Top

പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ പീഡന പരാതി: കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍

18 Jun 2022 10:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ പീഡന പരാതി: കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍
X

മലപ്പുറം: രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ച സെന്റ് ജെമ്മാസ് മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മലപ്പുറം വനിത പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിപിഐഎമ്മിന്റെ മുന്‍ കൗണ്‍സിലര്‍ കൂടിയായ കെ വി ശശികുമാര്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. നേരത്തെ, രണ്ട് കേസുകളില്‍ ശശികുമാറിന് ജാമ്യം ലഭിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

പുതിയ പരാതിയില്‍ വെള്ളിയാഴ്ചയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വാങ്ങി. മഞ്ചേരി സബ് ജയിലിലാണ് ഇയാളെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനായിരുന്ന കെ വി ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമത്തില്‍ ശശികുമാര്‍ പങ്കുവെച്ച പോസ്റ്റിന്റെ തുടര്‍ച്ചയായാണ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് മൂന്നു പതിറ്റാണ്ടിനിടെ ഒട്ടേറെ വിദ്യാര്‍ഥികളെ അധ്യാപകന്‍ കെ വി ശശി കുമാര്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. പതിറ്റാണ്ടുകളായി പരാതി അറിയിച്ചിട്ടും മാനേജ്‌മെന്റ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപവുമായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു.

തുടര്‍ച്ചയായി മൂന്ന് തവണ സിപിഐഎം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശികുമാര്‍ 11ാം വാര്‍ഡ് മൂന്നാംപടിയില്‍ നിന്നുള്ള നഗരസഭാംഗമായിരുന്നു. പീഡന പരാതികള്‍ ഉയര്‍ന്നതോടെ പാര്‍ട്ടി നിര്‍ദേശ പ്രകാരം നഗരസഭാഗത്വം രാജിവച്ചു. സിപിഐഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് ശശികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

STORY HIGHLIGHTS: Malappuram St Jammas School former teacher KV Sasikumar arrested again in third pocso case

Next Story