Top

ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്ത് അന്വേഷണ സംഘം; കീടനാശിനിയുമായി പോയ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു

വീടിനടുത്തെ കാട്ടില്‍ നിന്നാണ് കീടനാശിനി കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മ, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കുപ്പി കണ്ടെത്തിയത്

1 Nov 2022 10:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്ത് അന്വേഷണ സംഘം; കീടനാശിനിയുമായി പോയ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു
X

തിരുവനന്തപുരം: സുഹൃത്തിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയുടെ വീട് പൊലീസ് സീല്‍ ചെയ്തു. വീടിന് സമീപത്തെ തെളിവെടുപ്പ് പൂര്‍ത്തിയായതോടെയാണ് വീട് സീല്‍ ചെയ്തത്. വീടിനകത്ത് സംഘം പരിശോധന നടത്തിയില്ല. പരിശോധനയില്‍ കുപ്പികളും കീടനാശിനിയും ലേബലും അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പുറമേ കീടനാശിനിയുമായി പോയ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.

വീടിനടുത്തെ കാട്ടില്‍ നിന്നാണ് കീടനാശിനി കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മ, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കുപ്പി കണ്ടെത്തിയത്. അമ്മാവനാണ് കുപ്പി ഗ്രീഷ്മയുടെ വീടിന് സമീപത്തുള്ള കാട്ടില്‍ ഉപേക്ഷിച്ചത്. ഇവിടെ നിന്ന് പച്ച നിറത്തിലെ അടപ്പുള്ള കുപ്പി കണ്ടെടുക്കുകയായിരുന്നു. ഷാരോണിന് നല്‍കിയ കഷായത്തില്‍ ചേര്‍ത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവന്‍ അതെടുത്ത് മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മയുടെ മൊഴി. കണ്ടെത്തിയ കുപ്പി രാസ പരിശോധനയ്ക്ക് അയക്കുമെന്ന് ഡിവൈഎസ്പി ജോണ്‍സണ്‍ പറഞ്ഞു.

ഗ്രീഷ്മയുടെ സാന്നിധ്യത്തിലാകും വീട് തുറന്നുള്ള തെളിവെടുപ്പെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കേസില്‍ പ്രതിചേര്‍ത്ത ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയുമായിരുന്നു ഇന്ന് തെളിവെടുപ്പിന് കൊണ്ടുവന്നത്. തിരുവനന്തപുരത്ത് നിന്ന് ആദ്യം പാറശാല പൊലീസ് സ്റ്റേഷനിലും പിന്നീട് തമിഴ്നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷനിലും എത്തിച്ചു. പിന്നാലെയായിരുന്നു തെളിവെടുപ്പ്. ഗ്രീഷ്മയുടെ വീട് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലായതിനാല്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഈ വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നതും കഷായത്തില്‍ കീടനാശിനി ചേര്‍ത്ത് ഷാരോണിന് നല്‍കിയതും. കേസില്‍ നിലവില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Next Story