Top

'അങ്ങേര് എന്നു പറയുന്നത് ഞാന്‍ തന്നെയല്ലേ'; 'തേടിയ വള്ളി കാലില്‍ ചുറ്റി' ശബ്ദരേഖയില്‍ വാദം കേള്‍ക്കേ വിചാരണക്കോടതി ജഡ്ജി

കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍ നടത്തിയ ശ്രമങ്ങള്‍ തെളിവുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.

26 May 2022 12:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അങ്ങേര് എന്നു പറയുന്നത് ഞാന്‍ തന്നെയല്ലേ; തേടിയ വള്ളി കാലില്‍ ചുറ്റി ശബ്ദരേഖയില്‍ വാദം കേള്‍ക്കേ വിചാരണക്കോടതി ജഡ്ജി
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന്‍ ആവശ്യം തള്ളി വീണ്ടും വിചാരണക്കോടതി. ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണം പരിശോധിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ആവശ്യം നേരത്തേ തന്നെ തള്ളിയതാണല്ലോ എന്ന് കോടതി പ്രതികരിച്ചു. കോടതി ഉത്തരവ് അറിഞ്ഞിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. വാദം കേള്‍ക്കുന്നതിനിടെ ഇന്നും വിചാരണക്കോടതി നാടകീയ സംഭവങ്ങള്‍ക്ക് വേദിയായി. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകന്‍ നടത്തിയ ശ്രമങ്ങള്‍ തെളിവുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.

പ്രോസിക്യൂഷന്‍ സാക്ഷിയെ പ്രതിഭാഗം അഭിഭാഷകന്‍ കള്ളമൊഴി പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ ഉള്‍പ്പടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഹാജരാക്കിയത്. ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നു ചൂണ്ടിക്കാട്ടിയുള്ള സംഭാഷണവും കോടതി മുമ്പാകെ ഹാജരാക്കി. ദിലീപിന്റെ ബന്ധുക്കളായ അനൂപ്, സുരാജ് എന്നിവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ വീണ്ടെടുത്തവയാണിതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. പിന്നീട് കോടതി ശബ്ദരേഖ പരിശോധിച്ചു. ചില സംഭാഷണങ്ങള്‍ അപൂര്‍ണ്ണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതി, സമയമെടുത്ത് വിശദമായി തെളിവുകള്‍ പരിശോധിക്കണമെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ മതിയായ തെളിവുകളാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 'തേടിയ വള്ളി കാലില്‍ ചുറ്റി' എന്നുള്ള ശബ്ദരേഖയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷനെതിരെ കോടതി വിമര്‍ശനമുന്നയിച്ചത്. ഇതെങ്ങനെ ജഡ്ജിയെ സ്വാധീനിക്കാനുള്ള സംഭാഷണം ആണെന്ന് പറയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. ജഡ്ജി ആണെന്ന് ഇതില്‍ പറയുന്നില്ലെന്നും കോടതി പ്രതികരിച്ചു. ജഡ്ജി ആണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ മറുപടി നല്‍കി. അങ്ങേര് എന്നു പറയുന്നത് ഞാന്‍ തന്നെയല്ലേ എന്ന് ജഡ്ജി തിരച്ചു ചോദിച്ചു.

ദിലീപിന് ആരെയും സ്വാധീനിക്കാന്‍ കഴിവുണ്ട് എന്ന് തെളിയിക്കുന്നത് തന്നെയാണ് ഈ ശബ്ദരേഖയെന്ന പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞ ദിവസത്തേതിന് സമാനമായി കോടതിയില്‍ വെച്ച് പ്രോസിക്യൂട്ടറെ സഹായിച്ചതിന് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ജഡ്ജി ശകാരിച്ചു. കോടതിക്കുള്ളില്‍ പ്രോസിക്യൂട്ടറെ സഹായിക്കേണ്ട കാര്യമില്ല എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ എല്ലാ കോടതിയിലും സമാനമായ രീതിയില്‍ പ്രോസിക്യൂട്ടര്‍ സഹായിക്കാറുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. അതിനാല്‍ രേഖകളും ലാപ്‌ടോപ്പിലെ ശബ്ദസന്ദേശങ്ങളും എടുക്കാന്‍ അവര്‍ക്ക് എളുപ്പമായതുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ സഹായിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

STORY HIGHLIGHTS: The Trial Court Again Rejected the Prosecution's Demand in the Actress Attack Case


Next Story