വിഷക്കൂണുകൊണ്ട് വിരുന്നൊരുക്കി കൂട്ടക്കൊലപാതകം;ഓസ്ട്രേലിയയിലെ കൂടത്തായി മോഡല്‍

വിഷക്കൂണ്‍ കൊലപാതകത്തില്‍ എറിന്‍ കുറ്റക്കാരിയെന്ന് കോടതി

dot image

ബീഫ് വെല്ലിങ് കേസ്, കൂടത്തായി മോഡല്‍ ഓസ്‌ട്രേലിയന്‍ കൊലപാതകം. ഇങ്ങ് കേരളത്തില്‍ സ്വത്ത് തട്ടിയെടുക്കാന്‍ ജോളി ജോസഫ് സയനൈഡ് നല്‍കി ഭര്‍ത്താവിന്റെ വീട്ടുകാരെ ഒരോരുത്തരെയായി ഇല്ലാതാക്കിയെങ്കില്‍ ഓസ്ട്രേലിയക്കാരി എറിന്‍ പാറ്റേഴ്സണ്‍ വകവരുത്താന്‍ ഉദ്ദേശിച്ചവര്‍ക്ക് വിഷക്കൂണ്‍കൊണ്ട് വിരുന്നൊരുക്കി. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകം.

2023 ജൂലായ് പതിനാറിന്, പള്ളിയിലെ കുര്‍ബാനയ്ക്കിടയിലാണ് മുന്‍ ഭര്‍ത്താവ് സൈമണ്‍ പാറ്റേഴ്‌സണ്‍ സൈമണിന്റെ പിതാവ് ഡോണ്‍ പാറ്റേഴ്‌സണ്‍, മാതാവ് ഗെയില്‍ പാറ്റേഴ്‌സണ്‍, ഗെയിലിന്റെ സഹോദരി ഹെതര്‍ വിക്കിന്‍സണ്‍ എന്നിവരെ വീട്ടിലേക്ക് എറിന്‍ ക്ഷണിക്കുന്നത്. ജൂലായ് 29ന് ഉച്ചഭക്ഷണം തയ്യാറാക്കുന്നുണ്ടെന്നും വിരുന്നില്‍ പങ്കെടുക്കണമെന്നും എറിന്‍ അവരോട് പറഞ്ഞു. താന്‍ കാന്‍സര്‍ രോഗിയാണ്, ഗര്‍ഭാശയത്തിലാണ് കാന്‍സര്‍, ഇക്കാര്യം കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സൈമണിന്റെയും കുടുംബത്തിന്റെയും പിന്തുണ വേണം. വിരുന്നൊരുക്കുന്നതിന് പിന്നിലുള്ള കാരണവും അവള്‍ അവരോട് പങ്കുവച്ചു.

എന്നാല്‍ വിരുന്നിന്റെ തലേന്ന്, സൈമണ്‍ താന്‍ വരുന്നില്ലെന്ന് എറിനെ അറിയിച്ചു. അസുഖ വിവരത്തെ കുറിച്ച് ഫോണിലൂടെ ചര്‍ച്ച ചെയ്യാമെന്നും നേരിട്ടെത്താന്‍ താല്പര്യമില്ലെന്നുമാണ് സൈമണ്‍ പറഞ്ഞത്്.
ഇനി ഇതു പൊലൊരു വിരുന്ന് തയ്യാറാക്കാന്‍ എനിക്ക് കഴിയില്ല, നിങ്ങള്‍ വരുമെന്നാണ് എന്റെ പ്രതീക്ഷയെന്നായിരുന്നു എറിന്റെ മറുപടി. എങ്കിലും സൈമണ്‍ വിരുന്നിനെത്തിയില്ല, പക്ഷെ സൈമണിന്റെ കുടുംബം ആ വിരുന്നിനെത്തി.

ബീഫ് വെല്ലിങ്ടണ്‍ എന്ന വിഭവമാണ് വിരുന്നിനായി എറിന്‍ ഒരുക്കിയത്. ബീഫ് ടെന്‍ഡന്‍ ലോയിന്റെ കൂട്ടില്‍ കൂണിന്റെ അരപ്പ് ചേര്‍ത്തുള്ള വിഭവം.അരപ്പിനായി എറിന്‍ തിരഞ്ഞെടുത്തത് വിഷക്കൂണായിരുന്നു. 'ഡെത്ത് ക്യാപ് കൂണ്‍' എന്ന് വിളിപ്പേരുള്ള ലോകത്തിലെ അപകടകരമായ വിഷകൂണ്‍. ചതുപ്പുകളിലും കാടുകളിലും മുളച്ചു നില്‍ക്കുന്ന അമനിറ്റ ഫല്ലോയിഡസ് എന്ന ഈ കൂണില്‍ അഞ്ച് മില്ലിഗ്രാം വിഷമാണ് അടങ്ങിയിട്ടുള്ളത്. ആല്‍ഫ അമനിറ്റിന്‍, ഫല്ലോയിഡിന്‍ എന്നിവയാണ് ഈ കൂണില്‍ അടങ്ങിയിട്ടുള്ള വിഷവസ്തുക്കള്‍. വ്യാപകമായി വളരാനുള്ള ശേഷി വളരെ കൂടുതലുള്ള വര്‍ഗമാണിവ. കണ്ടാല്‍ സാധാരണ കൂണ്‍ പോലെ തോന്നുന്ന ഈ കൂണ്‍ കഴിച്ചാല്‍ ആറ് മുതല്‍ 24 മണിക്കൂറിനകം വയറുവേദന, ഛര്‍ദി, അതിസാരം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. ഇത് പിന്നീട് കരളും, വൃക്കയും തകരാറിലാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും. എറിന്റെ അതിഥികള്‍ അവള്‍ തയ്യാറാക്കിയ വിഷക്കൂണ്‍ ചേര്‍ത്ത ഭക്ഷണം കഴിച്ചു. വിരുന്നിനെത്താതിരുന്ന സൈമണ്‍ പാറ്റേഴ്‌സണും ഗുരുതരമായ വിഷബാധയേറ്റ പാസ്റ്റര്‍ ഇയാന്‍ വില്‍ക്കിന്‍സണും ഒഴികെ മറ്റുള്ളവര്‍ മരണത്തിന് കീഴടങ്ങി.

ആശുപത്രി അധികൃതരാണ് മരണത്തില്‍ സംശയം തോന്നി വിക്ടോറിയ പോലീസില്‍ വിവരമറിയിച്ചത്. അതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അമാനിറ്റ ഫാലോയിഡ്‌സ് എന്ന കൂണ്‍ ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്ന് പൊലീസ് കണ്ടെത്തി. 2023 ഓഗസ്റ്റ് 14 നാണ് എറിന്‍ പാറ്റേഴ്‌സണില്‍ നിന്നും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുന്നത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു എറിന്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഗതി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.

കൂണ്‍ എറിന്‍ സ്വയം വളര്‍ത്തിയെടുത്തതായിരുന്നു. പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടുന്നതിനായി സാധാരണ കറി വെക്കാറുള്ള കൂണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിച്ച് തെളിവുണ്ടാക്കി. എന്നാല്‍ വിഷക്കൂണ്‍ ഉണക്കാനുള്ള ഡീഹൈഡ്രേറ്റര്‍ ഇവര്‍ വാങ്ങിയിരുന്നു. തെളിവുനശിപ്പിക്കുന്നതിനായി അത് ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൂണുകളും ഡീഹൈഡ്രേറ്ററും സംബന്ധിച്ച സെര്‍ച്ച് ഹിസ്റ്ററി ഇല്ലാതാക്കാന്‍ ഫോണ്‍ റീസെറ്റ് ചെയ്തതും പൊലീസ് കണ്ടെത്തി. മെല്‍ബണിലെ ഒരു ഏഷ്യന്‍ പലചരക്ക് കടയില്‍ നിന്ന് വാങ്ങിയ കൂണുകള്‍ താനും കുട്ടികളും കഴിച്ചെന്നും തനിക്കും അസ്വസ്ഥത അനുഭവപ്പെട്ടെന്നുമായിരുന്നു വിചാരണയില്‍ എറിന്റെ വാദം. പക്ഷേ അത്, വിശ്വാസ്യതയ്ക്കായി പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഒടുവില്‍ ലാട്രോബ് വാലി മജിസ്ട്രേറ്റ് കോടതി എറിന്‍ കുറ്റക്കാരിയാണെന്ന് വിധിച്ചു. വൈകാതെ ശിക്ഷാവിധിയും എറിനെ തേടിയെത്തും. എന്നാല്‍ എന്തിനായിരുന്നു ആ കൂട്ടക്കൊലപാതകങ്ങള്‍ എന്ന് ഇപ്പോഴും വ്യക്തമല്ല.

Content highlights: erin patterson death cap mushroom murders

dot image
To advertise here,contact us
dot image