
തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്. ഗവര്‍ണറെ ഉള്‍പ്പെടെ കണ്ട് കാര്യങ്ങള്‍ പറഞ്ഞെന്നും വിദേശകാര്യ മന്ത്രാലയമുള്‍പ്പെടെ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും ടോമി പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും യെമന്‍ രാജ്യത്തിന്റെ പ്രത്യേകത കൊണ്ടാണ് പരിമിതികളുണ്ടാകുന്നതെന്നും ടോമി തോമസ് പറഞ്ഞു. നിമിഷയുമായി ഫോണില്‍ സംസാരിക്കുന്നുണ്ടെന്നും വധശിക്ഷയുടെ തീയതി സംബന്ധിച്ച കാര്യം തന്നെ അറിയിച്ചത് നിമിഷ തന്നെയാണെന്നും ടോമി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇന്നലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പം ഗവര്‍ണറെ കണ്ടിരുന്നു. നിമിഷയുടെ അമ്മ വീഡിയോ കോളിലൂടെ ഗവര്‍ണറോട് സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും പോസിറ്റീവ് സമീപനമാണ്. അവര്‍ വേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. യുദ്ധമുള്‍പ്പെടെ ആ രാജ്യത്തിന്റെ പ്രത്യേകതകള്‍ കൊണ്ടുളള പരിമിതികളുണ്ട്. എങ്കിലും എംപിമാരും എംഎല്‍എമാരും ജനപ്രതിനിധികളുമെല്ലാം ഇടപെടുന്നുണ്ട്. വധശിക്ഷ തീയതി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിവരം രണ്ടുദിവസം മുന്‍പ് അറിഞ്ഞിരുന്നു. നിമിഷ തന്നെയാണ് വിളിച്ച് അക്കാര്യം അറിയിച്ചത്. ഒരുപാടുപേരുടെ പ്രാര്‍ത്ഥനയും രാഷ്ട്രീയമായ ഇടപെടലുണ്ട്. അതുകൊണ്ടുതന്നെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്.'- ടോമി തോമസ് പറഞ്ഞു.
അതേസമയം, അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും നിമിഷപ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി. വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച്ച അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന് എംപി ഇന്ന് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. നയതന്ത്രതലത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച്ച.
യെമന്‍ പൗരന് തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചെന്നാണ് വിവരം. 2017-ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ടത്.
Content Highlights: Nimishapriya execusion: husband says he is hopeful that her release will be possible