
വാഷിംഗ്ടൺ: ഇറാനിലെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നേവൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ തയ്യാറെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി അമേരിക്കൻ ഉദ്യോഗസ്ഥർ. കഴിഞ്ഞ മാസത്തിൽ ഇറാൻ സൈന്യം പേർഷ്യൻ ഗൾഫിലെ കപ്പലുകളിൽ നാവിക മൈനുകൾ കയറ്റുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജൂൺ 13 ന് ഇറാനെതിരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തയ്യാറെടുപ്പുകൾ നടന്നതെന്നും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന ഒന്നാണ് ഇതെന്നും രഹസ്യാന്വേഷണ വിഭാഗം വഴിയാണ് വിവരങ്ങൾ ലഭിച്ചതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് പാതയിൽ മൈനുകൾ സ്ഥാപിക്കുക എന്ന ഗൗരവകരമായ തീരുമാനമാണ് തെഹ്റാൻ എടുത്തിരുന്നത്. മൈനുകൾ കപ്പലിൽ കയറ്റിയെങ്കിലും ഇറാൻ പക്ഷെ അത് ഹോർമുസിൽ സ്ഥാപിച്ചിരുന്നില്ല. ഇങ്ങനെയൊരു നീക്കം നടത്തി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നെങ്കിൽ അത് സംഘർഷം വർദ്ധിപ്പിക്കുകയും ആഗോള വാണിജ്യത്തെ സാരമായി ബാധിക്കുന്ന നിലയിലേയ്ക്ക് മാറുകയും ചെയ്യുമായിരുന്നു എന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഗോള തലത്തിൽ എണ്ണയുടെയും ഗ്യാസിന്റെയും കയറ്റുമതിയുടെ അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് ശേഷം എണ്ണവില 10% ത്തിലധികം ഇടിഞ്ഞിരുന്നു. എന്നിരുന്നാലും സംഘർഷം കാരണം എണ്ണ വ്യാപാരത്തിൽ കാര്യമായ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. ജൂൺ 22 ന് അമേരിക്ക ആക്രമണം നടത്തിയതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം തടയാനുള്ള നടപടിയെ ഇറാൻ പാർലമെൻ്റ് പിന്തുണച്ചിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇറാൻ്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലാണെന്ന് ഇറാൻ്റെ ദേശീയ മാധ്യമം വ്യക്തമാക്കിയിരുന്നു. ഇറാൻ നേരത്തെയും ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ തീരുമാനമെടുത്തിരുന്നു. പക്ഷെ അത് നടപ്പിലാക്കിയിരുന്നില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു.
ഇറാനിയൻ കപ്പലുകളിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന അമേരിക്കൻ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. എന്നാൽ സാറ്റലൈറ്റ് ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സാധാരണ ഗതിയിൽ വിവരങ്ങൾ ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ പുതിയ വെളിപ്പെടുത്തലിൽ പെൻ്റഗൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ പ്രതിനിധിയും അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.
നേരത്തെ, ഫോർദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാൻ്റിലെ പ്രവർത്തനങ്ങൾ കാണിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. പ്രശസ്ത ജിയോസ്പേഷ്യൽ ഇൻ്റലിജൻസ് സ്ഥാപനമായ മാക്‌സർ ടെക്‌നോളജീസ് ആണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. അമേരിക്കൻ വ്യോമാക്രമണം മൂലം ഉണ്ടായ ദ്വാരങ്ങളിലും വെൻ്റിലേഷൻ ഷാഫ്റ്റുകളിലും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നതെന്നാണ് മാക്‌സർ ചൂണ്ടിക്കാണിക്കുന്നത്. നിരവധി ഉദ്യോഗസ്ഥർ ഫോർദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാൻ്റിൽ ക്രെയിൻ പ്രവർത്തിപ്പിക്കുന്നതായി ചിത്രങ്ങൾ സൂചിപ്പിക്കുന്നുവെന്നും മാക്‌സർ പറഞ്ഞിരുന്നു.
മാക്‌സർ പറയുന്നതനുസരിച്ച്, ഭൂഗർഭ സമുച്ചയത്തിന് മുകളിലുള്ള അറ്റത്ത് വടക്കൻ ഷാഫ്റ്റിന് തൊട്ടടുത്തായി ഒരു എക്‌സ്‌കവേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഷാഫ്റ്റിൻ്റെ/ദ്വാരത്തിൻ്റെ പ്രവേശന കവാടത്തിലാണ് ഉദ്യോഗസ്ഥർ ക്രെയിൻ പ്രവർത്തിപ്പിക്കുന്നത്. നിരവധി വാഹനങ്ങൾ റിഡ്ജിന് താഴെയായി കാണുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി നിർമ്മിച്ച വഴിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതെന്നും മാക്സർ പറയുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റിയെ നയിക്കുന്ന മുൻ ന്യൂക്ലിയർ ഇൻസ്‌പെക്ടർ ഡേവിഡ് ആൽബ്രൈറ്റ് മാക്സറിൻ്റെ സാറ്റലൈറ്റ് ചിത്രങ്ങൾ വിലയിരുത്തിയിരുന്നുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോയിൽ നിന്നുള്ള ചിത്രങ്ങളിൽ രണ്ട് എംഒപി ഇംപാക്റ്റ് സൈറ്റുകളിൽ ഇറാനിയൻ ഉദ്യോഗസ്ഥർ സജീവമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കേടുപാടുകൾ വിലയിരുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. റേഡിയോളജിക്കൽ സാംപിളിംഗ് നടത്തുന്നതായി മാക്‌സർ വിലയിരുത്തുന്നു. ഇറാനിയൻ ഉദ്യോഗസ്ഥർ പ്രധാന പ്രവേശന കവാടത്തിലെ കേടുപാടുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തി നിരീക്ഷിച്ചു വരികയാണ്. തുരങ്കത്തിൻ്റെ പ്രവേശന കവാടങ്ങളൊന്നും വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ അമേരിക്കൻ ബി2 ബോംബർ ജെറ്റുകൾ ഫോർദോയിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചിരുന്നു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ രണ്ട് ഡസനിലധികം ബങ്കർ-ബസ്റ്റർ ബോംബുകൾ അമേരിക്ക വർഷിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകൾ. യുഎസ് അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച ടോമാഹോക്ക് മിസൈലുകൾ മധ്യ ഇറാനിലെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലും പതിച്ചിരുന്നു. യുഎസ് മാസിവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) ബോംബുകൾ ഫോർദോയിലെ രണ്ട് വെൻ്റിലേഷൻ ഷാഫ്റ്റുകളെ ലക്ഷ്യം വച്ചിരുന്നതായാണ് നേരത്തെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ വ്യക്തമാക്കിയത്. ഫോർദോയിൽ പതിച്ച യുഎസ് ബോംബുകളിൽ ഭൂരിഭാഗവും വളരെ വേഗതയിൽ നീങ്ങി ലക്ഷ്യ സ്ഥാനത്ത് പൊട്ടിത്തെറിക്കുന്നതാണെന്നും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ബ്രീഫിംഗിൽ പെൻ്റഗൺ പറഞ്ഞിരുന്നു. ആണവകേന്ദ്രങ്ങളിലെ മെയിൻ ഷാഫ്റ്റിലേക്ക് പ്രവേശിക്കാൻ കഴിവുളള ബോംബുകളായിരുന്നു യുഎസിന്റേതെന്നും ബ്രീഫിംഗിൽ പറഞ്ഞിരുന്നു.
ആണവായുധം നിർമ്മിക്കുന്നതിനായുളള ഇറാൻ്റെ ഏറ്റവും സമ്പുഷ്ടമായ യുറേനിയത്തിൻ്റെ ഭൂരിഭാഗവും ഫോർദോ ആണവ കേന്ദ്രത്തിലാണെന്നാണ് കണക്കാക്കുന്നത്. ആക്രമണത്തിൽ ഫോർദോ പ്ലാൻ്റിൽ കേടുപാടുകൾ സംഭവിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) സ്ഥിരീകരിക്കുന്നത്. ഇറാന് വേണമെങ്കിൽ ഒരു മാസം കൊണ്ട് യുറേനിയം സമ്പുഷ്ടീകരണം പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഡയറക്ടർ ജനറൽ റഫേൽ ഗ്രോസിയും അറിയിച്ചിരുന്നു. ഐഎഈഎ റിപ്പോർട്ട് അനുസരിച്ച്, ഇറാനിൽ 400 കിലോ (880lb) യുറേനിയം 60 ശതമാനം വരെ ശുദ്ധിയുള്ളതാണ്. ഏകദേശം 90 ശതമാനം ആയുധ ഗ്രേഡിന് അടുത്താണ്. ഇറാന് ഒമ്പത് ആണവായുധങ്ങൾ ഉണ്ടാക്കുന്നതിനായി ഇത് കൂടുതൽ സമ്പുഷ്ടമാക്കിയാൽ മതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: US Officials Says, Iran Made Preparations to Mine the Strait of Hormuz