Top

'വർഗീയവാദികൾക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ബന്ധമില്ല'; മതനിന്ദയിൽ ബിജെപി രാഷ്ട്രത്തോട് മാപ്പുപറയണമെന്ന് എം എ ബേബി

1 July 2022 6:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വർഗീയവാദികൾക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ബന്ധമില്ല; മതനിന്ദയിൽ ബിജെപി രാഷ്ട്രത്തോട് മാപ്പുപറയണമെന്ന് എം എ ബേബി
X

കൊല്ലം: പ്രവാചക വിരുദ്ധ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്ക് എതിരായ സുപ്രീംകോടതി വിമർശനം സ്വാഗതം ചെയ്ത് സിപിഐഎം പിബി അം​ഗം എം എ ബേബി. മതനിന്ദയിൽ ബിജെപി രാഷ്ട്രത്തോടു മാപ്പുപറയണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു. ഒരു കക്ഷിയുടെ വക്താവ് മാപ്പുപറയുക എന്നുപറഞ്ഞാൽ ആ കക്ഷി മാപ്പുപറയുക എന്നുതന്നെയാണ്. രാജ്യത്തെ നിയമവ്യവസ്ഥയെ ബിജെപി ബഹുമാനിക്കുന്നുണ്ടെങ്കിൽ അവർ രാജ്യത്തോട് മാപ്പുപറയണമെന്നും മതനിന്ദയിൽ സിപിഐഎം ആവശ്യപ്പെട്ടതും ഇതുതന്നെയാണെന്നും എം എ ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

'മതനിന്ദ: ബിജെപി രാഷ്ട്രത്തോടു മാപ്പുപറയണം.

സസ്പെൻഷനിലുള്ള ബിജെപി വക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി. ഒരു കക്ഷിയുടെ വക്താവ് മാപ്പുപറയുക എന്നുപറഞ്ഞാൽ ആ കക്ഷി മാപ്പുപറയുക എന്നുതന്നെയാണ്. രാജ്യത്തെ നിയമവ്യവസ്ഥയോട് എന്തെങ്കിലും ബഹുമാനം ബിജെപിക്ക് ഉണ്ടെങ്കിൽ അവർ രാജ്യത്തോട് മാപ്പുപറയണം. ഈ മതനിന്ദ ഉണ്ടായ ഉടനെ സിപിഐഎം ആവശ്യപ്പെട്ടതും ബിജെപി രാജ്യത്തോട് മാപ്പുപറയണം എന്നുതന്നെയാണ്.

പ്രവാചകനെക്കുറിച്ച് ബിജെപി വക്താവ് നടത്തിയ പരാമർശങ്ങൾ മാത്രമാണ് ഇന്ന് രാജ്യത്തുണ്ടായിരിക്കുന്ന സംഘർഷങ്ങൾക്കെല്ലാം കാരണം എന്നും കോടതി പറഞ്ഞു. നൂപുർ ശർമയുടെ പേരിൽ രാജ്യത്ത് പലയിടത്തും രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറുകൾ എല്ലാം ദില്ലിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് അവർ നല്കിയ ഹർജി കേൾക്കവെയാണ് ജസ്റ്റിസുമാരായ സൂര്യകാന്തമിശ്രയും ജെബി പർദിവാലയും ഈ പരാമർശങ്ങൾ നടത്തിയത്. അതിരൂക്ഷമായ ഭാഷയിലാണ് കോടതി ബിജെപി വക്താവിൻറെ ഹർജിയെക്കുറിച്ച് സംസാരിച്ചത്. തുടർന്ന് നൂപുർ ശർമയുടെ അഭിഭാഷകൻ ഹർജി പിൻവലിക്കുകയാണുണ്ടായത്.

"ഇവർ മതപരരായ ആളുകളേ അല്ല. പ്രകോപനം ഉണ്ടാക്കാനാണ് ഇവർ പ്രസ്താവനകൾ നടത്തുന്നത്," എന്നാണ് കോടതി ബിജെപി വക്താവിനെക്കുറിച്ച് പറഞ്ഞത്. എത്രസത്യം! വർഗീയവാദികൾക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ഒരു ബന്ധവുമില്ല. അവർ തങ്ങളുടെ രാഷ്ട്രീയാധികാരത്തിനായി മതത്തെ ഉപയോഗിക്കുന്നു എന്നുമാത്രം.'

STORY HIGHLIGHTS: MA Baby wants BJP to apologize to nation for prophet comments

Next Story