
കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ സസ്പെന്‍ഷന്‍ നടപടിക്കെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആര്‍എസ്എസിന്റെ ചട്ടുകമായി വിസിയും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അയോധ്യയിലെ ശിലാന്യാസത്തില്‍ പങ്കെടുത്ത് വന്നതിനു പിന്നാലെ നേടിയതാണ് വിസി പദവിയെന്നും മന്ത്രി വിമര്‍ശിച്ചു. കോഫി വിത്ത് അരുണിലായിരുന്നു ആര്‍ ബിന്ദുവിന്റെ പ്രതികരണം.
'കാവിക്കൊടി പിടിച്ച് നില്‍ക്കുന്ന ഭാരതാംബ ജനാധിപത്യ ഇന്ത്യയുടേതല്ല. ആര്‍എസ്എസിന്റെ ബിംബങ്ങളെ കേരളത്തിന്റെ പൊതുഇടത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവര്‍ണര്‍ വന്നതോടെ അത് അനായാസം നടക്കുകയാണ്. മതനിരപേക്ഷ അന്തരീക്ഷം നിലനിന്നു പോകേണ്ട ഇടമാണ് സര്‍വ്വകലാശാലകള്‍. ഉന്നതവിദ്യാഭ്യാസമേഖലയിലെ മുന്നേറ്റങ്ങളെ പിന്തുണയ്ക്കാതെ എതിര്‍ക്കാന്‍ ബോധപൂര്‍വ്വമായി ശ്രമം നടത്തുന്നു', മന്ത്രി പറഞ്ഞു.
രജിസ്ട്രാറുടെ ഭാഗത്തുനിന്ന് ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് ആര്‍ ബിന്ദു പറഞ്ഞു. രജിസ്ട്രാര്‍ സംഘര്‍ഷം ഒഴിവാക്കാനും മതേതരസ്വഭാവം നിലനിര്‍ത്താനുമാണ് ശ്രമിച്ചത്. സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍വകലാശാലയില്‍ ശാന്തമായ അന്തരീക്ഷം വേണമെന്നും വിസി അധികാരത്തില്‍ അഭിരമിക്കുന്നതല്ലാതെ മറ്റൊന്നും ശ്രദ്ധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വിസി അമിതാധികാര പ്രയോഗം നടത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെ കൗശലപൂര്‍വ്വം നടപ്പാക്കുന്ന കാവിവല്‍ക്കരണ അജണ്ടയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധരാണെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതിനെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ നടപടി തള്ളിക്കളയുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു.
Content Highlights: R Bindu against Kerala University VC Mohanan Kunnummal on Registrar suspension