
കണ്ണൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. അത്തരം ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മെഡിക്കല്‍ കോളേജുകളില്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത ഉപകരണങ്ങള്‍ വളരെ വേഗം വാങ്ങി നല്‍കാറുണ്ട്. കേരളത്തെ താറടിച്ചു കാണിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം അതൃപ്തി പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗുരുതരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മെഡിക്കല്‍ കോജേളിലെ യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കല്‍ രംഗത്തെത്തിയത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവുമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു യൂറോളജി മേധാവി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംഭവം ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെ ഡോ. ഹാരിസ് ചിറയ്ക്കല്‍ പോസ്റ്റ് പിന്‍വലിച്ചു. ഇതിന് പിന്നാലെ യൂറോളജി മേധാവിയുടെ ആരോപണങ്ങള്‍ തള്ളി ഡിഎംഇ രംഗത്തെത്തി.
ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാല്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ഡിഎംഇ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ. ഹാരിസ്, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആയതുമുതല്‍ അധികാരികളോട് വിഷയം സംസാരിച്ചിരുന്നുവെന്നും പലപ്പോഴും സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടുമാസം മുന്‍പ് മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ നല്‍കിയ ഉറപ്പിലാണ് പോസ്റ്റ് പിന്‍വലിച്ചത്. സര്‍വീസ് തന്നെ മടുത്തിരിക്കുകയാണെന്നും നടപടി ഉണ്ടായിക്കോട്ടെ എന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പറഞ്ഞത്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം അന്വേഷിക്കുന്നതിനായി നാലംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Content Highlights- CM Pinarayi vijayan against dr haris chirakkal over his statement against health department