

കാടിന്റെ രാജാവ് എന്ന് സിംഹത്തെ വിളിക്കുന്നത് വെറുതെയല്ലെന്ന് പലപ്പോഴും ആ രാജകീയ സൗന്ദര്യം കാണുമ്പോൾ തോന്നാറില്ലേ. സട കുടഞ്ഞെണീറ്റ് വരുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ കാണുമ്പോൾ ആരായാലും മതിമറന്ന് ഇരുന്ന് നോക്കിപ്പോകുമല്ലേ.
സിംഹങ്ങളുടെ കൂട്ടത്തിലെ ഒരു അതിസുന്ദരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കെനിയയിൽ നിന്നാണ് ഈ സിംഹത്തിന്റെ വരവ്. ചുരുണ്ട മുടിയുള്ള സടയുമായി നിൽക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ സൈലന്റ് വിസ്‌പേഴ്‌സ് ഫോട്ടോഗ്രഫി എന്ന എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ആദ്യം വന്നത്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ കാംബിസ് പോർഗ്നാൻഡാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കെനിയയിലെ പ്രശസ്തമായ നാഷണൽ പാർക്കായ മസായി മാരയിൽ നിന്നുമാണ് എൻസൂരി - എം6 എന്ന് പേരിട്ടിരിക്കുന്ന ഈ സിംഹത്തെ ഫോട്ടോഗ്രഫർ കണ്ടത്.
മസായി മാരയിലെ ഏറ്റവും ഭംഗിയുള്ള സിംഹളിൽ ഒന്നാണ് എൻസൂരി എന്നാണ് ഫോട്ടോഗ്രഫർ കാംബിസിന്റെ വാക്കുകൾ. കാംബിസ് പങ്കുവെച്ച വീഡിയോ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് മാത്രം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 'ഞാൻ പകർത്തിയ ദൃശ്യങ്ങൾ ഇത്രയും കാഴ്ചക്കാരെ നേടിയതിൽ ഒരുപാട് സന്തോഷമുണ്ട്. എന്റെ മസായി സഹോദരൻ സാംവെൽ ഇഗാറോയോടും ഒരുപാട് നന്ദി പറയുന്നു. എൻസൂരിയുടെ ഈ ദൃശ്യങ്ങൾ പകർത്താൻ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു.
വന്യമൃഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും തയ്യാറായി മുന്നോട്ടുവരണം എന്നാണ് എനിക്ക് പറയാനുള്ളത്. എൻസൂരി നിങ്ങളുടെ ഹൃദയത്തെ തൊട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും മൃഗ സംരക്ഷണ സംഘടനകളുടെ ഭാഗമാവുക. നിങ്ങളാൽ കഴിയുനന സഹായം ചെയ്യുക,' കാംബിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സിംഹങ്ങളുടെ സാധാരണ കാണുന്ന സടയിൽ നിന്നും വ്യത്യസ്തമായി ചുരുണ്ട മുടിയുമായാണ് എൻസൂരി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാർലറിൽ പോയി കേർളി ഹെയർ റുട്ടീൻ ചെയ്തത് വന്നത് പോലെയുണ്ട് എന്നാണ് പലരും സിംഹത്തിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.
പാരമ്പര്യവും വായുവിലെ സാന്ദ്രതയുമായിരിക്കും ഇങ്ങനെ സട നിൽക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മഴ നനഞ്ഞ ശേഷം ഉണങ്ങുന്നതിന് മുൻപായിരിക്കാം മുടി ഇങ്ങനെ ചുരുണ്ട രൂപത്തിലായതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തായാലും എൻസൂരിക്ക് മസായിയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരായി കഴിഞ്ഞു. സിംഹത്തെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് വരെ പലരും പറയുന്നുണ്ട്.
Content Highlights: Lion with curly hair mane goes viral, photographer shares experience