Top

ലോകായുക്ത ഓര്‍ഡിനന്‍സ്; സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ശക്തമായ അധികാരത്തില്‍, ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

26 Jan 2022 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകായുക്ത ഓര്‍ഡിനന്‍സ്; സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ശക്തമായ അധികാരത്തില്‍, ഗവര്‍ണറുടെ നിലപാട് നിര്‍ണായകം
X

ലോകായുക്തയുടെ വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതിന് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ലോകായുക്ത സംവിധാനത്തെൂതന്നെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് വിമര്‍ശനം. സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത് തന്നെ വലിയ വിവാദത്തിനാണ് വഴിവച്ചത്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിന് അടിയന്തരമായി അംഗീകാരം നല്‍കേണ്ടെന്ന നിലപാടായിരിക്കും ഗവര്‍ണര്‍ സ്വീകരിക്കുക എന്നതാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിഷയത്തില്‍ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നിയമമന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അഴിമതി, സ്വജന പക്ഷപാതം തുടങ്ങി പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ ആരോപണങ്ങള്‍ പരിഗണിക്കുന്ന ലോകായുക്ത ഈ ആരോപണങ്ങളില്‍ കുറ്റം തെളിഞ്ഞാല്‍ ആരോപിതനായ പൊതുപ്രവര്‍ത്തകന്‍ സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്ന വിധി നടപ്പാക്കേണ്ടിവരുന്നതാണ് നിലവിലെ രീതി. അഴിമതി ലോകായുക്തയില്‍ തെളിഞ്ഞാല്‍ അവര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് ലോകായുക്തയ്ക്ക് പ്രഖ്യാക്കാം. ഇതനുസരിച്ച് അവര്‍ സ്ഥാനത്തുനിന്ന് മാറിയ ശേഷമേ അപ്പീല്‍ അധികാരിയായ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ. ലോകായുക്തയുടെ ഈ അധികാരം ഭരണഘടനാ വിരുദ്ധമാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് എതിരെ ലോകായുക്തയ്ക്ക് മുന്നിലുള്ള പരാതിയില്‍ തിരിച്ചടി ഭയന്നാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

ഈ സാഹചര്യത്തില്‍ വിഷയം ചൂണ്ടിക്കാട്ടി യുഡിഎഫ് ഗവര്‍ണറെ കാണും. പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധിസംഘം സംഘം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെ ഇതിനായി പ്രതിപക്ഷ നേതാവ് അനുമതിതേടി. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് കത്തും നല്‍കിയിരുന്നു.

രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാര്‍ നീക്കത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നത്. ലോകായുക്തയുടെ ചിറകരിഞ്ഞ് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ കാട്ടുന്ന വ്യഗ്രത ഞെട്ടിപ്പിച്ചെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആരോപിച്ചു. ലോകായുക്തയുടെ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിനെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ലോകായുക്തയെ ഇല്ലാതാക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട് പ്രതികരിച്ചു. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നു വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.ടി ജലീലിന് ബന്ധുനിയമനത്തില്‍ മന്ത്രിസ്ഥാനം പോയത് ലോകായുക്ത ഇടപെടല്‍ മൂലമാണ്. ഇത്തരമൊരു സാഹചര്യം ഇനിയുണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ലോകായുക്തയെ നോക്കുകുത്തിയാക്കി അഴിമതി നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കൈപിടിയിലൊതുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ വ്യാമോഹത്തിന്റെ അവസാന ഉദ്ദാഹരണമാണ് ഇതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ലോകായുക്ത നിയമഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സിപിഐഎം നിലപാട്. നടപടി നിയമാനുസൃതമാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടു. ലോകായുക്തയിലെ സെക്ഷന്‍ 14 ലാണ് ചട്ടലംഘനം നടത്തിയാല്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നത്. അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്നം. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നും കോടിയേരി വ്യക്തമാക്കുന്നു.

Next Story