
പഴയതാവട്ടെ പുതിയതാവട്ടെ എന്ത് പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാലും ആന്ധ്രാ പ്രദേശ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉത്തരം അവസാനം എത്തി നില്‍ക്കുക, സാങ്കേതിക വിദ്യയിലായിരിക്കും. നിലവില്‍ കൊതുകിനെ തുരത്താന്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഒരു പദ്ധതിയാണ് ആന്ധ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മറ്റൊന്നുമല്ല സ്മാര്‍ട്ട് മൊസ്‌ക്വിറ്റോ സര്‍വീലിയന്‍സ് സിസ്റ്റം(SMoSS). ഐഒടി സാങ്കേതിക വിദ്യ(സെന്‍സറുകള്‍, സോഫ്റ്റ്വയറുകള്‍, മറ്റ് സാങ്കേതികവിദ്യകള്‍ മറ്റൊരു ഡിവൈസുമായി ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ കൈമാറുന്ന രീതി)യും ഉള്‍പ്പെടുന്ന പുത്തന്‍ പദ്ധതി പ്രധാനപ്പെട്ട ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്നത്. പഴയകാല മരുന്നടിച്ചുള്ള രീതികളെ മാറ്റി നിര്‍ത്തി, വിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
എഐ സഹായത്തോടെയുള്ള ഈ സിസ്റ്റം വികസിപ്പിച്ചത് ഒരു സ്വകാര്യ കമ്പനിയാണ്. കൊതുകുകളെ തുരത്തുക എന്നതിന് പുറമേ, അര്‍ബന്‍ ലോക്കല്‍ ബോഡികള്‍ക്കുണ്ടാകുന്ന ചെലവ്, മരുന്നടിക്കാന്‍ പോകുന്ന സ്റ്റാഫുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ കുറയ്ക്കുകയും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്. സ്മാര്‍ട്ട് സെന്‍സറുകള്‍, ഡ്രാേണുകള്‍, ഹീറ്റ് മാപ്പുകള്‍, ട്രാപുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട കൃത്യമായ നിരീക്ഷണമാണ് ഇതിലുള്ളത്. ഗ്രേറ്റര്‍ വിശാഖപട്ടണം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 16 പ്രദേശങ്ങള്‍, കാക്കിനാഡയിലെ നാല്, രാജാമഹേന്ദ്രവാരത്തിലെ അഞ്ച്, വിജയവാഡയിലെ 28, നെല്ലൂരിലെ ഏഴ്, കുര്‍നൂലിലെ ആറോളം സ്ഥലങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
കൊതുക് ശല്യം അസഹന്യമായ ഇടങ്ങളില്‍ എഐ വഴി പ്രവര്‍ത്തിക്കുന്ന സെന്‍സറുകള്‍ സ്ഥാപിക്കും. ഇതിന് കൊതുകിന്റെ വര്‍ഗം, ഇനം, സാന്ദ്രത തുടങ്ങി, പ്രദേശത്തെ താപനില, ഈര്‍പ്പം എന്നിവവരെ എങ്ങനെയാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഏതെങ്കിലും പ്രദേശത്തെ കൊതുകുകളെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ അപ്പോള്‍ പുതിയ സിസ്റ്റം മുന്നറിയിപ്പ് നല്‍കും. സെന്‍സറുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ടാകും. ഇത് വഴി കൃത്യമായ രീതിയില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാനും സാധിക്കും.
ലാവര്‍വകളെ തുരത്താനുള്ള ജോലിയടക്കം ഡ്രോണുകളാവും ചെയ്യുക. ഇതുവഴി രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, സമയം ലാഭിക്കുക, ചെലവ് കുറയ്ക്കുക, വലിയൊരു പ്രദേശത്തെ കൊതുകുകളെ മുഴുവന്‍ ഡ്രോണുപയോഗിച്ച് തുരത്താനുള്ള നടപടികള്‍ പെട്ടെന്ന് സ്വീകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി പൗരന്മാര്‍ക്ക് പരാതികള്‍ അറിയിക്കാനും ഫീല്‍ഡ് റിപ്പോര്‍ട്ട് മനസിലാക്കാനും വെക്ടര്‍ കണ്‍ട്രോള്‍, പുരമിത്ര ആപ്ലിക്കേഷന്‍സിലൂടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളില്‍ നിന്നും മലമ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ രോഗങ്ങളും ശേഖരിച്ച് കൊതുകളുള്ള ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്താനും ഇതുവഴി കഴിയും.
Content Highlights: AI powered System to curb Mosquito Menace