Top

'പൊരേന്റെ മുന്നില്‍ ബോഡി കൊണ്ടുവരും, പഠിക്കണം ഇനി കക്കരുതെന്ന്'; സ്വര്‍ണ്ണക്കടത്ത് തലവന്‍ സ്വാലിഹിന്റെ ഭീഷണി സന്ദേശം പുറത്ത്

6 Aug 2022 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊരേന്റെ മുന്നില്‍ ബോഡി കൊണ്ടുവരും, പഠിക്കണം ഇനി കക്കരുതെന്ന്; സ്വര്‍ണ്ണക്കടത്ത് തലവന്‍ സ്വാലിഹിന്റെ ഭീഷണി സന്ദേശം പുറത്ത്
X

കോഴിക്കോട്: തട്ടിക്കൊണ്ടുപോകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഇര്‍ഷാദിന്റെ കുടുംബത്തെ സ്വര്‍ണക്കടത്ത് സംഘം ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. സ്വര്‍ണക്കടത്ത് തലവനും തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുഖ്യ പ്രതിയുമായ സ്വാലിഹ് ഇര്‍ഷാദ് കൊല്ലപ്പെടുന്നതിന് മുന്‍പ് വീട്ടുകാരോട് സംസാരിക്കുന്ന ഓഡിയോ റിപ്പോര്‍ട്ടര്‍ ലൈവിന് ലഭിച്ചു. ഇര്‍ഷാദിനെ കൊല്ലുമെന്നും വീടിന് മുന്നില്‍ മൃതദേഹം കൊണ്ടിടുമെന്നും സംഭാഷണത്തിലുണ്ട്. ഇനി മോഷ്ടിക്കാതിരിക്കാന്‍ ഒരു പാഠമാകണമെന്നും ഓഡിയോയില്‍ പറയുന്നു.

ഓഡിയോയില്‍ പറയുന്നത്

'നിങ്ങടെ പൊരേന്റെ മുന്നില്‍ ബോഡി കൊണ്ടുവരും. ആ നാട്ടുകാര് പഠിക്കണം ഇനി കക്കരുത് എന്ന്. അവിടെ ഞാന്‍ എത്തിക്കും ഇത്. ഒറപ്പ്. സംശയമില്ല. ഞാനാ പറയണത്. ഇന്നാളും ഇതുപോലൊരു വാക്ക് പറഞ്ഞതാ, ഓനെ ഞങ്ങള്‍ എടുക്കൂന്ന്. അപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ നമ്പറില്‍ എന്നെ കോണ്ടാക്ട് ചെയ്യാം. ഓക്കെ. ശരി.'

കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പെരുവണ്ണാമുഴിയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റേത് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂണ്‍ ഏഴിന് കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് കസ്റ്റഡിയില്‍ ഉള്ളയാള്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ആകെ നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ സമീപ ദിവസങ്ങളിലാണ് പൊലിസ് അറസ്റ്റ് ചെയ്തത്. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷഹീല്‍ എന്നിവരാണ് അറസ്റ്റിലായത്. വിദേശത്ത് പോയ ഇര്‍ഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ആറാം തിയ്യതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്നും സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി എന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സ്വാലിഹ് 19 ന് വിദേശത്തേക്ക് കടന്നുവെന്നും ഇർഷാദിൻ്റെ മരണം ഉറപ്പാക്കിയതിന് ശേഷമെന്ന് പോയത് പൊലീസ് പറഞ്ഞു.

സ്വര്‍ണം ഷമീര്‍ എന്നയാള്‍ക്ക് കൈമാറിയെന്നാണ് ഇര്‍ഷാദ് ബന്ധുക്കളെ അറിയിച്ചിരുന്നത്. പരാതി നല്‍കാന്‍ വൈകിയത് ഭയം കാരണമാണെന്നും ഇര്‍ഷാദിന്റെ ജീവന്‍ തന്നെ ഭീഷണിയിലാണെന്നും ബന്ധുക്കള്‍ പറയുന്നു. തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ കൈകള്‍ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് ലഭിച്ചതോടെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ദുബായിലായിരുന്ന ഇര്‍ഷാദ്, നാട്ടിലേക്ക് മടങ്ങിവരുമ്പോള്‍ കൊടുത്ത് വിട്ട സ്വര്‍ണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് സംഘം നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാസര്‍ എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പ്രദേശത്ത് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് നടന്ന വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

കേസിലെ മുഖ്യപ്രതി സ്വാലിഹിനെതിരെ പൊലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവാണ് സ്വര്‍ണക്കടത്ത് സംഘത്തിന് തട്ടികൊണ്ടുപോയ ഇര്‍ഷാദിനെ പരിചയപ്പെടുത്തി കൊടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പേരാമ്പ്ര എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

STORY HIGHLIGHTS: gold smuggling leader Swalih's threatening message to Irshad's family is out

Next Story

Popular Stories