Top

'ഓര്‍മ്മയുണ്ടോ മൂലമ്പിള്ളി?'; പുനരധിവാസ പാക്കേജിന്റെ 14-ാം വര്‍ഷത്തില്‍ സര്‍ക്കാരിന് ഉത്തരവ് തിരിച്ചയച്ച് കുടിയൊഴിപ്പിക്കപ്പെട്ടവര്‍

ഇന്ന് രാവിലെ സുഭാഷ് ബോസ് പാര്‍ക്കിന്റെ പ്രധാന കവാടത്തില്‍ നിന്ന് മാര്‍ച്ച് നടത്തി ഹെഡ് പോസ്റ്റ് ഓഫീസില്‍ സംഗമിച്ച് പൊതുയോഗം നടത്തും.

19 March 2022 2:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓര്‍മ്മയുണ്ടോ മൂലമ്പിള്ളി?; പുനരധിവാസ പാക്കേജിന്റെ 14-ാം വര്‍ഷത്തില്‍ സര്‍ക്കാരിന് ഉത്തരവ് തിരിച്ചയച്ച് കുടിയൊഴിപ്പിക്കപ്പെട്ടവര്‍
X

കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പദ്ധതിക്കായി മൂലമ്പിള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ പുനരധിവാസം ഓര്‍മ്മിപ്പിക്കാന്‍ കത്തയച്ച് പ്രതിഷേധം. 316 കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പാണ് മൂലമ്പിള്ളി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ റവന്യൂമന്ത്രിക്ക് തപാലില്‍ അയക്കും.

പദ്ധതിക്കായി കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ട് 14 വര്‍ഷമായിട്ടും പൂര്‍ണ്ണമായ പുനരധിവാസം സാധ്യമാക്കിയിട്ടില്ല. ഇന്ന് രാവിലെ സുഭാഷ് ബോസ് പാര്‍ക്കിന്റെ പ്രധാന കവാടത്തില്‍ നിന്ന് മാര്‍ച്ച് നടത്തി ഹെഡ് പോസ്റ്റ് ഓഫീസില്‍ സംഗമിച്ച് പൊതുയോഗം നടത്തുമെന്ന് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുംകല്‍ അറിയിച്ചു.

2008 ഫെബ്രുവരി ആറിനാണ് വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി അന്നത്തെ സർക്കാർ കുടിയൊഴിപ്പിച്ചത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു ഈ കുടിയിറക്കല്‍. എറണാകുളം ജില്ലയിലെ ചേരാനെല്ലൂര്‍, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, മുളവുകാട്, ഏലൂര്‍, മൂലമ്പള്ളി, കടുങ്ങല്ലൂര്‍ എന്നിങ്ങനെ ഏഴ് സ്ഥലങ്ങളിലെ ജനങ്ങള്‍ സ്വന്തം ഭൂമിയില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. പദ്ധതിയുടെ പേരില്‍ പറ്റിക്കപ്പെടുകയായിരുന്നെന്ന് മനസിലാക്കിയതോടെ 316 കുടുംബങ്ങളും പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു.

മൂലമ്പിള്ളിയിലെ ജനങ്ങള്‍ കുടിയിറക്കപ്പെട്ടിട്ട് വർഷങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ പാക്കേജിന് അനക്കമൊന്നുമില്ല. നാടിന്റെ വികസന സ്വപ്നങ്ങള്‍ക്കുള്ള നാഴികക്കല്ലെന്ന് വിശേഷിപ്പിച്ച് തുടങ്ങിയ വല്ലാര്‍പാടം കണ്ടെയ്‌നര്‍ പദ്ധതിയുടെ ടെര്‍മിനലിനുവേണ്ടി മൂലമ്പിള്ളിയിലെ 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ഇവരെ പുനരധിവസിപ്പിക്കാന്‍ ഏഴോളം സ്ഥലങ്ങളാണ് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്. ഇവയില്‍ ആറ് സ്ഥലങ്ങളും പുഴയോ കായലോ നികത്തിയവയും ആയിരുന്നു. പ്രദേശവാസികളുടെ ചെറുത്തുനില്‍പിനെത്തുടര്‍ന്ന് വാസയോഗ്യമായ രീതിയില്‍ വെള്ളവും വൈദ്യുതിയും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മുലമ്പിള്ളിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ ഇന്നും വാടകവീടുകളിലാണ്.

(ചിത്രം- മൂലമ്പിള്ളി സ്വദേശിനി അന്നമ്മ കുടിയൊഴിപ്പിക്കലിനിടെ (ഫോട്ടോ ജേണലിസ്റ്റ് ശ്രീജിത്ത് ശ്രീധരന്‍ പകര്‍ത്തിയത്))

STORY HIGHLIGHTS: Moolampilly evictees to hold protest

Next Story