Top

'കോഴിക്കോട്ടുകാരുടേയും മുഖ്യമന്ത്രി പിണറായി തന്നെയാണല്ലൊ'; കര്‍ണാടകയിലെ ഹിജാബ് പ്രസംഗം നന്നായിരുന്നെന്ന് എസ്‌കെഎസ്എസ്എഫ്

ഹിജാബ് വിലക്കിനേത്തുടര്‍ന്ന് കോഴിക്കോട് നടക്കാവ് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ടി സി വാങ്ങി പ്രതിഷേധിച്ചത് വിവാദമായിരിക്കുകയാണ്

20 Sep 2022 1:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്ടുകാരുടേയും മുഖ്യമന്ത്രി പിണറായി തന്നെയാണല്ലൊ; കര്‍ണാടകയിലെ ഹിജാബ് പ്രസംഗം നന്നായിരുന്നെന്ന് എസ്‌കെഎസ്എസ്എഫ്
X

മലപ്പുറം: കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂള്‍ ഹിജാബ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌കെഎസ്എസ്എഫ്. കര്‍ണാടകയില്‍ വെച്ച് ഹിജാബ് നിരോധനത്തെ എതിര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് സമസ്ത വിദ്യാര്‍ത്ഥി വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ആരോപിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കര്‍ണാടകയില്‍ പോയി ഹിജാബ് വിഷയത്തില്‍ അവിടെ നടന്ന വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനെ കുറിച്ചുള്ള പ്രസംഗം നന്നായിരുന്നു. അവിടെ അതിലപ്പുറം അദ്ദേഹത്തിനൊന്നും ചെയ്യാനുമില്ല. പക്ഷെ കോഴിക്കോട് അങ്ങിനെയല്ലല്ലൊ. കോഴിക്കോട്ടുകാരുടെയും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തന്നെയാണല്ലൊ. ഇവിടെ പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ ഒരു പെണ്‍കുട്ടിക്ക് ടി സി വാങ്ങി സ്‌കൂളിന്റെ പടി ഇറങ്ങേണ്ടി വന്നു, സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'കുട്ടിയുടെ രക്ഷിതാവുമായി ഇന്ന് രാവിലെ സംസാരിച്ചു. വിദ്യാഭ്യാസ മന്ത്രിക്ക് അദ്ദേഹം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പറയുന്നു. സ്‌കൂള്‍ ഗേറ്റ് വരെ തല മറച്ച് വന്ന് കാംപസിനകത്തേക്ക് പ്രവേശിക്കും മുമ്പ് തട്ടം ബാഗില്‍ വെക്കേണ്ടി വരുന്നത് ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നും കേട്ടിരുന്നു. എന്നാല്‍ ഇത് കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുമ്പിലെ നിത്യ കാഴ്ച്ചയായിരിക്കുന്നു.

ഇവടെ പെണ്‍കുട്ടികളുടെ അന്തസ്സ്, സ്വകാര്യത, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശം നിഷേധിക്കപ്പെടുകയാണ്. കര്‍ണാടക സര്‍ക്കാറിന്റെ ഹിജാബ് വിരുദ്ധ നിലപാടിനെതിരെ സുപ്രീം കോടതിയില്‍ കേസില്‍ വാദം കേള്‍ക്കുന്ന ഈ സമയത്ത് പ്രത്യേകിച്ച് ഇക്കാര്യത്തില്‍ കേരള സര്‍ക്കാറിന്റെ നിലപാട് എന്താണ്? സിപിഐഎം സംസ്ഥാന സെക്രട്ടറി എന്ത് പറയുന്നു? സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന പ്രൊവിഡന്‍സ് സ്‌കൂളില്‍ നടക്കുന്ന ഈ തോന്നിവാസത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് എന്തെങ്കിലും ന്യായീകരണമുണ്ടോ?,' സമസ്ത വിദ്യാര്‍ത്ഥി നേതാവ് ചോദിച്ചു.

ചിക്കമംഗളുരു ബാഗേപ്പള്ളിയില്‍ നടന്ന സിപിഐഎം റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിജാബ് നിരോധനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് അധികാരികള്‍ കൂട്ടുനിന്നു. മുസ്ലീം വിഭാഗത്തെപ്പറ്റി ഭീതി പരത്താന്‍ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങല്‍ രണ്ടാംകിട പൗരന്‍മാരാണെന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. ഇത്തരം നേട്ടത്തിനായി ഭീതിതമായ അന്തരീക്ഷം രാജ്യത്തൊട്ടാകെ സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഹിജാബ് വിലക്കിനേത്തുടര്‍ന്ന് കോഴിക്കോട് നടക്കാവ് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ടി സി വാങ്ങി പ്രതിഷേധിച്ചത് വിവാദമായിരിക്കുകയാണ്. അഡ്മിഷനെടുക്കുന്ന സമയത്ത് തന്നെ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയേയും പിതാവ് മുസ്തഫയേയും അറിയിച്ചിരുന്നു. പഠനം തുടരുകയാണെങ്കില്‍ തട്ടമിട്ടുകൊണ്ടേ ചെയ്യൂ എന്ന് വിദ്യാര്‍ത്ഥിനി നിലപാടെടുത്തു. ഹിജാബ് അനുവദിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. ഇതിനിടെ കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനം കിട്ടിയ പെണ്‍കുട്ടി ടി സി വാങ്ങുകയായിരുന്നു. മോഡല്‍ സ്‌കൂളില്‍ ഹിജാബ് അനുവദനീയമാണ്. പ്രൊവിഡന്‍സിലെ ഹിജാബ് വിലക്കിനെതിരെ പരാതിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് മുസ്തഫ അമ്മിണിപ്പറമ്പ് പ്രതികരിച്ചു.

Story highlights: Sathar Panthalloor criticized Pinarayi Vijayan on hijab issue

Next Story

Popular Stories