ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് കേരള പൊലീസ്; സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാൻ നിർദ്ദേശം

തൃശ്ശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ നടന്ന ​ഗുണ്ടാ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം

dot image

തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്. ഇത് സംബന്ധിച്ച് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ക്രമസമാധാന ചുമതയുള്ള എഡിജിപി എച്ച് വെങ്കിടേഷാണ് ​ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. ​തൃശ്ശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ നടന്ന ​ഗുണ്ടാ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തിൽ രാത്രികാല പെട്രോളിങ് ശക്തമാക്കാനും നിർദ്ദേശമുണ്ട്. തൃശ്ശൂർ ഡിഐജി എസ് ഹരിശങ്കറിൻ്റെ നേതൃത്വത്തിലുള്ള നടപടികൾ മാതൃകയാക്കും.

സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവർത്തനങ്ങളും പൊലീസ് നിരീക്ഷിക്കും. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ രാത്രികാല പെട്രോളിങ് ശക്തമാക്കും. ജില്ലാതലത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ടീം ഉണ്ടാക്കും. സബ് ഡിവിഷനിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലും സ്ട്രൈക്കിംഗ് ടീം വേണമെന്ന് നിർദ്ദേശമുണ്ട്. രാത്രി കാലങ്ങളിൽ സ്ട്രൈക്കിംഗ് ടീം പൂർണ്ണ സജ്ജമായിരിക്കണമെന്നും നി‍ർദ്ദേശമുണ്ട്. ഈ പ്രവ‍ർത്തനങ്ങൾ പ്രതിദിനം വിലയിരുത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ജൂൺ 28ന് തൃശ്ശൂരിൽ ആക്രമണം നടന്നിരുന്നു. കൊലക്കേസ് പ്രതി ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു പൊലീസിനെതിരെ ആക്രമണം നടന്നത്. നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഗ്രേഡ് എസ് ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒന്നിലേറെ പൊലീസ് വാഹനങ്ങൾ തക‍ർന്നിരുന്നു.

തൃശ്ശൂ‍‍‍ർ നല്ലെങ്കരയിൽ സഹോദരങ്ങളായ അൽത്താഫും അഹദും സംഘടിപ്പിച്ച ബെർത്ത്ഡെ പാർട്ടിയെ തുടർന്നാണ് ആക്രമണം ഉണ്ടായത്. സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാർബലും ബെർത്ത് ഡെ പാർട്ടിക്ക് എത്തിയിരുന്നു. അൽത്താഫിൻ്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നടന്ന ബർത്ത്ഡെ പാർട്ടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേയ്ക്ക് എത്തി. അൽത്താഫിൻ്റെ വീടിന് സമീപത്തേയ്ക്ക് എത്തിയ സംഘം തുടർന്ന് ഏറ്റുമുട്ടകയായിരുന്നു. ഭയന്ന് പോയ അൽത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ സംഘം ആക്രമണം അഴിച്ച് വിടുകയായിരുന്നു.

Content Highlights: Kerala Police to take strict action to lock up goons Instructions to monitor habitual criminals

dot image
To advertise here,contact us
dot image