Top

ട്രെയിന്‍ യാത്രികന് എതിരായ പൊലീസ് ക്രൂരത; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സംഭവത്തതുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

3 Jan 2022 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രെയിന്‍ യാത്രികന് എതിരായ പൊലീസ് ക്രൂരത; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
X

മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എഎസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

സംഭവത്തതുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പറയുന്നു.ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ചതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, പൊലീസിനെതിരെയുള്ള പരാതികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ട്രെയ്‌നില്‍ യാത്രക്കാരനെതിരായ സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്. സ്ലീപ്പര്‍ കമ്പാര്‍ട്മെന്റില്‍ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ടിക്കറ്റ് ചോദിച്ചതെന്ന് സംഭവത്തിന്റെ ദൃസാക്ഷി പറഞ്ഞു.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കൈയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാള്‍ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. യാത്രക്കാരന്റെ നെഞ്ചിനാണ് ചവിട്ടേറ്റത്. എന്നാല്‍ താന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എഎസ്ഐ പ്രമോദിന്റെ വാദം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാളുടെ പ്രതികരണം.

Next Story