Top

'വിദ്യാർത്ഥികളേയും ജീവനക്കാരെയും ജാതീയമായി അധിക്ഷേപിക്കുന്നു'; കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ പ്രതിഷേധം

5 Dec 2022 4:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാർത്ഥികളേയും ജീവനക്കാരെയും ജാതീയമായി അധിക്ഷേപിക്കുന്നു; കെ ആർ നാരായണൻ ഫിലിം  ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ പ്രതിഷേധം
X

കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് വിദ്യാർത്ഥകളുടെ പ്രതിഷേധം. സ്ഥാപനത്തിലെ വിദ്യാർത്ഥികളോടും ജീവനക്കാരോടും ഡയറക്ടർ ശങ്കർ മോഹൻ ജാതി വിവേചനം കാണിക്കുന്നുവെന്ന ആരോപിച്ചാണ് സമരം. കോളേജ് കവാടത്തിൽ കുത്തിയിരുന്ന് കൊണ്ടായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്ത് നിന്നും ശങ്കർ മോഹൻ രാജി വെക്കണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഡയറക്ടറെ പുറത്താക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥി കൗൺസിൽ പറഞ്ഞു.

കോട്ടയം തെക്കുംതല കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് കോളേജ് വിദ്യാർഥികളാണ് സമരം ചെയ്യുന്നത്. 'വിദ്യാർത്ഥികളോടും സ്റ്റാഫിനോടുമുള്ള ജാതീയമായ വിവേചനങ്ങൾ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്. ദളിത് വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന വിവേചനങ്ങളെ ഞങ്ങൾ വിദ്യാർഥികൾ ശക്തമായി അപലപിക്കുന്നു. ശങ്കർ മോഹൻ ഇനിയും സ്ഥാപനത്തിന്റെ അധ്യക്ഷപദവിയിൽ തുടരുന്നത് സ്ഥാപനത്തിന്റെ അന്തസ്സത്തയ്ക്ക് കളങ്കമുണ്ടാക്കുകയും വിദ്യാർത്ഥികൾക്ക് അങ്ങേയറ്റം അപമാനകരവുമാണെന്നും വിദ്യാ‍‍ർത്ഥികൾ പ്രസ്താവനയിലൂടെ പറഞ്ഞു.

വിദ്യാ‍ർത്ഥി കൗൺസിലിന്റെ പ്രസ്താവനയുടെ പൂ‍ർണ്ണ രൂപം:

'ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ദളിത് വിഭാഗത്തിൽ നിന്നും പരിമിതമായ സാഹചര്യങ്ങളെ തന്റെ ഇഛാശക്തികൊണ്ടും കഴിവുകൾ കൊണ്ടും അതിജീവിച്ച് രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ എത്തിച്ചേർന്ന ഡോ. കെ ആർ നാരായണന്റെ നാമധേയത്തിലുള്ള ഈ സ്ഥാപനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വിദ്യാർത്ഥികളോടും സ്റ്റാഫിനോടുമുള്ള ജാതീയമായ വിവേചനങ്ങൾ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്.

ദളിത് വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന വിവേചനങ്ങളെ ഞങ്ങൾ വിദ്യാർഥികൾ ശക്തമായി അപലപിക്കുന്നു. ശങ്കർ മോഹൻ ഇനിയും സ്ഥാപനത്തിന്റെ അധ്യക്ഷപദവിയിൽ തുടരുന്നത് സ്ഥാപനത്തിന്റെ അന്തസ്സത്തയ്ക്ക് കളങ്കമുണ്ടാക്കുകയും വിദ്യാർത്ഥികൾക്ക് അങ്ങേയറ്റം അപമാനകരവുമാണ്. ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ എത്രയും വേഗം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു വിദ്യാർഥികൾ ഇന്നുമുതൽ (5.12.2022 തിങ്കൾ) അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോവുകയാണ്.'

STORY HIGHLIGHTS: student Protest against KR Narayanan film Institute Director alleges caste discrimination

Next Story