സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും; ക്ലാസുകള്‍ ഉച്ചവരെ മാത്രം
വൈകീട്ട് വരെ ക്ലാസ് വേണമോയെന്ന് നാളെ ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓണ്‍ലൈന്‍ ക്ലാസ് നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
12 Feb 2022 12:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുളള ക്ലാസുകളാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. ക്ലാസുകള്‍ ഉച്ച വരെയായിരിക്കും പ്രവര്‍ത്തിക്കുക. നേരത്തെ നിശ്ചയിച്ച മാര്‍ഗരേഖ പ്രകാരമായിരിക്കും സ്കൂളുകള്‍ തുറക്കുകയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ആദ്യ ആഴ്ച മാത്രമാണ് ഉച്ചവരെ ക്ലാസുകള്‍ നടക്കുക. വൈകീട്ട് വരെ ക്ലാസ് വേണമോയെന്ന് നാളെ ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓണ്‍ലൈന്‍ ക്ലാസ് നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
ഷിഫ്റ്റ് സമ്പ്രദായം അനുസരിച്ചായിരിക്കും ക്ലാസുകള്‍. ചെവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മുഴുവന്‍ കുട്ടികളേയും സ്കൂളില്‍ പ്രവേശിപ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നവംബറിൽ സ്കൂളുകൾ തുറന്നപ്പോൾ തയ്യാറാക്കിയ മാർഗരേഖ പ്രകാരമാണ് സ്കൂളുകൾ പ്രവർത്തിക്കുക. ആദ്യ ഒരാഴ്ച 50 ശതമാനം വിദ്യാർത്ഥികൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ എത്തിയാൽ മതി. പാഠ ഭാഗങ്ങൾ തീർക്കുക, പരീക്ഷ നിശ്ചയിച്ച തീയതികളിൽ നടത്തുക, എന്നിവയ്ക്കാണ് ഊന്നൽ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ലാസുകൾ പൂർണമായി ഓഫ്ലൈനിലേക്ക് മാറിയാലും ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ കഴിഞ്ഞ മാസം 20 നാണ് ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകൾ അടച്ച് പഠനം ഓൺലൈനിലേക്ക് മാറ്റിയത്. രോഗവ്യാപനം കുറഞ്ഞതോടെയാണ് തിങ്കളാഴ്ച മുതൽ ഓഫ്ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നത്.