Top

'കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യം'; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

11 Oct 2022 8:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യം; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഇലന്തൂര്‍ നരബലി കേസിൽ കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പത്തിനും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

'മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകം. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ. കടവന്ത്ര പോലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങൾ എന്ന് പ്രതികൾ മൊഴിനൽകിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയത്.' മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ് എന്ന റഷീദുമാണ് അറസ്റ്റിലായത്. ഏജന്റ് സ്ത്രീകളെ തിരുവല്ലയിലെ ദമ്പതിമാരുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. കടവന്ത്രയില്‍ പത്മം എന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു.

സെപ്തംബര്‍ 27നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നരബലി ആണെന്ന് കണ്ടെത്തിയത്. കടവന്ത്രയില്‍ പൊന്നുരുഞ്ഞി സ്വദേശിയെയാണ് ബലി നല്‍കിയത്.

STORY HIGHLIGHTS: Pinarayi Vijayan's response on Elanthoor incident

Next Story