
പുതിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് റിയല്‍മിയുടെ മുന്‍ സിഇഒ മാധവ് ഷെത്തിന്റെ പുതിയ സംരംഭമായ എന്‍എക്സ്ടി ക്വാണ്ടം. എഐ+ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ബ്രാന്‍ഡ് നെയിമില്‍ അവതരിപ്പിച്ച ഫോണ്‍ പൂര്‍ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് എന്ന് മാധവ് ഷെത്ത് പറഞ്ഞു.
'എഐ+ സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണ്ണമായും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ ആദ്യത്തെ സോവറീന്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ ഫോണിന്. എന്‍എക്സ്ടി ക്വാണ്ടം ഒഎസ് ആണ് ഇതിന് കരുത്തുപകരുന്നത്'- മാധവ് ഷെത്ത് പറഞ്ഞു.
പള്‍സ്, നോവ 5ജി എന്നി രണ്ട് മോഡലുകളാണ് എഐ+ സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ ഉള്‍പ്പെടുന്നത്. ഓരോന്നിനും 6.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്. T615, T8200 ചിപ്പുകള്‍ ഉപയോഗിച്ചാണ് ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ 1TB വരെ വികസിപ്പിക്കാവുന്ന മെമ്മറി ഓപ്ഷനുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് മോഡലുകളിലും 50-മെഗാപിക്സല്‍ ഡ്യുവല്‍ എഐ കാമറ, 5,000mAh ബാറ്ററി, ഒരു സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്. അഞ്ചു നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്.
എഐ+ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. 4499 രൂപയാണ് പള്‍സിന്റെ പ്രാരംഭ വില. നോവ 5ജിയുടെ വില 7,499 രൂപ മുതലാണ് ആരംഭിക്കുന്നത്. രണ്ട് മോഡലുകളും ജൂലൈ 12, ജൂലൈ 13 തീയതികളില്‍ നടക്കാനിരിക്കുന്ന ഫ്ലാഷ് സെയിലിന്റെ ഭാഗമാകുമെന്ന് കമ്പനി അധീകൃതര്‍ അറിയിച്ചു.
Content Highlights: ai smartphone launched in india at a starting price of rs 4499