'പ്രതിപക്ഷത്തിന് വടി കൊടുത്തു'; ഡോ. ഹാരിസ് ചിറക്കലിനെതിരെ മന്ത്രി ജി ആര്‍ അനില്‍

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംവിധാനം മോശമാണെന്ന പ്രചരണം ഉണ്ടായെന്നും ജി ആര്‍ അനില്‍

dot image

ന്യൂഡല്‍ഹി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ മന്ത്രി ജി ആര്‍ അനില്‍. പ്രതിപക്ഷത്തിന് ഡോക്ടര്‍ വടി കൊടുത്തുവെന്ന് മന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംവിധാനം മോശമാണെന്ന പ്രചരണം ഉണ്ടായെന്നും ജി ആര്‍ അനില്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

'ഇത് ഒഴിവാക്കാമായിരുന്നു. ചെറിയ പിഴവ് കേരളത്തിന്റെ പൊതു ചിത്രമായി അവതരിപ്പിച്ചു.

ഡോക്ടര്‍ക്ക് അറിയിക്കാന്‍ മന്ത്രിയടക്കമുള്ള സംവിധാനമുണ്ട്. അതിന് പകരം പൊതുജനങ്ങളുടെ മുന്നിലേക്ക് കേരളത്തിലെ ആരോഗ്യമേഖലയെ ഈ നിലയില്‍ ചിത്രീകരിക്കാന്‍ പൊതുജനത്തിന് വടി കൊടുത്ത നിലപാട് തെറ്റാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും ചികിത്സാ സൗകര്യങ്ങളിലും പുതിയ സ്റ്റാഫിനെ നിയമിക്കുന്നതിലും സര്‍ക്കാര്‍ കാണിച്ച താല്‍പര്യം ഇന്ത്യക്ക് മാതൃകയാണ്', മന്ത്രി പറഞ്ഞു.

അതേസമയം ഹാരിസ് ചിറയ്ക്കലിന്റെ പ്രതികരണം ഒറ്റപ്പെട്ടതെന്നും അത് തെറ്റിദ്ധാരണ പരത്തിയെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ ചൂണ്ടികാട്ടി. വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെയും ദേശാഭിമാനി എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്. തിരുത്തലല്ല, തകര്‍ക്കലാണ് എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. ഡോ. ഹാരിസിന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കിയെന്നും വിഷയത്തില്‍ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടെന്നും എഡിറ്റോറിയല്‍ ചൂണ്ടികാട്ടി.

എന്നാല്‍ താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ പ്രതികരിച്ചു. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് അങ്ങനെ തന്നെ തുടരുമെന്നും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും ഹാരിസ് പറഞ്ഞു. താന്‍ സൂചിപ്പിച്ച പ്രശ്നത്തിന് മാത്രമാണ് പരിഹാരമായതെന്നും പ്രതിസന്ധി പൂര്‍ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കരുതെന്നും സമരക്കാര്‍ പിന്‍മാറണമെന്നും ഡോ. ഹാരിസ് ആവശ്യപ്പെട്ടു. സമരങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെപ്പോലും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കല്‍ മെഡിക്കല്‍ കോളേജിലെ ഉപകരണ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറയ്ക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ആരോഗ്യവകുപ്പ് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

Content Highlights: Minister G R Anil against Dr Haris Chirackal

dot image
To advertise here,contact us
dot image