഉടനെ ഉണ്ടാകും,' രഞ്ജിത്ത് പറഞ്ഞു.

മംഗലശേരി നീലകണ്ഠന്റെ ഹാങ്ങോവറിൽ ഈ പ്രണയകാവ്യം കൂടി ആരാധകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഷോർട്ട് ഫിലിം ചെയ്യുന്നത്. മമ്മൂട്ടി നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരു പ്രോജക്ട് ആലോചനയിൽ ഉണ്ടായിരുന്നതാണ്. അതേസമയം മമ്മൂട്ടി നായകനായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് ആണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ആന്തോളജിയിലെ ചെറുചിത്രം ആയിരുന്നു അത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഷോർട്ട് ഫിലിമിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജിബാലാണ്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് രഞ്ജിത്ത് അമ്പാടി.

Content Highlights: Mammootty's company's short film to be released soon, says director

dot image
To advertise here,contact us
dot image